Untitled design 20250222 135156 0000

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും സംബന്ധിച്ചുള്ള ചർച്ച നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യുന്നു. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി ലഭിച്ചു. അതീവ ഗൗരവമുള്ള സാമൂഹ്യ വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചർച്ചക്ക് തയ്യാറായ സർക്കാരിനെ സ്പീക്കർ അഭിനന്ദിച്ചു.

 

 

 

രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ലഹരിയാണെന്നും നമ്മുടെ കുഞ്ഞുങ്ങൾ ലഹരിക്ക് അടിമകൾ ആകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നുവെന്നും വിപത്തിനെ നേരിടാൻ ഒരുമിക്കണമെന്നും പറഞ്ഞ ചെന്നിത്തല സര്‍ക്കാരിനെയും കുറ്റപ്പെടുത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റർ സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

 

 

നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്നും, പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാൽ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കൂടാതെ കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചോദിച്ചു.

 

 

 

 

 

സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ സഭയിൽ പറഞ്ഞു. കേരളത്തിൽ നടക്കുന്ന 50 കൊലപാതങ്ങളിൽ 30 എണ്ണവും ലഹരികൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം യഥേഷ്ടം നടക്കുമ്പോഴും പക്ഷേ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്നും ലഹരി മാഫിയകളിലെ വലിയ തിമിംഗലങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോൺ തുറന്നടിച്ചു.

 

 

 

 

ആശ വർക്കർമാർക് രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരളമാണെന്ന് നിയമസഭയിലും ആവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എൻഎച്ച്എം പദ്ധതിയിൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടേണ്ട 600 കോടി കിട്ടാൻ പ്രതിപക്ഷം കൂടി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാരുടെ നിയമസഭാ മാർച്ച് നടക്കാനാരിക്കെ ഭരണപക്ഷമാണ് ഇന്ന് വിഷയം ശ്രദ്ധക്ഷണിക്കലായി സഭയിൽ കൊണ്ടുവന്നത്.

 

 

 

ആശാവർക്കർമാരുടെ സമരത്തിന് പിന്നിൽ എസ്യുസിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സുരേഷ് ഗോപി സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ന്യായമായ ഒരു സമരത്തിനും സിപിഎം എതിരല്ലെന്നും കുടയല്ല കേന്ദ്രത്തിൽ നിന്ന് കാശാണ് വാങ്ങിക്കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം.

 

 

 

സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയിൽ ആകുമെന്ന് ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെകെ രമ പറഞ്ഞു. ഇവിടെ ഒരു സമരത്തിന് സിപിഎമ്മിന്റെ തിട്ടൂരം വേണ്ടെന്നും അവരുടെ മുദ്രാവാക്യം ഏറ്റെടുക്കാനല്ല സമരമെന്നും അവർ പറഞ്ഞു. ഏത് ആശമാർക്കാണ് ഇവിടെ 13000 രൂപ കിട്ടുന്നതെന്നും മന്ത്രി പച്ചക്കള്ളം പറയുകയാണെന്നും, മുഖ്യമന്ത്രി സമരം ചെയ്യുന്ന ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിക്കണമെന്നും രമ പറഞ്ഞു.

 

 

കേരളത്തിൽ നിന്ന് കയറധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കുന്ന മെഷീനുകൾ വെനസ്വേല വാങ്ങിയതായി മന്ത്രി പി രാജീവ്. കേരളത്തിൽ നിർമ്മിച്ച വിവിധതരം മെഷീനുകൾക്കാണ് വെനസ്വേലയിൽ നിന്ന് കയർ മെഷീൻ മാനുഫാക്ചറിങ് കോർപ്പറേഷന് ഓർഡർ ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

 

 

സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. ആകെ 2980 കേന്ദ്രങ്ങളിലായാണ് കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലും ഏറ്റവും കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലുമാണ്.

 

 

 

 

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

 

 

 

 

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം.

 

 

 

കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്നും കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും അവർ പറഞ്ഞു.

 

 

 

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനുപിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ. എല്ലാപ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം, അനീതി കണ്‍കുളിര്‍ക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആര്‍ജ്ജവവും അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ ചെയ്യും’ എന്ന ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്റെ വരികളും ചിത്രവുമാണ് ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

 

 

 

യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്.

 

 

 

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളിൽ ഒരാളുടെ പിതാവ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രതികളും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നും പുറത്തുവന്നിട്ടുണ്ട്.

 

 

 

താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി കെഇ ബൈജു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മർദിച്ചവരുടെ ആലോചനയെന്നും കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയിൽ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് മേധാവി പറഞ്ഞു.

 

 

 

 

മകൻ്റെ മരണത്തിൽ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് താമരശ്ശേരിയിൽ മർദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. പരീക്ഷ എഴുതാൻ അവസരം നൽകിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണെന്നും, പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

സഹപാഠികളുടെ മർദനത്തിൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ ആലോചന. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പ്രതിഷേധം കനക്കുകയായിരുന്നു.

