മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍. സിജു വില്‍സണെ നായകനാക്കി പി ജി പ്രേംലാല്‍ സംവിധാനം ചെയ്ത ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം ആയ മനോരമ മാക്‌സില്‍ ചിത്രം കാണാനാവും. പുതുമുഖം കൃഷ്‌ണേന്ദു എ മേനോന്‍ ആണ് ചിത്രത്തിലെ നായിക. പി പി കുഞ്ഞികൃഷ്ണന്‍, സുധീഷ്, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, നിഷ സാരംഗ്, മുത്തുമണി, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂര്‍ എഴുതിയിരിക്കുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.