സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനില്‍’ പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും. ‘പാപ്പന്’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘ഒറ്റക്കൊമ്പന്’. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രത്തിനൊപ്പമുള്ള വേഷത്തിലാകും ഗോകുലും എത്തുക. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ‘ഒറ്റക്കൊമ്പന്’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന യഥാര്‍ഥ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഒറ്റക്കൊമ്പന്’ ഒരുക്കുന്നത്. സുരേഷ് ഗോപിയാണ് ഈ മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്, കബീര്‍ ദുവാന് സിങ്, മേഘന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.