ബെല്‍ അമി | അദ്ധ്യായം 5 | രാജന്‍ തുവ്വാര
പ്രിന്‍സസ്, ലവേഴ്‌സ്, ഡിസാസ്റ്റേഴ്‌സ്
അതിരാവിലെ കോള്‍ബെല്‍ അടിക്കുന്നതാര് എന്ന ചോദ്യം മനസ്സില്‍ ചുറ്റിവെച്ച് ഞാന്‍ കോണിപ്പടികളിറങ്ങി താഴെ വരുന്ന സമയത്തുതന്നെ ചാരുമതി അടുക്കളയില്‍ നിന്ന് പുറത്തേക്ക് വന്നു. ഞാന്‍ വാതില്‍ക്കലേക്ക് നടക്കുന്നത് കണ്ടപ്പോള്‍ അവള്‍ അടുക്കളയിലേക്ക് പോയി. ഞാന്‍ ആ വലിയ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഒരു യൂറോപ്യന്‍ യുവതി എന്റെ മുന്നില്‍. എനിക്കെന്തെങ്കിലും ചോദിക്കാന്‍ അവസരം കിട്ടുന്നതിനുമുന്‍പ് അവള്‍ ചോദിച്ചു.
‘ചാരുമതി?’
‘ഇവിടെയുണ്ട്, നിങ്ങളാരാ?’
‘അവളുടെ കൂട്ടുകാരിയാണ്, ജൂഡിത്ത് മോര്‍ഗന്‍.’
ഞാനവളെ അകത്തേക്കാനയിച്ച് ഒരു കസേരയിലിരുത്തി. മുതുകിലെ സഞ്ചിയൂരി അവള്‍ നിലത്തുവെച്ചു.
ഞങ്ങളുടെ സംസാരം കേട്ട് ചാരുമതി പുറത്തേക്ക് വന്നു. അവളെ കണ്ടപ്പോള്‍ ജൂഡിത്ത് എഴുന്നേറ്റു.
ഇത്ര രാവിലെ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ജൂഡിത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
‘എന്റെ സുഹൃത്ത് മൈത്രി നഗറിലുണ്ട്. ഇന്നലെ രാത്രി അവിടെ താമസിച്ചു. ഇന്ന് രാവിലെ ഞാന്‍ ഇങ്ങോട്ട് പോന്നു.’
ചാരുമതി അതിഥിക്ക് ഒരു കപ്പ് ചായ നല്‍കി. അവള്‍ ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ അതിന് നന്ദി പറഞ്ഞു.
‘താങ്ക് യു. ഞങ്ങള്‍ പാല്‍ ചേര്‍ത്ത ചായ കുടിക്കുന്നത് ഇന്ത്യയില്‍ വരുമ്പോഴാണ്.’
‘ഇതിനുമുമ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ടോ?’ ഞാന്‍ ചോദിച്ചു.
‘ഉവ്വ്, ഒരുതവണ. ഫ്രഞ്ച് കള്‍ച്ചറല്‍ അക്കാദമി അയച്ച സംഘത്തില്‍ ഡെലിഗേറ്റായി. ഒമ്പതു വര്‍ഷം മുമ്പ്.’
ചാരുമതി അതിഥിക്ക് കുളിക്കാനും വസ്ത്രം മാറാനുമുള്ള ഏര്‍പ്പാട് ചെയ്തുകൊടുത്തു. ഒരുമണിക്കൂറിനകം അവള്‍ പ്രാതല്‍ തയ്യാറാക്കി.
ചാരുമതി താഴെനിന്ന് വിളിച്ചപ്പോള്‍ ഞാന്‍ ഇറങ്ങിച്ചെന്നു.
ഇടതു ഭാഗത്തെ കസേരയില്‍ ജൂഡിത്ത് ഇരിക്കുന്നു, ചാരുമതി പ്രാതലിനു മുന്നോടിയായി മേശപ്പുറത്തെ ചില്ല് ഗ്ലാസുകളില്‍ വെള്ളമൊഴിക്കുന്നു.
എന്നെ കണ്ടപ്പോള്‍ ജൂഡിത്ത് പുഞ്ചിരിച്ചു .
ഞാന്‍ ഏറ്റവും അറ്റത്തെ കസേരയിലിരുന്നു.
ചാരുമതി പ്‌ളേറ്റുകളിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി.
‘ഞങ്ങള്‍ ഇത്ര സ്‌പൈസി ആയ ഭക്ഷണം കഴിക്കാറില്ല’,
ജൂഡിത്ത് കറി തൊട്ട് നാവില്‍വെച്ചുകൊണ്ട് പറഞ്ഞു:
‘കാണുമ്പോള്‍ തന്നെ ഇത് സ്‌പൈസി ആണെന്ന് മനസ്സിലാവും.’
വിശപ്പുള്ളതിനാല്‍ നല്ല എരിവുണ്ടായിരുന്നിട്ടും ജൂഡിത്ത് ഭക്ഷണം ആസ്വദിച്ചു കഴിച്ചു.
പ്രാതലിനുശേഷം ചാരുമതി ജൂഡിത്തിനെ അവളുടെ ചിത്രങ്ങളും നോട്ട് ബുക്കുകളും കാണിച്ചു.
‘നീ ഇവിടെയാണോ സ്ഥിരമായി താമസിക്കുന്നത്?’
‘ഇപ്പോള്‍ ഇവിടെ സ്ഥിരമാണ്. പോവാന്‍ തല്ക്കാലം വേറെ സ്ഥലമില്ല.’
ചാരുമതി പറഞ്ഞു
‘ബീയോണ്ട് ദാറ്റ്, ദിസ് ഈസ് എ ഫന്റാസ്റ്റിക് പ്ലേസ്.’ ആ പ്രദേശത്തെക്കുറിച്ചുള്ള തന്റെ അസൂയ ജൂഡിത്ത് മറച്ചുവെച്ചില്ല.
‘അതുകൊണ്ടാണ് ഞാനിവിടെ പിടിച്ചുനില്ക്കുന്നത്. എ മാജിക്കലി ക്രിയേറ്റിവ് എന്‍വയോണ്‍മെന്റ്.’
‘ഹൗ ഈസ് ദിസ് മാന്‍?’
‘ഹി ഈസ് എ ജേണലിസ്റ്റ്. നൗ റണ്ണിംഗ് ഹിസ് ഓണ്‍ വെബ് പോര്‍ട്ടല്‍. ഹി ഈസ് എ പ്രൊളിഫിക് റൈറ്റര്‍ ടൂ. ദാറ്റ് ഈസ് മോസ്റ്റ് ചാമിങ്ങ് ന്യൂസ് ഏബൗട്ട് ഹിം.’
ജൂഡിത്ത് ചാരുമതിയുടെ സ്‌കെച്ച്ബുക്ക് കൈയ്യിലെടുത്ത് അവളുടെ സെല്‍ഫ് പോര്‍ട്രൈറ്റ് സ്‌കെച്ചുകള്‍ മറിച്ചു നോക്കികൊണ്ടിരുന്നു.
‘ഈ പോര്‍ട്രൈറ്റുകളില്‍ ഏതെങ്കിലും ഒരവയവത്തിന് മേദസ്സ് കൂട്ടി ഹാര്‍ഡ് ബ്രഷ് സ്‌ട്രോക്ക് കൊടുത്ത് നോക്ക്. ഗംഭീരമായിരിക്കും. അത് മാറിടമാകാം, നിതംബമാകാം, കാല്‍വണ്ണയാകാം.’
ചാരുമതിക്ക് അതിഥിയുടെ ചിത്രമെഴുത്തിലുള്ള സാങ്കേതിക വിജ്ഞാനത്തിലും പ്രതിഭയിലും അല്‍പ്പം അസൂയ തോന്നി, ആദരവും.
ദുബായിലെ എക്‌സിബിഷനില്‍ നാലു ചിത്രങ്ങള്‍ മാത്രമേ വിറ്റ് പോയുള്ളുവെന്ന് ജൂഡിത്ത് നിരാശ മറച്ചുവെക്കാതെ പറഞ്ഞു.അങ്ങനെയാണ് അവരുടെ സംഭാഷണം പുരോഗമിച്ചത്.
ചാരുമതി തന്റെ ആദ്യത്തെ എക്‌സിബിഷന്‍ വിജയിച്ചതിന്റെ ആഹ്ലാദം മറച്ചുപിടിച്ചില്ല..
‘്‌റൈറ്റര്‍ ഹെല്‍പ്പ്ഡ് മി എ ലോട്ട് ഫൊര്‍ ദാറ്റ്.’
‘ഓ.. ദാറ്റ് ഈസ് നൈസ് ടു ഹിയര്‍.’
തൊടിയും പരിസരവും നടന്നു കണ്ടപ്പോള്‍ ജൂഡിത്തിന് ആഹ്ലാദവും ആവേശവും അടക്കാനാവുന്നില്ല. പടര്‍ന്നു പന്തലിച്ച മാവില്‍ അണ്ണാന്‍ ചിലക്കുന്നത് കേട്ടപ്പോള്‍ അവളത് കളിയായി അനുകരിക്കാന്‍ ശ്രമിച്ചു. മുറ്റത്തും തൊടിയിലും കാറ്റ് മരങ്ങളെ തലോടിയപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ അവളെ ആഹ്ലാദിപ്പിച്ചു. മാവിന്റെ ചെങ്കല്‍ തറയില്‍ വന്നിരുന്നപ്പോള്‍ അവള്‍ ചാരുമതിയെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഉമ്മ നല്‍കിക്കൊണ്ട് പറഞ്ഞു.
‘വാട്ട് എ പെര്‍ഫെക്ട് പ്ലേസ് ഫോര്‍ ആര്‍ട്ടിസ്റ്റിക് മെഡിറ്റേഷന്‍.’
അത് പറയുമ്പോള്‍ ജൂഡിത്തിന്റെ കണ്ണുകളില്‍ ഒരു ആസക്തിക്കാരിയുടെ തിളക്കം ചാരുമതി കണ്ടു.
അങ്ങനെ അവര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ട് തൊടിയില്‍ നടക്കുന്ന നേരത്താണ് ടിം അവളെ വിളിച്ചത്. അവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ടിമ്മിനോട് പറയാതെ പോന്നതില്‍ അവന് ദേഷ്യം വന്നിരുന്നു. അതിന്റെപേരില്‍ അവന്‍ അവളുമായി കലഹിച്ചു.
‘ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, മിസ് ചാരുമതി?’
‘ചോദിക്ക്.’
‘ഞാന്‍ ഇവിടെ കുറച്ചു ദിവസം താമസിച്ചോട്ടെ?’
ചാരുമതി അതിഥിയില്‍നിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ക്ക് അതിന് എന്ത് മറുപടി നല്കണമെന്ന് അറിയില്ലായിരുന്നു.
‘ഇത് എന്റെ വീടല്ലെന്ന് നിനക്ക് മനസ്സിലായിക്കാണുമല്ലോ. ദിസ് ഹൗസ് ബിലോങ്‌സ് ടു ദി റൈറ്റര്‍. ഒരു സ്റ്റുഡിയോക്ക് അനുയോജ്യമായ ഇടമാണെന്ന് കണ്ടതുകൊണ്ട് ഞാന്‍ ഒരു ശിപാര്‍ശയിലൂടെ ഇവിടെ കയറിപ്പറ്റിയതാണ്. പേരിന് അദ്ദേഹത്തിന്റെ വെബ് പോര്‍ട്ടലിന്റെ ചെറിയ ചില ജോലികള്‍ ചെയ്ത് എന്റെ ചെലവും നടത്തുന്നു.’
‘ഇയാള്‍ നിന്റെ ബോയ്ഫ്രണ്ട് അല്ലേ, നീ പറഞ്ഞാല്‍…’
‘ബോയ്ഫ്രണ്ടോ?’
അവള്‍ പൊട്ടിച്ചിരിച്ചു.
‘എനിക്കദ്ദേഹത്തെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അദ്ദേഹത്തെ ഏതുവിധത്തിലാണ് ഞാനിഷ്ടപ്പെടുന്നതെന്നും എനിക്കറിഞ്ഞുകൂടാ. എങ്കിലും കുറച്ചുദിവസം നിനക്ക് ഇവിടെ താമസിക്കാന്‍ അനുവാദം തരാമോ എന്ന് ചോദിക്കാം.’
അവള്‍ ആഗ്രഹം വിടാത്തമട്ടില്‍ ചാരുമതിയുടെ കൈയില്‍ തൊട്ടുകൊണ്ട് പറഞ്ഞു:
‘പ്ലീസ്. എനിക്കിവിടം അത്രക്കിഷ്ടപ്പെട്ടു നിന്റെ കൂട്ടും. നമുക്കിവിടെ താമസിച്ചു കുറച്ചു ചിത്രങ്ങള്‍ ചെയ്യാം.’
അന്ന് രാത്രി എന്റെ മുറിയില്‍ വന്ന് ചാരുമതി ജൂഡിത്തിനെ കുറച്ചുദിവസം ഇവിടെ താമസിപ്പിച്ചോട്ടെ എന്ന് ചോദിച്ചു. ഇവള്‍ ആരാണ് എന്തൊക്കെയാണ് എന്നറിയാതെ എങ്ങനെ താമസിപ്പിക്കും എന്ന എന്റെ മറു ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ അവള്‍ വിഷമിച്ചു. അവള്‍ക്ക് സുഹൃത്തിന്റെ കൂടെ താമസിച്ചുകൂടെ എന്നായിരുന്നു എന്റെ സംശയം. ചാരുമതി ഒന്നും പറയാതെ താഴേക്കിറങ്ങിപ്പോയി. അവള്‍ക്ക് ജൂഡിത്തിനെ ഇവിടെ കുറച്ചു ദിവസം താമസിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ടെന്ന് തോന്നി.
ചാരുമതി അവളുടെ മുറിയില്‍ തന്നെയാണ് കിടക്കുന്നത്. ഞങ്ങള്‍ ഒരുതവണ ഒരുമിച്ചു ശയിച്ചുവെങ്കിലും ഞാന്‍ മുകളിലുള്ള എന്റെ മുറിയിലാണ് കിടക്കുന്നത്. എനിക്ക് ജോലിത്തിരക്കുണ്ടായിരുന്നതിനാല്‍ രണ്ട് തവണ മാത്രമേ ഞാന്‍ ജൂഡിത്തിനെ കണ്ടുള്ളു.
അന്നു രാത്രി ജൂഡിത്തും ചാരുമതിയും ഒരു കട്ടിലില്‍ ഉറങ്ങി. അവര്‍ തമ്മില്‍ പാതിരാവരെ സംസാരിച്ചു. ജൂഡിത്തിന് ഇന്ത്യയില്‍ ഒരു എക്‌സിബിഷന്‍ നടത്തിയാല്‍ കൊള്ളാമെന്നുണ്ട്. ബാംഗ്ലൂരില്‍ ചിത്രകലാസ്വാദകരുണ്ടെന്ന് കേട്ടപ്പോള്‍ എക്‌സിബിഷന്‍ ബാംഗ്ലൂരില്‍ തന്നെ നടത്തണമെന്നുണ്ടായിരുന്നു അവള്‍ക്ക്. ചാരുമതി തന്റെ എക്‌സിബിഷന്‍ അനുഭവം പങ്കുവെച്ചതോടെ ജൂഡിത്തിന് അവളുടെ ആഗ്രഹത്തില്‍നിന്ന് പിറകോട്ട് നീങ്ങാന്‍ വയ്യാതായി.
പിറ്റേന്ന് രാവിലെ ചാരുമതി ജൂഡിത്തിന്റെ ആഗ്രഹം എന്നോട് സൂചിപ്പിച്ചു. ചാരുവിന് എന്നോട് ആജ്ഞാപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ അവള്‍ എന്റെ അനുമതി പിടിച്ചെടുക്കുമായിരുന്നു.
ഞാന്‍ പറഞ്ഞു:
‘അവള്‍ക്ക് അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ നമുക്ക് സഹായിക്കാം. ഇവിടെ അവളെ താമസിപ്പിക്കുന്നതില്‍ എനിക്ക് വിരോധമുണ്ടായിട്ടല്ല, അത് നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുമോ എന്ന ആശങ്ക തോന്നുന്നതുകൊണ്ടാണ് ഞാന്‍ നേരത്തെ സമ്മതിക്കാതിരുന്നത്. എനിക്ക് തോന്നുന്നത് ഇവളൊരു അമിത ജീവിതക്കാരിയാണെന്നാണ്. ആന്‍ അനാര്‍ക്കിസ്റ്റ്.’
ചാരുമതി ഞാന്‍ പറഞ്ഞത് ഉള്‍ക്കൊണ്ടു. എങ്കിലും അവള്‍ക്ക് ഒരു കലാകാരിയോട്, അതും ഫ്രാന്‍സില്‍ നിന്നുളള ഒരു ചിത്രകാരിയോട് സ്വാഭാവികമായും തോന്നിയ ആദരവ് ഉപേക്ഷിക്കാന്‍ വയ്യായിരുന്നു.
‘സര്‍ ഞാന്‍ അവളുമായി സംസാരിച്ചോട്ടെ?’
‘ഓ… നീ സംസാരിക്കൂ. നിനക്ക് അത്രക്ക് ഇഷ്ടമാണെങ്കില്‍ ഞാന്‍ വിയോജിക്കില്ല. അവള്‍ക്ക് അത്രക്ക് ആഗ്രഹമുണ്ടെങ്കില്‍ അവളെന്താണ് എന്നോടിക്കാര്യം പറയാത്തത്?’
ഞാന്‍ അവസാനം പറഞ്ഞ വാക്കുകള്‍ അവള്‍ ആ ഫ്രഞ്ചുകാരിയോട് പറഞ്ഞിട്ടുണ്ടാകാം, അല്‍പ്പം കഴിഞ്ഞപ്പോള്‍ ജൂഡിത്ത് എന്റെ മുറിയിലേക്ക് വന്നു. അവളോട് ഞാന്‍ ഇരിക്കാന്‍ പറഞ്ഞു. അവള്‍ ഇരിക്കാതെ പറഞ്ഞു:
‘സോറി സര്‍. ഞാന്‍ നേരിട്ട് ചോദിക്കാതിരുന്നത് എന്റെ തെറ്റാണ്. ഞാന്‍ ഖേദിക്കുന്നു.’
‘അത് സാരമില്ല. എനിക്ക് എന്തും തുറന്നു പറയുന്നതാണിഷ്ടം. ഞാന്‍ കടുംപിടുത്തക്കാരനൊന്നുമല്ല. മുന്‍പ് ചാരുമതിയും ഞാന്‍ ശാഠ്യക്കാരനാണെന്നാണ് വിചാരിച്ചിരുന്നത്. നീ ഇവിടെ താമസിച്ചോളൂ. യഥാര്‍ത്ഥത്തില്‍ രണ്ടു മികച്ച ചിത്രകാരികള്‍ ഇവിടെ താമസിക്കുന്നത് എനിക്ക് ഒരു ബഹുമതിയാണ്…’
അതിനിടയിലേക്ക് ചാരുമതി കടന്നു വന്നു. അവള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി.
‘നീ പുറത്ത് നില്പുണ്ടായിരുന്നല്ലേ?’
ഞാന്‍ ചോദിച്ചു. അവള്‍ അതിന് ഉത്തരം പറയാതെ തല താഴ്ത്തി നിന്നു.
‘ഇപ്പോള്‍ ഇത് എന്റെ വീടല്ലാതായിരിക്കുന്നു, ആദ്യം ഒരു ചിത്രകാരി ഇവിടെ കുടിയേറി. ഇവിടത്തെ സഹവാസം തന്നെ മാറ്റിമറിച്ചുവെന്ന് അവള്‍ പറയുന്നു. ഇനി നിനക്കും മാറ്റത്തിനുള്ള ഹേതുവാകട്ടെ ഈ സ്ഥലം.’
ഞാന്‍ അങ്ങനെ പറയുമെന്ന് ചാരുമതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവളുടെ കണ്ണുകള്‍ പറഞ്ഞു.
‘നീ ഇവള്‍ക്ക് വലതുവശത്തെ മുറി വൃത്തിയാക്കിക്കൊടുക്ക്.’
ഞാന്‍ ചാരുമതിയോട് പറഞ്ഞു.
‘ആ സ്റ്റുഡിയോയില്‍നിന്ന് നല്ല ചിത്രങ്ങള്‍ തെളിഞ്ഞുവരട്ടെ.’
ഞാന്‍ പറഞ്ഞതുകേട്ട് ജൂഡിത്ത് ഞാന്‍ ഇരിക്കുന്നിടത്തേക്ക് ഓടിവന്ന് എന്നെ ആലിംഗനം ചെയ്തു. ഞാന്‍ ഒന്ന് പതറി. അവളുടെ വിയര്‍ത്ത കൈത്തണ്ടകള്‍ എന്റെ കഴുത്തില്‍ പൂട്ടിട്ടു. മാറിടം എന്റെ വയറ്റത്തമര്‍ന്നു.
‘എനിക്ക് ശരീരം കൊണ്ട് മാത്രമേ സ്‌നേഹം പ്രകടിപ്പിക്കാനറിയൂ, സര്‍. ഫ്രാന്‍സില്‍നിന്നുള്ള ഈ ചിത്രകാരിയുടെ രീതിശാസ്ത്രം ഇങ്ങനെയായിപ്പോയി സര്‍.’
ചാരുമതി വിളിക്കുന്നതുകേട്ട് എന്നോട് സംസാരിക്കുമ്പോഴെല്ലാം ഈ ഫ്രഞ്ചുകാരിയും സര്‍ എന്ന പദം നിര്‍ലോഭം വിതറുന്നു.
ഒരു ദശകത്തിനപ്പുറത്തേക്ക് നീളുന്ന സൗഹൃദം അനുഭവിക്കുന്നവരെപ്പോലെ ആ യുവതികള്‍ പുറത്തേക്കിറങ്ങിപ്പോയി.
കാഴ്ചയില്‍ വന്നുപെട്ടതെല്ലാം നോട്ട് ബുക്കില്‍ സ്‌കെച്ച് ചെയ്യുന്ന രീതിയാണ് ജൂഡിത്ത് അനുവര്‍ത്തിച്ചത്. തൊടിയിലെ മരങ്ങളുടെ വളഞ്ഞുപുളയുന്ന ശാഖകള്‍പോലും അവള്‍ അപ്രകാരം രേഖപ്പെടുത്തി. ചാരുമതിക്ക് ആ സ്‌കെച്ചിങ് ശൈലി പരിചിതമായിരുന്നില്ല. ഒന്ന് രണ്ടു ദിവസത്തെ പരിശീലനംകൊണ്ട് ചാരുമതി ആ വിഷയത്തില്‍ ജൂഡിത്തിനെ അതിശയിച്ചു. ചാരുമതിയുടെ നിരീക്ഷണം അസാമാന്യമാണെന്ന് ജൂഡിത്തിന് രണ്ടു ദിവസംകൊണ്ട് മനസ്സിലായി. ജൂഡിത്തിന്റെപക്കല്‍ ചിത്രമെഴുതാനുള്ള ഉപകരണങ്ങളൊന്നുമില്ലായിരുന്നു. ചാരുമതിയുടെ പക്കലുണ്ടായിരുന്ന സാധനങ്ങള്‍ തല്ക്കാലം ജൂഡിത്തും ഉപയോഗിച്ചു. രണ്ടു ദിവസത്തിനകം ഓണ്‍ലൈന്‍ ഷോപ്പുകളില്‍നിന്ന് ചിത്രമെഴുത്തിന് ആവശ്യമായ സാമഗ്രികള്‍ വീട്ടിലെത്തിച്ചേര്‍ന്നു.
തുടര്‍ന്നുള്ള ഒരാഴ്ച്ച എനിക്ക് തുടര്‍ച്ചയായി, ഒട്ടും വിശ്രമമില്ലാതെ ജോലിചെയ്യേണ്ടി വന്നു. ആ തിരക്കിനിടയില്‍ ഒരു തവണ മാത്രമാണ് ഞാന്‍ എന്റെ സഹവാസികളെ കണ്ടത്. എന്റെ പുതിയ പുസ്തകം – രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ നല്‍കിയ ടെക്സ്റ്റ് – പ്രിന്‍സസ്, ലവേഴ്‌സ്, ഡിസാസ്റ്റേഴ്‌സ്, ഹാര്‍മണി പ്രസ്പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഈ പുസ്തകത്തിന് ഒരു ആമുഖം വേണമെന്നും, ചിലയിടങ്ങളില്‍ എഡിറ്റിങ് ആവശ്യമുണ്ടെന്നും പ്രസാധകന്‍ എന്നെ അറിയിച്ചു. ഫിക്ഷനും നോണ്‍ഫിക്ഷനുമിടയിലൂടെ സഞ്ചരിക്കുന്ന ആഖ്യാനശൈലി പുസ്തകത്തെ വേറിട്ടതാക്കുന്നുവെന്നും അതിനാല്‍ ഗ്രന്ഥകാരന്‍തന്നെ അതിനൊരു പ്രവേശകം എഴുതുന്നത് നന്നായിരിക്കുമെന്നും പ്രസാധകന്റെ കോപ്പി എഡിറ്റര്‍ നോര്‍മന്‍ ഡഗ്‌ളസ് എനിക്കെഴുതി. ഒരാഴ്ചക്കകം അതു പൂര്‍ത്തിയാക്കി നല്‍കുകയാണെങ്കില്‍ സൗകര്യപ്രദമായിരിക്കുമെന്നും അങ്ങനെയാണെങ്കില്‍ ഉടന്‍ പുസ്തകമിറക്കാമെന്നും അയാള്‍ എന്നെ അറിയിച്ചു. അതുപ്രകാരം ഞാന്‍ അഞ്ചു ദിവസം തുടര്‍ച്ചയായി, വളരെക്കുറച്ചുമാത്രം ഇടവേളകളെടുത്തുകൊണ്ട് പതിനഞ്ചു പേജ് വരുന്ന ആമുഖമെഴുതി, ഇരുനൂറ്റിപതിനാറു പേജിലൂടെ ഞാന്‍ ഒരു വട്ടംകൂടി സഞ്ചരിച്ചു. ആമുഖത്തിന് ഇജാക്കുലേഷന്‍ ഓഫ് ആദം അബോധത്തിലെന്നപോല്‍ എന്ന ശീര്‍ഷകംകൂടി എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ ആലോചന സാധാരണ നിലയിലേക്ക് വന്നു. അതിനിടയില്‍ ഒന്നോ രണ്ടോ തവണ ചാരുമതി എന്നോട് എന്തോ പറയാന്‍ വന്നതും അവളെ നിഷ്‌കരുണം ആട്ടിപ്പായിച്ചതും അവ്യക്തമായി ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അത്രക്ക് കര്‍ക്കശമായിരുന്നു എന്റെ ആ ദിവസങ്ങള്‍
പുസ്തകത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയാക്കി അന്നു രാത്രിതന്നെ ഞാനത് നോര്‍മന്‍ ഡഗ്‌ളസിന്റെ ഇ മെയില്‍ അഡ്രസ്സില്‍ അയച്ചുകൊടുത്തു.
അന്നുരാത്രി പതിനൊന്നു മണിയോടെ ഞാന്‍ താഴേക്കിറങ്ങിച്ചെന്നു. ആ മാവിന്‍ തറയില്‍ കുറച്ചു നേരം ഇരിക്കണം അതു കഴിഞ്ഞ് അല്‍പ്പം മദ്യപിക്കണം. അങ്ങനെയാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ താഴെ ചെല്ലുമ്പോള്‍ എന്റെവീട്ടിലെ പുതിയ സഹവാസികള്‍ മാവിന്‍ തറയിലിരുന്ന് എന്തോ ചര്‍ച്ച ചെയ്യുകയായിരുന്നു. ശബ്ദം വളരെ താഴ്ത്തിയായിരുന്നു അവരുടെ സംഭാഷണം. ഞാന്‍ കോണിയിറങ്ങി ചെല്ലുന്നത് കണ്ടപ്പോള്‍ ചാരുമതി, അവളാണെന്നെ ആദ്യം കണ്ടത് എഴുന്നേറ്റു. അതിനുപിന്നാലെ ജൂഡിത്തും എഴുന്നേറ്റു. ഞാന്‍ മാവിന്‍തറയില്‍ ചെന്ന് കിടക്കുന്നത് കണ്ടപ്പോള്‍ ചാരുമതി എന്റടുത്തേക്ക് വന്നു.
‘ജോലി കഴിഞ്ഞോ സര്‍?’
‘ഉം…’
ഞാന്‍ മാവിന്‍തറയില്‍ കിടന്നുകൊണ്ട് ഒരു ദീര്‍ഘ നിശ്വാസം വിട്ടു. മുകളിലേക്കു നോക്കി കുറച്ചുനേരം കിടന്നു. ആ രണ്ടു യുവതികളും എന്നെ നോക്കികൊണ്ട് നിന്നു. ചാരുമതിയുടെ മുഖത്ത് നേരിയ പരിഭ്രമമുണ്ട്.
ആകാശത്തു നക്ഷത്രങ്ങളുണ്ട്, ഇളം കാറ്റില്‍ മാവിന്റെ ചില്ലകള്‍ ഇളകുമ്പോള്‍ ചില നക്ഷത്രങ്ങള്‍ എന്റെ കണ്ണില്‍നിന്ന് മറയുകയും ചിലത് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇളംകാറ്റ് എന്റെ ശരീരത്തിലും ഇടക്ക് ഇഴഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
അല്പം കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റപ്പോള്‍ ചെറുതായൊന്നു വേച്ചു. ജൂഡിത്ത് തല്‍ക്ഷണം എന്റെ പുറത്ത് തൊട്ടു. സഹായസൂചന. ഞാന്‍ പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ അവളും പുഞ്ചിരിച്ചു.
ഞാന്‍ പൂമുഖത്തേക്ക് നടന്നപ്പോള്‍ അവര്‍ രണ്ടുപേരും എന്റെ പുറകെ വന്നു.
ഞാന്‍ നേരെ അടുക്കളയില്‍ ചെന്ന് ഫ്രിഡ്ജിലിരിക്കുന്ന വോഡ്കയുടെ കുപ്പി കൈയിലെടുത്തു. അതിന്റെ മുദ്രപോലും പൊട്ടിച്ചിട്ടില്ല. ഒരു ബെക്കാഡി ഈ റഷ്യന്‍ സുന്ദരിക്ക് തുണയായി ഫ്രിഡ്ജിലുണ്ട്. ഒരുകുപ്പി തണുത്ത വെള്ളം പുറത്തേക്കെടുത്തു ഞാന്‍ ഹാളില്‍ മടങ്ങിയെത്തി. ടീപ്പോയിക്കൂ മുകളില്‍ വോഡ്കയും വെള്ളവും നിരത്തി. എഴുത്തിന്റെ തിരക്കുകള്‍ അവസാനിക്കുമ്പോള്‍ എനിക്ക് മദ്യപിക്കാന്‍ തോന്നാറുണ്ട്. ഒറ്റക്കിരുന്നു മദ്യപിക്കാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്. മദ്യപിച്ചാല്‍ എനിക്ക് എഴുതാന്‍ കഴിയില്ല. അതുകൊണ്ട് എഴുത്തു ജോലി തീരുമ്പോള്‍ ഞാന്‍ മദ്യപിക്കും.
ചാരുമതി മുന്‍പ് മദ്യപിച്ചിട്ടുണ്ടെങ്കിലും അത് ശീലമല്ല. അവള്‍ക്ക് ചില തരം മദ്യങ്ങളോട് മാത്രമേ താല്പര്യമുള്ളുവെന്ന് എന്നോട് അവള്‍ പറഞ്ഞിട്ടുണ്ട്. വികാസ് ആണ് അവളെ മദ്യപാനത്തിലേക്ക് കൊണ്ടുപോയതെന്ന് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് ശയിച്ചപ്പോള്‍ അവള്‍ പറഞ്ഞിരുന്നു.
‘നീ കഴിക്കുന്നോ?’ ഞാന്‍ ചോദിച്ചു.
‘സാറിന് കൂട്ട് വേണമെങ്കില്‍ ഞാന്‍ ഇരിക്കാം.’
ഞാന്‍ അവളോട് ഇരിക്കാന്‍ പറഞ്ഞു.
‘നീയോ?’ ഞാന്‍ ജൂഡിത്തിനോട് ചോദിച്ചു
അവളും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ജൂഡിത്തിന് വോഡ്ക്ക അത്ര പ്രിയപ്പെട്ട മദ്യമല്ല. അവള്‍ക്കിഷ്ടം ഫ്രഞ്ചുകാരുടെ കോണ്യാക്കും ഷാംപെയിനും. എട്രിറ്റയിലും നോര്‍മണ്ടിയിലും ഓജസ്സുള്ള ചില നാടന്‍ മദ്യങ്ങള്‍ കിട്ടാറുണ്ടെന്നും അത് തനിക്ക് ഇഷ്ടമുള്ള ശീലമാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.ബെക്കാഡി ഫ്രിഡ്ജില്‍ ഇരിപ്പുള്ള കാര്യം ഞാന്‍ അവളോട് പറഞ്ഞു.
ഞങ്ങള്‍ മദ്യപിക്കാന്‍ തുടങ്ങി. ഗ്ലാസില്‍ മൂന്നിലൊന്ന് വോഡ്ക എടുത്ത് ബാക്കി വെള്ളം ചേര്‍ത്ത് കുടിക്കുന്നതാണ് എന്റെ ശീലം. ജൂഡിത്ത് ഗ്ലാസില്‍ പകുതി വോഡ്ക എടുത്ത് അതിന്റെ പകുതി മാത്രം വെള്ളം ചേര്‍ത്തു. ചാരുമതി ചെറിയൊരളവ് വോഡ്കയെടുത്ത് അതില്‍ നിറയെ വെള്ളമെടുത്തു.
ജൂഡിത്തിന്റെ ആദ്യത്തെ ഡ്രിങ്ക് കഴിയുമ്പോള്‍ എന്റെ ഡ്രിങ്ക് പകുതിയായതേ ഉള്ളൂ. മദ്യപിക്കുമ്പോള്‍ എന്തെങ്കിലും തിന്നുന്ന ശീലം എനിക്കില്ലായിരുന്നു.
ചാരുമതിയുടെ ഗ്ലാസ് കാലിയായി.
‘സര്‍ എന്തായിരുന്നു തിരക്ക് പിടിച്ചു ചെയ്തിരുന്നത്.’
പുതിയ പുസ്തകം വൈകാതെ പ്രസിദ്ധം ചെയ്യപ്പെടുമെന്നും അതിന്റെ എഡിറ്റിങ് ജോലിയും ആമുഖമെഴുത്തും ആണ് തിടുക്കപ്പെട്ട് ചെയ്തുകൊണ്ടിരുന്നതെന്നും ഞാന്‍ പറഞ്ഞു.
‘നമുക്കിതൊന്ന് ആഘോഷിക്കണ്ടേ’ ചാരുമതി ചോദിച്ചു.
‘ഇപ്പോള്‍ നടക്കുന്നത് ആഘോഷമല്ലേ?’
‘ഏയ്, ഇത് റിലീഫ് സെറിമണി മാത്രമല്ലെ?’ ജൂഡിത്ത് സംശയിച്ചു
അടുത്ത ഡ്രിങ്ക് കഴിഞ്ഞപ്പോള്‍ ചാരുമതിക്ക് നിയന്ത്രണം നഷ്ടപ്പെടാന്‍ തുടങ്ങി. ഞാന്‍ അവളെ സോഫയില്‍ കിടത്തി. അവളുടെ കണ്ണട ചരടില്‍ തൂങ്ങി കിടന്നു. ഞാന്‍ അതെടുത്ത് ശരിക്ക് വെച്ചുകൊടുത്തു.
