election 3

തെരഞ്ഞെടുപ്പിനു വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്‌ക്കേണ്ട തുക, പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ വിവരങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ച് അനുമതി നേടിയശേഷമേ വോട്ടര്‍മാര്‍ക്കു വാഗ്ദാനം നല്‍കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം. ആവശ്യമായ നിയമ ഭേദഗതിക്കും നീക്കമുണ്ട്. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാടെടുത്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് വരവേല്‍പ്. നേതാക്കളാരും എത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ധാരാളം എത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നു. സാധാരണ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തിയെന്ന് തരൂര്‍ പറഞ്ഞു. മാറ്റം വേണമെന്നാണ് പൊതുവേയുള്ള പ്രതികരണം. മത്സരം പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും തരൂര്‍.

ഫിസിക്‌സ് നോബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിടും. ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്‌പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ് ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങര്‍ക്കുമാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം.

പഴക്കടയില്‍നിന്നു മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരനെതിരേ കേസ്. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നു മാമ്പഴം മോഷണം പോയ സംഭവത്തില്‍ സിസിടിവിയിലൂടെയാണ് കള്ളന്‍ പൊലീസാണെന്ന് വ്യക്തമായത്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി.വി. ഷിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.

വിതുരയ്ക്ക് സമീപം കല്ലാറിലെ വട്ടക്കയത്തിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. ബീമാപള്ളി സ്വദേശികളായ സഫാന്‍ (16), ഫിറോസ്(30), ജവാദ് (35) എന്നിവരാണ് മരിച്ചത്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. ഒപ്പമുണ്ടായിരുന്ന ഇരുപതുകാരിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടിയതാണ് മൂന്ന് പേരും.

നാളെ വിജയദശമി. ക്ഷേത്രങ്ങളില്‍ വിദ്യാരംഭം. വിപുലമായ ക്രമീകരണങ്ങളാണ് എഴുത്തിനിരുത്തലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയേറ്റില്‍ നിരാഹാര സമരം ആരംഭിച്ച് അവശനിലയിലായ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റു ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും പൊലീസ്.

തെരുവുനായ പ്രശ്‌നം കൊന്നൊടുക്കി പരിഹരിക്കാനാവില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പട്ടിയെ കൊല്ലുന്നത് നിയമ വിരുദ്ധമായതിനാല്‍ നിയമപരമായി നേരിടും. ശാസ്ത്രീയമായ പരിഹാരമാണു വേണ്ടതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ്.

പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വയോധിക വെട്ടേറ്റു മരിച്ചു. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരി (68) യാണു മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 218.80 കോടി കോവിഡ് വാക്‌സിനുകളുടെ നല്‍കി. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 നാണ് ആരംഭിച്ചത്. ഇതുവരെ 4.10 കോടിയിലേറെ കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി.

ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടര്‍ന്ന് പത്തു പര്‍വതാരോഹകര്‍ ഉത്തരാഖണ്ഡില്‍ മരിച്ചു. ഇരുപതു പേര്‍ കുടുങ്ങിക്കിടക്കുന്നു. എട്ടു പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ജവഹര്‍ലാല്‍ നെഹ്‌റു മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *