കോര്‍പറേറ്റ് കമ്പനികളുടെ ലാഭം 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടും ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞത് ഗൗരവതരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന തൊഴില്‍ സെക്ടറുകളില്‍ 2019-2023 കാലയളവില്‍ 0.8 മുതല്‍ 5.4 ശതമാനം വരെയുള്ള ശമ്പള വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊവിഡിന് ശേഷം സമ്പദ് വ്യവസ്ഥ കരകയറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആളുകളുടെ വരുമാനം വര്‍ധിക്കാത്തതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ശമ്പളം കൂട്ടിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇന്ത്യന്‍ തൊഴിലാളികളുടെ ഉത്പാദനക്ഷമത കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് വ്യവസായ ലോകത്തിന്റെ അഭിപ്രായം. തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണം, പുതിയ സാങ്കേതിക വിദ്യകളിലുള്ള അറിവ് വര്‍ധിപ്പിക്കണം, തൊഴില്‍ അവകാശങ്ങളും തൊഴില്‍ സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെട്ടതാക്കണം, ഇക്കാര്യത്തിലെ ചില സര്‍ക്കാര്‍ നയങ്ങളില്‍ കാലോചിതമായ പരിഷ്‌ക്കാരം വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്.