ജൂഡിത്ത് അടുത്ത ഗ്ലാസ് നിറച്ചു. അത് ചുണ്ടില്‍ വെച്ച് ഒന്ന് മൊത്തിയ ശേഷം ഗ്ലാസ് ടീപോയിമേല്‍ വെച്ചു.
അടുത്ത ഗ്ലാസ് ചിട്ടയനുസരിച്ച് നിറച്ച ശേഷം ഞാന്‍ പറഞ്ഞു:
‘ഇത് കഴിഞ്ഞാല്‍ ഞാന്‍ കിടക്കും.’
‘അതെന്താ. ലെറ്റ് അസ് ടോക്. നിങ്ങളുമായി സംസാരിച്ചാല്‍ എനിക്ക് പുതിയ ആശയങ്ങള്‍ കിട്ടിയേക്കും.’
‘ഇപ്പോള്‍ എന്റെ മനസ്സില്‍ അത്തരം ആശയങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല.’
ജൂഡിത്ത് പിന്നെ മദ്യം പകര്‍ന്നെടുത്തില്ല. ഒന്ന് രണ്ടു തുള്ളി അവളുടെ ട്രൗസറില്‍ വീണതിന്റെ പാടുകള്‍ ഞാന്‍ കണ്ടു. ഞാന്‍ അത് ശ്രദ്ധിച്ചുവെന്ന് അവള്‍ കണ്ടു.
അവള്‍ സോഫയില്‍ ഉറക്കത്തിലേക്ക് വീണുപോയ ചാരുമതിയെ നോക്കിക്കൊണ്ടിരുന്നു .
‘ഇവള്‍ ഡൗണായിക്കഴിഞ്ഞു, ഇനി നമ്മള്‍ ഇവളെ എടുത്ത് അകത്തു കിടത്തേണ്ടി വരും.’
അവള്‍ ഇവിടെ കിടന്നുറങ്ങിക്കോട്ടെ.
ജൂഡിത്ത് എന്നെത്തന്നെ നോക്കികൊണ്ടിരുന്നു സ്വതവേ ചുവന്ന നിറമുളള അവളുടെ കവിള്‍ കുറച്ചുകൂടി ചുവന്നു തുടുത്തിട്ടുണ്ട്. എന്റെ കണ്ണുകള്‍ അവളുടെ കഴുത്തില്‍ കിടക്കുന്ന കുരിശുമാലയില്‍ പതിഞ്ഞു. ഞാന്‍ അവളെ നിരീക്ഷിക്കുന്നുണ്ടെന്ന് അവള്‍ അറിയുന്നുണ്ട്.
‘നീ വിശ്വാസിയാണോ?’
‘അതിന് കൃത്യമായി ഉത്തരം പറയാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. ഈ മാല എന്റെ മമ്മ ഇട്ടു തന്നതാ. ഞങ്ങള്‍ വത്തിക്കാനില്‍ പോയപ്പോള്‍ പോപ്പിനെ കണ്ടു. ഇരുനൂറു മീറ്റര്‍ അകലെനിന്ന്. അന്ന് അവിടെനിന്ന് മമ്മ ഇത് വാങ്ങിച്ച് എന്റെ കഴുത്തില്‍ ഇട്ടതാ. മമ്മ ആഗ്രഹിക്കുമ്പോള്‍ എന്നെ കാണാന്‍ ഞാന്‍ ഈ കുരിശുമാല ഇട്ടാല്‍ മതിയെന്ന് മമ്മയുടെ ഒപ്പം ജോലി ചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞുവത്രെ.’
‘എന്നിട്ട് അമ്മ ആഗ്രഹിക്കുമ്പോഴൊക്കെ നിന്നെ കാണാന്‍ സാധിക്കാറുണ്ടോ?’
അവള്‍ പൊട്ടിച്ചിരിച്ചു.
‘മമ്മ എനിക്കു മെസ്സേജ് അയക്കും, ഉടന്‍ കാണണമെന്ന് പറഞ്ഞുകൊണ്ട്. ഞാന്‍ ഉടന്‍ ആരെക്കൊണ്ടെങ്കിലും എന്റെ ഒരുചിത്രമെടുപ്പിച്ച് അയച്ചുകൊടുക്കും., അല്ലെങ്കില്‍ ഒരു സെല്‍ഫി.’
ജൂഡിത്തിന്റെ ഇംഗ്ലീഷിന് അല്‍പ്പം ഫ്രഞ്ച് ചുവയുണ്ട്. യാതൊരു ഇന്‍ഹിബിഷനുമില്ലാത്ത യുവതി. ചാരുമതിക്ക് എന്ത് കാര്യം ചെയ്യുമ്പോഴും മറ്റുള്ളവര്‍ എന്തു കരുതുമെന്ന പരിഗണനയുണ്ട്. ജൂഡിത്ത് അങ്ങനെ ചിന്തിക്കുന്നില്ല.
ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്റെ കൈയില്‍ പിടിച്ചു.
‘പ്ലീസ്. ഇഫ് യു ആര്‍ നോട്ട് മച്ച് ടയേഡ്, ലെറ്റ് അസ് ഫ്‌ളൈ ടു ദി പാരഡൈസ് ഓഫ് ഐഡിയാസ്.’
ഞാന്‍ സെറ്റിയില്‍ ഇരുന്നപ്പോള്‍ അവള്‍ എന്റെ മുന്നില്‍ നിലത്തിരുന്നു. അവളുടെ ചിരിക്കിപ്പോള്‍ ലാസ്യദേവതയുടെ ഗന്ധമുണ്ട്. ചാരുമതി ഇപ്പോള്‍ ഒരു വശം ചെരിഞ്ഞു കിടക്കുന്നു. മദ്യം മാത്രമല്ല പകലന്തിവരെ നീളുന്ന ചിത്രമെഴുത്തും വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട ജോലികളും വീട്ടുജോലികളും അവളെ ക്ഷീണിപ്പിച്ചുകാണും.
