മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിൻവലിച്ച് സിപിഎം നേതാവ് പി മോഹനൻ . അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് പി മോഹനൻ ഇന്ന് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് മെക് സെവൻ എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനൻ നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതിൽ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്. പിന്നാലെ മതസംഘടനകളും ബിജെപിയും അതിനെ പിന്തുണച്ചു. വ്യായാമ പരിശീലന പരിപാടിയെ ഒരു സമുദായവുമായി കൂട്ടിച്ചേർത്ത് തീവ്രവാദ നിറം ചാർത്തിയത് ശരിയല്ല എന്ന പാർട്ടിക്കുള്ളിലെ നിലപാട് പരിഗണിച്ചാണ് ഇപ്പോൾ പി മോഹനൻ തിരുത്തുമായി വന്നത്.