ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. 2023 ഒക്ടോബർ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. 1200ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 250ലേറെപ്പേർ ബന്ദികളാക്കപ്പെട്ടു. തുടർന്ന് ഇസ്രയേലും പ്രത്യാക്രമണം തുടങ്ങി. ഗാസ സിറ്റിയിൽ നിന്ന് ഒഴിഞ്ഞു പോവാൻ സാധാരണക്കാരോട് നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ തുടർച്ചയായ ആക്രമണങ്ങളുടേതായിരുന്നു. ലക്ഷ്യം ഹമാസിന്റെ ഒളിത്താവളങ്ങളായിരുന്നെങ്കിലും കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരായിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയടക്കം ആക്രമിക്കപ്പെട്ടു.ഒടുവിൽ ജനുവരി 15ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിക്കുകയും ഇന്ന് കരാർ പ്രാബല്യത്തിൽ വരികയും ചെയ്തു.