എന്റെ കണ്ണുകള്‍ ചാരുമതിയെ നിരീക്ഷിക്കുന്നത് ജൂഡിത്ത് കാണുന്നുണ്ടായിരുന്നു.
‘അവള്‍ ഉറങ്ങട്ടെ’ ജൂഡിത്തിന്റെ മുന്‍കരുതല്‍.
അവളിപ്പോള്‍ മുട്ടുകുത്തി നിന്നുകൊണ്ട് എന്റെ ചുണ്ടില്‍ വലതു കൈയിന്റെ ചൂണ്ടുവിരല്‍ മുട്ടിച്ചു. ആ നിലയില്‍ കാണുമ്പോള്‍ അവള്‍ക്ക് മിയ മാല്‍ക്കോവയുടെ ചായയുണ്ട്. പ്രതിഭക്കൊപ്പം കാമവും ആ കണ്ണുകളില്‍ പ്രകാശിക്കുന്നു.
അവളെന്നെ പറുദീസയിലേക്കുകൊണ്ടുപോകും. അതാണവളുടെ നോട്ടത്തിന്റെ ധ്വനി
ഷര്‍ട്ടിന്റെ ആദ്യത്തെ ബട്ടണ്‍ അവള്‍ അഴിച്ചു.
‘ഞാനീ ബട്ടണുകള്‍ വലിച്ചുപൊട്ടിക്കാന്‍ പോകുന്നു.’
അവളും ഞാനും നിശ്ശബ്ദമായിരുന്ന ചെറിയ ഇടവേളക്കു പിന്നാലെ ഒരൊറ്റ ഊക്കന്‍വലിക്ക് എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ എല്ലാം അവള്‍ പൊട്ടിച്ചു. ഒന്ന് രണ്ടു ലഘു ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടായിരുന്നു അവ പൊട്ടിപ്പോയത്. ഷര്‍ട്ട് വലിച്ചൂരുമ്പോള്‍ അവളുടെ കണ്ണുകളില്‍ കാമത്തിന്റെ കൊഴുത്ത തിരകള്‍ ഉരുണ്ടുമറിയുന്നു. ആ കാമത്തിരകള്‍ എന്നെ ഉഞ്ഞാലാട്ടുന്നു. ഇവള്‍ ഒരു നിംഫോമാനിയാക്കാണ്, എന്റെ നിരീക്ഷണം പറഞ്ഞു. ചെങ്കനലിന്റെ ചീളുകള്‍ അവളുടെ കണ്ണില്‍ നിന്ന് എന്നെ തേടി വന്നു.
ഇപ്പോള്‍ ഞാന്‍ പൂര്‍ണ നഗ്‌നനും അവള്‍ പാതി നഗ്‌നയുമാണ്. കൊതിപ്പിക്കുന്ന വക്ഷോജങ്ങള്‍. ഈ വിശേഷണം മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറമാണ് എന്റെ പ്രജ്ഞയിലേക്ക് കടന്നു വന്നത്. സ്‌കൂളില്‍ കൊച്ചന്ന ടീച്ചറുടെ വ്യാഖ്യാനങ്ങളില്‍നിന്നാണ് വക്ഷോജത്തിന്റെ ആകൃതിയും അര്‍ത്ഥവും ഞാന്‍ മനസ്സിലാക്കുന്നത്. ഈ ഇരട്ടപിറന്ന മാന്‍കുട്ടികളെ ഏതു ശരീരത്തില്‍ കണ്ടാലും മാന്വല്‍ പുയ്ഗ് വിസ്തരിച്ച സ്തന്യപാനം ഞാന്‍ മനസ്സില്‍ കാണും. അടുത്ത സ്തന്യപാനം? മോപ്പസാങ്ങിന്റെ കഥയില്‍. വിശപ്പിന്റെ രൂപം പ്രാപിക്കുന്ന, വിങ്ങലിനു വിടുതല്‍ നല്‍കുന്ന പ്രക്രിയ. ഏത് കണ്ണുകൊണ്ട് നോക്കിയാലും സ്തന്യപാനം ജീവിതഗന്ധിയാണ്.ചിത്രകാരന്മാരായ റൂബന്‍സും ഗിഡോ റെനിയും വൃദ്ധന്റെ സ്തന്യപാനത്തെ റോമന്‍ ചാരിറ്റിയായി കണ്ട രസകല്‍പ്പന എന്റെ പ്രജ്ഞയിലുണര്‍ന്നു .
അര മണിക്കൂര്‍ നേരമെടുത്തു അവള്‍ എന്നെ പ്രാപിക്കുവാന്‍. കുറച്ചുനേരം ആകാശത്തു വട്ടമിട്ടു പറക്കുന്ന ചുവന്ന കണ്ണുകളുള്ള ഒരു പരുന്തിനെ ഞാന്‍ സ്വപ്നം കണ്ടു.
കണ്ണു തുറക്കുമ്പോള്‍ ആരോ വെളിച്ചമണച്ചിരുന്നു.
ശരീരത്തിന് ബലം നഷ്ടപ്പെട്ടതുപോലെ തോന്നി. ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൈ എന്റെ ദേഹത്തമര്‍ന്നു.
”തു എസ് …ഫാതിഗ് തു അസ് ബെസൊയിന്‍ ദെ ദോര്‍മീര്‍ (യു ആര്‍… ടയേഡ് യു നീഡ് സ്‌ളീപ്പ് ‘ )
പ്രജ്ഞയുടെ ഉള്‍ക്കാമ്പ് വീണ്ടെടുത്തപ്പോള്‍, അത് ജൂഡിത്തിന്റെ ശബ്ദമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇഴഞ്ഞിഴഞ്ഞ് പുറത്തു വരുന്ന ഫ്രഞ്ച് പദങ്ങള്‍
മതിവരാത്ത അവളുടെ കൈകള്‍ അപ്പോഴും എന്റെ നഗ്‌നതയെ തഴുകുന്നുണ്ടായിരുന്നു.
(തുടരും)
Copy Right Reserved
So far soooo goood..
Wonderful setting… Lonely house with beautiful landscape come across my mind. Judith and Charu, two different beings alien to common people. Well woven story into a texture of western face.. Its very interesting read.. Let me read more…