Untitled design 20250222 135156 0000

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിത പ്രവർത്തകരുമായി പൊലീസ് വാക്കേറ്റവുമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല.

 

ആശാവർക്കർമാർ 17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് കേരള സർക്കാരിനോട് എഴുത്തുകാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ആരോഗ്യപരിപാലനരംഗത്ത് ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവർക്കർമാരെന്നും അവരോട് ഒരു നിമിഷം വൈകാതെ ചർച്ച ആരംഭിക്കണമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും എഴുത്തുകാര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യർത്ഥിച്ചു.

 

പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ഹൈകോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ നല്‍കണമെന്നും സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

കെ പി സി സി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും. അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ട് തൽക്കാലം പരിഗണിക്കില്ലെന്നാണ് വിവരം. എന്നാൽ വർക്കിംഗ് പ്രസിഡന‍റ് പദവിയില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന. കേരളനേതാക്കളുടെ യോഗം നാളെ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്ത് ചേരും.

 

കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്ന വാദവുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പക്ഷം.

 

പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാർ. ദന്തരോഗ വിഭാഗത്തിൽ 4 പോസ്റ്റുകളാണ് ഉള്ളത് ഇതിൽ 4 പേർക്ക് പുറമെ അനുമതിയില്ലാതെ 3 പേരെ നിയമിച്ചുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു. നിശ്ചിത യോഗ്യതയില്ലാത്ത ആളെ സൂപ്രണ്ടായി നിയമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

2024- 25 ബജറ്റിൽ 1.50 കോടി രൂപയാണ് സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിനായി വകയിരുത്തിയത് എന്നാൽ ധനവകുപ്പ് ഇത് 65 ലക്ഷമായി വെട്ടിച്ചുരുക്കി. പദ്ധതിക്കായി അനുവദിച്ചതിന്റെ 56.67 ശതമാനം വെട്ടി കുറച്ചു. സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ദിക്കുന്നുവെന്ന കണക്കുകൾ പുറത്ത് വരുമ്പോഴാണ് ധനവകുപ്പ് ലഹരിവിരുദ്ധ ക്യാമ്പയിനിനായിട്ടുള്ള തുക വെട്ടിക്കുറച്ചത്.

 

കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍റിങ് സെന്‍ററുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

 

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് പാങ്ങോട് പൊലീസ് രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം.

 

 

മലപ്പുറം ചുങ്കത്തറയിലെ അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച പഞ്ചയാത്തംഗം നുസൈക്ക് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനാണ് സി.പി.എം ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്‍റെ ഭീഷണി. അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്.

 

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിലെ കസേര, മേശ, എസി, കമ്പ്യൂട്ടർ തുടങ്ങിയവ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച കമ്പനി ബിൽ തുക കിട്ടാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ, എംഎസ്എംഇ ഫെസിലിറ്റേഷൻ കൗൺസിൽ റെയിൽവേ സ്വകാര്യ കമ്പനിക്ക് തുക നൽകണമെന്ന് ഉത്തരവിട്ടിരുന്നു.

 

സമരത്തിനു മുൻപ് സമവായ ചർച്ചയ്ക്ക് സിനിമാ സംഘടനകൾ. സംഘടനകൾ സംയുക്തമായി സർക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. ആന്റണി പെരുമ്പാവൂരിന് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കേരള ഫിലിം ചേംമ്പർ അറിയിച്ചു.

 

കൂടലിൽ 14 കാരനെ മർദ്ദിച്ച സംഭവത്തിൽ അച്ഛൻ രാജേഷ് കുമാർ അറസ്റ്റിൽ. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിച്ചുവെന്നും എഫ് ഐ ആറിലുണ്ട്. ജുവനയിൽ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകൾ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

 

സ്കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ചെവി മുറിഞ്ഞു പോയ വിദ്യാര്‍ഥിക്ക് അധ്യാപകര്‍ ചികിത്സ വൈകിച്ചെന്ന് പരാതി. കുന്നംകുളം മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റലിലെ താമസക്കാരനായ പ്ലസ് ടു വിദ്യാര്‍ഥിയുടെ കുടുംബമാണ് പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിച്ചത്.

 

മുട്ടില്‍ മരംമുറി കേസില്‍ മുറിച്ചു കടത്തിയ മരങ്ങളില്‍ പകുതിക്കും പിഴ നിശ്ചയിക്കാതെ റവന്യൂ വകുപ്പ്. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളില്‍ നിന്ന് അനധികൃതമായി ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസിലാണ് ഈ അലംഭാവം. 2020 ഒക്ടോബര്‍ 24 ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിന്‍റെ മറവിലായിരുന്നു മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടിമുറി നടന്നത്. അനധികൃത മരംമുറിയില്‍ സര്‍ക്കാരിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.

 

 

സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ട പബ്ലിക്കേഷന്‍റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല. അവരുടെ സമരത്തെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ആശാവർക്കർമാർ സമൂഹത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് അവരുടെ ആവശ്യങ്ങൾ ഉദാരമായി പരിഗണിക്കുകയും അവരുടെ പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം കാണുകയും വേണം എന്ന ഉറച്ച അഭിപ്രായമാണ് തനിക്കുള്ളതെന്നും ഡോ: രോഹിത് പറഞ്ഞു.

 

പാലക്കാട് ഷാപ്പിൽ നിന്നും പരിശോധനയ്ക്കെടുത്ത കള്ളിൽ മായം. ചിറ്റൂർ റേഞ്ചിൽഎക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിലാണ് കഫ് സിറപ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളിൽ നിന്നാണ് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

 

 

കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പാടുപെട്ടത്. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി റോഡ‍് വൃത്തിയാക്കി.

 

വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങൾക്ക് കഴിക്കാൻ നൽകണമെന്ന് സിപിഐ പാലക്കാട്‌ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍. കാട്ടുപന്നി ഇറച്ചി കഴിക്കുന്നവർ നിരവധിയുണ്ടെന്നും പിടിക്കുന്ന പന്നികളുടെ ഇറച്ചി വിൽക്കട്ടെയെന്നും മണികണ്ഠൻ പറഞ്ഞു. ഇറച്ചി വേണ്ടവർ വാങ്ങി കഴിക്കട്ടെയെന്നും വിറ്റാൽ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും എന്തിനാണ് കുഴിച്ചിടാൻ പോകുന്നതെന്നും മണികണ്ഠൻ പറഞ്ഞു.

മകൻ ലഹരി കേസിൽ അറസ്റ്റിൽ ആയതിൽ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. തെറ്റ് മകൻ തിരിച്ചറിഞ്ഞുവെന്നും സംഭവത്തിൽ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മകനുമായി രണ്ടു മണിക്കൂറിലേറെ സമയം സംസാരിച്ചു വെന്നും അവൻ്റെ കൂട്ടുകാർ ഒരുപാട് പേർ ലഹരിക്ക് അടിമയായിരിക്കുകയാണ് എൻ്റെ മകനും അതിലുൾപ്പെട്ടു അത് എൻ്റെ കൂടെ തെറ്റാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

 

ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി മൗസ മെഹ്റിസിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

 

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.

 

സൗദി അറേബ്യയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് സുപ്രീം കോടതിയുടെ ആഹ്വാനം. ഇത് ദൃശ്യമാകുന്നവർ വിവരം സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട അതോറിറ്റികളെയോ അറിയിക്കുകയും വേണം. നാളെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നാണ് ഗോള ശാസ്ത്ര വിഭാഗം അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെ ദൃശ്യമായാൽ ശനിയാഴ്ച റമദാൻ ഒന്ന് ആയി കണക്കാക്കി വ്രതം ആരംഭിക്കും.

 

ദുബൈയില്‍ നിന്ന് പൂനെയിലേക്കെത്തിയ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് 4.01 ലക്ഷം ഡോളര്‍ (3.5 കോടി രൂപ) കസ്റ്റംസ് പിടിച്ചെടുത്തു. നോട്ട് ബുക്കുകളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കറന്‍സി. ഹവാല റാക്കറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ പിടിയിലായത്.

 

അമേരിക്കയിൽ സർക്കാർ ജീവനക്കരുടെ കൂട്ട പിരിച്ചുവിടൽ തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പരിഷ്കരണ നടപടികൾ അനിവാര്യമാണെന്നും , റഷ്യ യുക്രൈൻ സമാധാന കരാർ നടപ്പാക്കുക എളുപ്പമല്ലെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം ട്രംപ് വ്യക്തമാക്കി. അതേ സമയം യുക്രൈൻ പ്രസിഡൻറ് വ്ലോദിമർ സെലെൻസ്‌കി നാളെ വാഷിംഗ്ടണിലെത്തും.

 

മഹാകുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നുമാണ് യു പി സര്‍ക്കാരിന്റെ കണക്ക്. അതോടൊപ്പം മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖര്‍ പറയുന്നതനുസരിച്ച് ചരക്കുകളിലൂടെയും സേവനങ്ങളിലൂടെയും 3 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ഇത് അടുത്തിടെയുണ്ടായ ഫിനാന്‍ഷ്യല്‍ ഇവന്റുകളില്‍ ഏറ്റവും വലുതാണ്. മഹാകുംഭമേള സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

 

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള അവസാനിച്ചതിന് പിന്നാലെ ഭക്തര്‍ക്കുള്ള സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന്റെ മഹായാഗം പൂര്‍ത്തിയായതായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. തീര്‍ഥാടന വേളയില്‍ ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സത്യസന്ധതയില്ലാത്ത എഴുത്തുകാര്‍ക്കെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കുമെന്നും അതിനെതിരെ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കണം അത് രാജ്യത്തിനുള്ള സേവനമായിരിക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കന്നിക്കിരീടത്തിനായിറങ്ങിയ കേരളം രണ്ടാംദിനം ഉജ്ജ്വലപ്രകടനം കാഴ്ചവെച്ചു. ഇന്നലെ നാലു വിക്കറ്റുകൾ നേടിയ കേരളം ഇന്ന് ശേഷിച്ച ആറുവിക്കറ്റുകൾക്കൂടി എടുത്തു. 379 റൺസ് ചേർക്കുന്നതിനിടെ പത്തുപേരും പുറത്തായി. വ്യാഴാഴ്ച 125 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് വിദര്‍ഭയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടമായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *