മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് ദുരന്തബാധിതരുടെ സമര സമിതി പ്രതിഷേധിക്കുന്നത്. എന്നാൽ 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.
കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജി ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയായിരുന്ന വി ആർ സജിയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എന്നാൽ ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്താണെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും , പണി മനസ്സിലാക്കി തരാമെന്നുമാണ് സജി ഫോൺ സന്ദേശത്തിൽ പറയുന്നത്.
മരിച്ച സാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്ന് ഏരിയാ സെക്രട്ടറി മാത്യു ജോർജ്. സാബുവിന് 12 ലക്ഷം രൂപയാണ് കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകാനുള്ളതെന്നും നിശ്ചിത തുക വീതം സാബുവിന് മാസം തോറും കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം സാബു ബാങ്കിൽ എത്തി ജീവനക്കാരുമായി തർക്കം ഉണ്ടായി ഇക്കാര്യത്തിൽ ഭരണ സമിതി എന്ന നിലയിൽ അഭിപ്രായം പറയുക സാധാരണമാണെന്നും അതിൽ കൂടുതൽ ഒന്നും കാണേണ്ടതില്ലെന്നും മാത്യു ജോർജ് കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ ഗുണം കോൺഗ്രസിനാണെന്നും സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേതെന്നും അദ്ദേഹം പറഞ്ഞു. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കരുവന്നൂർ സംഭവം വന്നപ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാൽ കേരള ബാങ്ക് വന്നതോടെ എല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി എന്നും മാതൃകാപരമായ നടപടി സഹകരണ ഡിപ്പാർട്ട്മെന്റ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു. സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നൽകിയത്.
കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ലെന്ന് എം.എ ബേബി. ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ലെന്നും അതാണ് സർക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ പ്രതികരിച്ചു.
ശബരിമലയിൽ പൊലീസും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും നന്നായി പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് വി മുരളീധരൻ. സംസ്ഥാനത്ത് കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം എന്നല്ല കോൺഗ്രസിന് ഭരണം ലഭിച്ചാൽ ചെന്നിത്തല മുഖ്യമന്ത്രിയായാൽ കൊള്ളാം എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ എം.ടി. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു.
കാലഹരണപ്പെട്ടതും അംഗീകാരമില്ലാത്തതുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പേര് മാറ്റി വീണ്ടും വില്‍പ്പന നടത്തുന്നത് തടയുന്നതിനുള്ള നടപടികളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഭക്ഷ്യോല്‍പ്പന്ന നിര്‍മാതാക്കളോടും ഇറക്കുമതി സ്ഥാപനങ്ങളോടും ത്രൈമാസ ഡാറ്റ സമര്‍പ്പിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ആവശ്യപ്പെട്ടു .
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചു. 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ അയ്യപ്പ ഭക്തരുടെ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്.
ആലുവ മാറമ്പിള്ളിയിൽ വാഹനങ്ങൾക്ക് മുകളിൽ അതിരുകടന്ന അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയിലെ ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ചാണ് വാഴക്കുളം മാറമ്പിള്ളി എം ഇ എസ് കോളേജിലെ വിദ്യാർത്ഥികൾ വാഹനത്തിനു മുകളിൽ കയറി അഭ്യാസപ്രകടനങ്ങൾ നടത്തിയത്.
ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതിൽ തുറന്നാണ് ഇയാൾ കടന്നു കളഞ്ഞത്. പോക്സോ കേസിൽ പ്രതിയായ 22 കാരനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് .
എറണാകുളം മുളന്തുരുത്തി പള്ളിയിലെ സംഘർഷത്തെ തുടർന്ന് മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാകുന്ന മുപ്പതിലധികം പേർക്കെതിരെ കേസെടുത്തു. മുളന്തുരുത്തി മർത്തോമൻ ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികളുടെ സംഘർഷത്തിനിടയിലാണ് സംഭവം.
മുതുകുളം തെക്ക് മാമൂട് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിവന്ന മുതുകുളം തെക്ക് കാങ്കാലിൽ വീട്ടിൽ ബി.വേണുകുമാറിനെ (53) വീടിന് സമീപത്തുള്ള ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അസുഖത്തെ തുടർന്നുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം.
വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു, സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു. ഫൈബർ വള്ളം തിരമാലയിൽ മറിയുകയായിരുന്നു.
ദില്ലി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഇഡിയുടെ അപേക്ഷയില്‍ ദില്ലി ലഫ്. ഗവര്‍ണ്ണറാണ് അനുമതി നല്‍കിയത്. 100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കെജരിവാളിനെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബറില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് കെജരിവാള്‍ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ഈ മാസം ആദ്യവാരമാണ് ഇഡി ലഫ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും. കുവൈത്ത് അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടക്കം.
തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ, രാജ്കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു.
ഫൈബർ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങൾ കൊണ്ടുമാണ് ആക്രമിച്ചത്. ഇവരുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാർ കവർന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. വായു ഗുണനിലവാര സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി 400 എക്യു ഐയാണ്. ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഹൈബ്രിഡ് മോഡിലാക്കി. കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു.
സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുള്ള ആക്രമണത്തിനിടെ പതിനാറുകാരിയുടെ കഴുത്തിൽ തുളച്ച് കയറിയ വെടിയുണ്ട നീക്കി. ഛത്തീസ്ഗഡിൽ ഡിസംബർ 12നുണ്ടായ മാവോയിസ്റ്റ് സുരക്ഷാ സേനാ വെടിവയ്പിനിടെയാണ് 16കാരിക്ക് വെടിയേറ്റത്.
പുതിയ എട്ട് മന്ത്രിമാരെ നിയമിച്ച് കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ.വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം. രണ്ട് മൂന്നും വകുപ്പുകൾ വഹിച്ചിരുന്നവർക്ക് ചുമതലാ ഭാരം കുറയ്ക്കാനും നീക്കം കാരണമായിട്ടുണ്ടെന്നാണ് വിവരം. പുതിയ മന്ത്രിമാർക്കുള്ള ചുമതലാ കൈമാറ്റം പൂർത്തിയായതായാണ് ജസ്റ്റിൻ ട്രൂഡോ വിശദമാക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണല്‍ കമ്മീഷണര്‍ എസ് ഗോപാല്‍ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
ക്രിക്കറ്റര്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ നോട്ടീസ്. സ്ഥാപനത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി.യില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസയച്ചത്. വെങ്കടേഷ് എന്ന പൊതുപ്രവര്ത്തകന് നല്കിയ വിവരാവകാശ അപേക്ഷയിലാണ് എന്‍.ഒ.സി.യില്ലെന്ന കണ്ടെത്തല്‍.