 

 

 

 

 

കോണ്‍ഗ്രസ് നേതാവായ അധ്യാപകൻ സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായി മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നൽകിയത്. സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി.

 

 

 

 

 

പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോർജ് പി. എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും അതിൽ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ വിവരിക്കുന്നതായി പൊലീസ് അറിയിച്ചു.

 

 

 

പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നുവെന്നും അത് ബൈജു കണ്ടെത്തുകയും വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും പ്രതി മൊഴി നൽകി. തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടാവുകയും അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയും അവിടെ വെച്ച് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തുകയുമാണുണ്ടായത്.

 

 

 

 

 

 

ജോർദാനിൽ വെടിയേറ്റ് മരിച്ച തോമസ് ഗബ്രിയേൽ പേരേരയുടെ മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തിൽ എംബസി അറിയിച്ചു. എന്നാൽ മൃതദേഹം ജോർദാനിൽ നിന്ന് നാട്ടിൽ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നൽകി.

 

 

 

ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് താൻ ഏജന്റ് അല്ലെന്നും ജോർദാനിൽ ജോലി ചെയ്യുകയാണെന്നും ബിജു ജലാസ് പറഞ്ഞു. ജോർദാനിൽ ജോലി തരപ്പെടുത്തി നൽകണം എന്ന് തോമസ് ഗബ്രിയേലാണ് ആവശ്യപ്പെടുന്നതെന്നും പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിനും ഹോട്ടൽ ബുക്കിംഗിനുമാണെന്നും ബിജു ജലാസ് പറഞ്ഞു. സ്വന്തം താത്പര്യപ്രകാരമാണ് ഇവർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത് എന്ന് എഴുതി വാങ്ങിയിരുന്നുവെന്നും പിന്നെയാണ് അപകടവിവരം അറിഞ്ഞതെന്നും ബിജു പറഞ്ഞു.

 

 

വണ്ടാഴിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണ കുമാർ (50) ആണ് വെടിയേറ്റ് മരിച്ചത്. എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് വീട്ടിലെത്തിയതെന്നാണ് വിവരം.

 

 

 

 

97-ാമത് ഓസ്കർ അവാ‍ർഡുകളില്‍ തിളങ്ങുന്ന വിജയം നേടി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ വാങ്ങിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്.

 

 

 

 

 

ഓസ്കർ അവാ‍ർഡുകളില്‍ അനോറയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയും, അഡ്രിയൻ ബ്രോഡി ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുമായി. ഡാനിയല്‍ ബ്ലൂംബെര്‍ഗിലൂടെ മികച്ച സംഗീതത്തിനുള്ള പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. മികച്ച ഛായഗ്രാഹകനുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്.

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയ എമിലിയ പെരെസിന് സോയി സാൽഡാന വഴി സഹനടി പുരസ്കാരവും മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രമായി ഐ ആം സ്റ്റില്‍ ഹീയര്‍ എന്ന ബ്രസീലിയന്‍ ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

 

 

തൊണ്ണൂറ്റിയേഴാമത് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് നിരാശ. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തില്‍ മാത്രമായിരുന്നു ഇന്ത്യക്ക് നാമനിര്‍ദ്ദേശം ഉണ്ടായിരുന്നത്. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്കായിരുന്നു ഓസ്‍കർ നാമനിർദ്ദേശം. എന്നാല്‍ അനുജയ്‍ക്ക് ഓസ്‍കറില്‍ തിളങ്ങാനായില്ല. അയാം നോട്ട് റോബോട്ടിനാണ് ഈ വിഭാഗത്തില്‍ പുരസ്‍കാരം.

 

 

 

 

 

 

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്‍റെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബഹാദുർഗഡ് സ്വദേശിയും ഹിമാനി നർവാളിന്‍റെ സുഹൃത്തുമായിരുന്ന യുവാവാണ് അറസ്റ്റിലായതെന്നാണ് പ്രാഥമിക വിവരം. ഹിമാനിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്.

 

 

 

 

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിം​ഗ് അല്ലെന്നും ഷമ വിശദീകരിച്ചു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശ‌ർമ്മ തടി അൽപം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറ‌ഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നത്.

 

 

 

 

 

 

ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ ഉദ്യോഗസ്ഥർ ഇങ്ങിയപ്പോൾ ഒറ്റ ദിവസം കൊണ്ട് പിഴ ലഭിച്ചത് 1859 പേർക്കെന്ന് റിപ്പോർട്ട്. ആകെ 9.6 ലക്ഷം രൂപ ഇങ്ങനെ പിഴ ഈടാക്കിയെന്ന് ബംഗളുരു ട്രാഫിക് പൊലീസ് അറിയിച്ചു.

 

 

 

റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്.

 

 

 

 

 

 

റമദാൻ മാസത്തിൽ കുവൈത്തിന്റെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത വകുപ്പ്. പുതിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി. തിരക്കേറിയ സമയങ്ങളിൽ സുഗമമായ ​ഗതാ​ഗതം ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *