അബൂദബി ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാര്‍ഷിക കണക്കെടുപ്പില്‍ ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 4.7 വര്‍ധനവുണ്ടായപ്പോള്‍ ലാഭ വര്‍ധന 12.6 ശതമാനമാണ്. 760 കോടി ഡോളറിന്റെ (66,500 കോടി രൂപ) വരുമാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഗള്‍ഫ് രാജ്യങ്ങളിലെ 250 ലുലു സ്റ്റോറുകളില്‍ നിന്നുള്ള മൊത്ത വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 16,600 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.8 ശതമാനം വര്‍ധന. നാലാം പാദത്തിലെ അറ്റാദായ മാര്‍ജിന്‍ 3.4 ശതമാനമാണ്. 2024 ല്‍ പുതിയ 21 സ്റ്റോറുകളാണ് തുറന്നത്. നാലാം പാദത്തില്‍ മാത്രം 9 പുതിയ സ്റ്റോറുകള്‍. കമ്പനിയുടെ സ്വന്തം ലേബല്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് മൊത്ത വരുമാനത്തിന്റെ 29.9 ശതമാനം. ഇ- കൊമേഴ്സ് വില്‍പ്പയില്‍ 70 ശതമാനം വളര്‍ച്ചയുണ്ടായി. റീട്ടെയില്‍ വില്‍പ്പനയില്‍ 4.5 ശതമാനവും. ലുലു റീട്ടെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡ് 735 കോടി രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു. ഓരോ ഓഹരിക്കും 3 ഫില്‍സ് വീതമാണ് ഡിവിഡന്റ്. അബൂദബി സ്റ്റോക്ക് എക്ചേഞ്ചില്‍ 1.66 ദിര്‍ഹത്തിന് (39 രൂപ) ട്രേഡിംഗ് നടക്കുന്ന ലുലുവിന്റെ ഓരോ ഓഹരിക്കും 80 പൈസയോളമാണ് ഡിവിഡന്റ്. 85 ശതമാനമാണ് പേഔട്ട് അനുപാതം. 2024 നവംബറില്‍ അബൂദബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഐപിഒയിലൂടെ 1.72 ബില്യണ്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്.