നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു വയനാടന്‍ പ്രണയകഥ’യുടെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളില്‍ മുരളി അപ്പാടത്ത് സംഗീതം നല്‍കിയ ഗാനത്തില്‍ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ആണ് കൗമാരക്കാരില്‍ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്‌ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്.