അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുതിച്ചുയര്‍ന്ന ക്രിപ്റ്റോ കറന്‍സി വിപണിയില്‍ കടുത്ത മാന്ദ്യം. വിവിധ ക്രിപ്റ്റോകളുടെ മൂല്യം നിരന്തരം ഇടിയുകയാണ്. പ്രമുഖ ക്രിപ്റ്റോകളായ ബിറ്റ്കോയിന്, ഈഥര്‍, സൊളാന, ഡോഗ്കോയിന് തുടങ്ങിയവയുടെ മൂല്യം കുറഞ്ഞു. ക്രിപ്റ്റോ വിപണിയില്‍ ഇന്നും കനത്ത തകര്‍ച്ചയാണുണ്ടായത്. മാര്‍ച്ച് 4 മുതല്‍ മെക്സിക്കോക്കും കാനഡക്കും മേല്‍ യുഎസ് താരിഫ് ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാണ് വിപണിയെ ഇടിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഒരു ലക്ഷം ഡോളര്‍ കടന്ന ബിറ്റ് കോയിന് ഇന്നലെ 90,000 ഡോളറില്‍ താഴെയെത്തി. ക്രിപ്റ്റോ വിപണിയില്‍ എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വിപണി മൂല്യം 230 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതായാണ് കണക്കാക്കുന്നത്. ഈഥര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. സോളാന ഏകദേശം 15 ശതമാനവും ഡോഗ്കോയിന് ഏകദേശം 13 ശതമാനം ഇടിവ് നേരിട്ടു. കോയിന്‍ബേസ് ഗ്ലോബല്‍ തുടര്‍ച്ചയായി ആറ് ദിവസത്തേക്ക് നഷ്ടം നേരിട്ടു. മൈക്രോ സ്ട്രാറ്റജി 5.7 ശതമാനം ഇടിഞ്ഞ് ഏറ്റവും കുറഞ്ഞ നിലയില്‍ എത്തി. ബിറ്റ്കോയിന് മൈനിംഗ് കമ്പനിയായ മാര ഹോള്‍ഡിംഗ്സ് കഴിഞ്ഞയാഴ്ച 13 ശതമാനം ഇടിവാണ് നേരിട്ടത്.
ക്രിപ്റ്റോ കറന്‍സി വിപണിയില്‍ കനത്ത തകര്‍ച്ച
