നിയമസഭയിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.
കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു. മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
ആര്‍എസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പഴയ നേതാക്കളായാലും ഇപ്പോഴത്തെ നേതാക്കളായാലും അങ്ങനെ തന്നെ. ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തങ്ങള്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം ലഭിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതിൽ അപ്രായോഗികതയുണ്ടെന്ന് സർക്കാർ. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉൾപ്പെടെയുളളവ പരിഗണിക്കണം. ജില്ലാ തല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണം. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ കസേര തര്‍ക്കം തുടരും. കോഴിക്കോട് ഡിഎംഒയായി ഡോക്ടര്‍ ആശാദേവിക്ക് വീണ്ടും നിയമനം നല്‍കിയതടക്കമുള്ള ആരോഗ്യ വകുപ്പിന്‍റെ സ്ഥലം മാറ്റ ഉത്തരവ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഡോക്ടര്‍ രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും. കൊല്ലത്തേക്ക് സ്ഥലം മാറ്റപ്പെട്ട കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പീയൂഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്‍റെ നടപടി.
കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് കേരള കോണ്‍ഗ്രസിനെ ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടത് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കാനാണ് വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഉപക്ഷേപത്തിനിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിനെയും കേരളാ കോണ്‍ഗ്രസിനെയും ക്ഷണിച്ചത്.
വയനാട് ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. എൻ എം വിജയൻ കെപിസിസി പ്രസിഡന്‍റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശകത്തും സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.
കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു എന്തോ കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നൽകിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാലക്കാട് കഞ്ചിക്കാേട്ടെ ബ്രൂവറിയിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്നു ഭയമുള്ളതിനാലാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിനെ സിപിഎമ്മും പിണറായി സര്‍ക്കാരും എതിര്‍ക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിപി ദിവ്യയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിലെ പ്രതി എന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം ഭൂപ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. മൂന്നാമത്തെ ഹിയറിങ്ങാണ് വ്യാഴാഴ്ച കഴിഞ്ഞത്. വഖഫ് ബോര്‍ഡ്, മുനമ്പം ഭൂസംരക്ഷണ സമിതി, വിവിധ സംഘടനകള്‍ കമ്മിഷന് മുമ്പാകെ ഹാജരായി.
2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് Act, 2013 – POSH Act) പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് സ്വീകരണം. മൂവാറ്റുപുഴ സബ് ജയിലിന് മുന്നിലാണ് സിപിഎം പ്രവർത്തകർ പ്രതികൾക്ക് സ്വീകരണം നൽകിയത്. മുദ്രാവാക്യം വിളിച്ചും രക്തഹാരമണിയിച്ചുമാണ് 4 പ്രതികളെയും പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്. മൂവാറ്റുപുഴ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകരാണ് സബ് ജയിലിന് മുന്നിലെത്തിയത്.
വാങ്ങിയ ഷെയറുകൾ കുതിച്ചുയരാൻ ഇൻസ്റ്റഗ്രാം ആൾദൈവത്തിന്റെ അനുഗ്രഹം. 38കാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ. ബെംഗളൂരുവിലാണ് തട്ടിപ്പ്.മോഷണം, ആൾമാറാട്ടം, ഐടി ആക്ട്, വഞ്ചന അടക്കമുള്ള വകുപ്പുകളാണ് തട്ടിപ്പ് സംഘത്തിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ മടങ്ങി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാൻ എത്തിയ ഹരീഷിനോട് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ഇനിയൊന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് അധികൃതർ പറഞ്ഞത്.
രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.
ഇൻഡൊനീഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ സായ് രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നും പുറത്ത്. പുരുഷ ഡബിൾസിൽ നാലാം സീഡുകാരായ സാത്വിക് -ചിരാഗ് സഖ്യം തായ്ലൻഡിന്റെ കെദ്രൻ-ഡെച്ചപോൾ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്.
അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ. ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 60 റൺസിന്റെ ഉജ്ജ്വല വിജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ, ഗ്രൂപ്പിലെ ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പർ സിക്സ് മത്സരങ്ങൾക്ക് യോഗ്യതനേടി.
ജമ്മു കശ്മീരിലെ രജൗരിയില്‍ ദുരൂഹമരണത്തിലേക്ക് നയിച്ച രോഗബാധയ്ക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ലെന്നും ജൈവിക വിഷവസ്തുവിന്റെ സാന്നിധ്യമാണെന്നും പ്രാഥമിക പരിശോധനാഫലങ്ങളില്‍നിന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. വിഷവസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള വിശദമായ വിശകലനം പുരോഗമിക്കുകയാണെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു…