കണ്ണൂര്‍ സര്‍വ്വകലാശാല അക്കാഡമിക് സ്റ്റഡീസ് ബോര്‍ഡംഗങ്ങളെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചയച്ചു. അയോഗ്യരായവരെ മാറ്റണമെന്ന നിര്‍ദേശത്തോടെയാണ് ഗവര്‍ണര്‍ പട്ടിക മടക്കിയത്. 72 പഠന ബോര്‍ഡുകളിലേക്ക് എണ്ണൂറിലേറെ അംഗങ്ങളെ നിയമിക്കാനുള്ള പട്ടികയാണിത്. ഇവരില്‍ 68 പേര്‍ക്ക് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചെന്നും പരാതിയുണ്ട്.
പുറങ്കടല്‍ വഴിയുള്ള ലഹരിക്കടത്തിനു പിറകില്‍ പാകിസ്ഥാനിലെ ഹാജി അലി നെറ്റ് വര്‍ക്ക് എന്ന മാഫിയ സംഘം. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ലഹരിവസ്തുക്കള്‍ ഉള്‍ക്കടലില്‍ മറ്റൊരു സംഘത്തിനു കൈമാറവേയാണ് പിടിയിലായത്. പിടിക്കപ്പെട്ട ഇറാനിയന്‍, പാക് പൗരന്മാരെ ചോദ്യം ചെയ്തപ്പോഴാണ് പാക് മാഫിയാ ബന്ധവും അഫ്ഗാന് ബന്ധവും വെളിപ്പെട്ടത്. 1,200 കോടി രൂപ വിലമതിക്കുന്ന 210 കിലോ ഹെറോയിനാണ് ഉരുവില്‍നിന്ന് പിടിച്ചെടുത്തത്.
മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്കാമോയെന്നു പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് നിയോഗിച്ചത്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളിലെ ദളിതര്‍ക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം നല്‍കണമെന്ന ആവശ്യം പഠിക്കാന്‍ കമ്മീഷന് രൂപീകരിക്കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് രവീന്ദ്രകുമാര്‍ ജയിന്, യുജിസി അംഗം ഡോ. സുഷ്മ എന്നിവര്‍ അംഗങ്ങളാണ്.
രാത്രി സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ നിരോധിക്കുന്നതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഗതാഗത കമ്മീഷണറുടെ വിശദീകരണം തേടി. നാലാഴ്ചക്കകം വിശദീകരണം വേണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പതു പേര് മരിച്ച വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജയിലില്‍ കഴിയുന്ന ബെലറൂസ് മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവര്ത്തകന് അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈന് മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം നേടിയത്. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്കാരം. ബെലാറൂസില്‍ മനുഷ്യാവകാശ കൂട്ടായ്മ രൂപീകരിച്ച് ഏകാധിപതി അലക്സാണ്ടര്‍ ലുകാഷെങ്കോയ്ക്കെതിരെ സമര പരമ്പരകള്‍ നയിച്ചതിനാണ് അലേയ്സ് ബിയാലിയറ്റ്സ്കിയെ ജയിലിലടച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കു ഭൂമി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. 11 ജില്ലകളിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളില്‍ 18 ഉദ്യോഗസ്ഥരുടേയും സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടേയും കാലാവധിയാണു നീട്ടി ഉത്തരവിറക്കിയത്.
വടക്കഞ്ചേരി അപകടത്തില്‍പെട്ട ടൂറിസ്റ്റു ബസിന്റെ ഉടമ കോട്ടയം പാമ്പാടി സ്വദേശി എസ്. അരുണ്‍ (30) അറസ്റ്റിലായി. ബസ് അമിത വേഗതയിലാണെന്ന് 19 തവണ സന്ദേശം അയച്ചിട്ടും അവഗണിച്ചെന്നും ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്.
സംസ്ഥാനത്ത് ഇന്നലെ 134 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. മോട്ടോര്‍ വാഹനവകുപ്പു നടത്തിയ പരിശോധനകളിലായി 2.16 ലക്ഷം രൂപ പിഴ ഈടാക്കി.
നിയമ ലംഘനമുള്ള ബസുകള്‍ പിടികൂടാന്‍ ഇന്നു മുതല്‍ ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവ്. ഈ മാസം 16 വരെ മോട്ടോര്‍ വാഹന വകുപ്പാണ് പരിശോധന നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിനു പിറകേ നിയമനടപടികളും പരിശോധനകളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലൈന്‍ ട്രാഫിക് സംവിധാനം നടപ്പാക്കണമെന്ന് ഹൈക്കോടതി. റോഡിലെ നിയമ ലംഘനങ്ങളില്‍ കടുത്ത നടപടിവേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കോടതിയില്‍ ഹാജരായ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു.
വടക്കഞ്ചേരിയില്‍ ഉണ്ടായ ബസപകടത്തില്‍ മരണമടഞ്ഞ മൂന്നു കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആക്ട് അനുസരിച്ച് യാത്രക്കാര്‍ക്ക് നല്കുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്.
ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തിലൂടെ മഞ്ഞപ്പട അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 82 ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന് താരം ഇവാന് കലിയുസ്നിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. 87 ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അലക്സ് ലിമയ ഒരു ഗോള്‍ മടക്കി. രണ്ടു മിനിറ്റിനകം ഇവാന് കലിയുസ്നി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നേടി സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ആവേശത്തിലാറാടിച്ചു.