◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് വീട്ടുതടങ്കലിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ബെയ്ജിംഗില്‍ സൈനിക അട്ടിമറി നടന്നെന്നും പ്രസിഡന്റിനെ തടങ്കലിലാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല. ഇതോടെ അട്ടിമറി നടന്നെന്ന പ്രചാരണം വര്‍ധിക്കുകയും ചെയ്തു.
◾മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. വൈദ്യുതി, ഗതാഗത വകുപ്പു മന്ത്രിയായി പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. മലപ്പുറം നിലമ്പൂരാണു സ്വദേശം. ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ നാലു മക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
◾രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകും. എഐസിസി പ്രസിഡന്റായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ തെരഞ്ഞെടുത്താല്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് സച്ചിന്‍ പൈലറ്റിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുഖ്യമന്ത്രിയാകാന്‍ സീനിയര്‍ നേതാവ് സി.പി. ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിനാണ്. ഇന്നു വൈകുന്നേരം ഗെലോട്ടിന്റെ വസതിയില്‍ നിയമസഭാ കക്ഷിയോഗം ചേരും.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ജനശതാബ്ദി മോഡലില്‍ അതിവേഗ കെഎസ്ആര്‍ടിസി ബസ് സര്‍വീസ്. ഇടയ്ക്കു രണ്ടു സ്റ്റോപ്പു മാത്രം. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ഓരോ മിനിറ്റ് നിര്‍ത്തും. രാവിലെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 9.40 ന് എറണാകുളത്ത് എത്തും. തിരിച്ച് വൈകിട്ട് 5.20 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 9.50 ന് തിരുവനന്തപുരത്ത് എത്തും. കണ്ടക്ടര്‍ ഇല്ല. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
◾കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിതാകുമാരി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്സിന്‍ അമീന്‍ എന്നിവരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. പാലം തകര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല.
◾എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂര്‍ എംപിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് തരംഗമായി. റൂസ്വെല്‍റ്റിന്റെ ‘അരങ്ങിലെ മനുഷ്യന്‍’ (ദ മാന്‍ ഇന്‍ ദ അറിന) എന്ന വരികളാണ് ശശി തരൂര്‍ കുറിച്ചത്. പൊടിയും വിയര്‍പ്പും രക്തവും പൊടിഞ്ഞ മുഖവുമായി അരങ്ങില്‍ അധ്വാനിക്കുന്നയാള്‍ക്കുള്ളതാണ് എല്ലാ ക്രെഡിറ്റും. പരാജയപ്പെട്ടാല്‍ മഹത്തായ പരാജയമായിരിക്കും. അവന്റെ സ്ഥാനം ഒരിക്കലും വിജയമോ പരാജയമോ അറിയാത്ത തണുത്ത ഭീരുക്കളായ ആത്മാക്കള്‍ക്കൊപ്പമാകില്ല എന്ന വരികളാണ് വൈറലായത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾എ.കെ.ജി.സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. നേരത്തെ പിടിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനുമായുളള അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. സുപ്രധാന തെളിവുകള്‍ ലഭിച്ചെന്നു ക്രൈം ബ്രാഞ്ച് അവകാശപ്പെട്ടു.
◾സിപിഎം നേതാക്കളുടെ പീഡനംമൂലം പത്തനംതിട്ട പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചു. മടുത്തുമൂഴി സ്വദേശി ബാബു മേലേതില്‍ ആണ് മരിച്ചത്. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനു അക്രമസംഭവങ്ങള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ ജോലി സംസാരിക്കലല്ല. അക്രമങ്ങള്‍ക്ക് അവസരം നല്‍കിയിട്ട് സംസാരിക്കുന്നതില്‍ എന്തു കാര്യമെന്നും അദ്ദേഹം ചോദിച്ചു.
◾
◾കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം രൂപ തട്ടിയ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അരുണ്‍ നായരാണ് പിടിയിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെ കബളിപ്പിച്ച കേസില്‍ കോടതി ഉത്തരവു നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റു ചെയ്തത്. അടുത്ത മാസം ആറിനകം തുക നല്‍കിയില്ലെങ്കില്‍ മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയില്‍ ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടു.
◾പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനോടു കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തിയത് കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടായിട്ടായിരിക്കാം. അദ്ദേഹം പറഞ്ഞു.
◾കൊച്ചി കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കുത്തിക്കൊന്നത്. ഗാനമേളയ്ക്കിടയിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. പ്രതികളെ ഉടനേ അറസ്റ്റു ചെയ്യുമെന്നു പൊലീസ്.
◾ജാര്‍ഖണ്ഡില്‍നിന്നു തൊഴിലാളികളെ കൊണ്ടുവരാന്‍ ബസുമായി പോയ രണ്ടു പേരെ ഗ്രാമവാസികള്‍ ബന്ദികളാക്കി. ഇടുക്കി കൊച്ചറ സ്വദേശി അനീഷ്, മേരികുളം സ്വദേശി ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരള പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ജാര്‍ഖണ്ഡ് പൊലീസ് ഇവരെ മോചിപ്പിച്ചു. എന്നാല്‍ ബസ് ഗ്രാമവാസികള്‍ വിട്ടുകൊടുത്തിട്ടില്ല.
◾പാലക്കാട് ചിറ്റപ്പുറം പാചകവാതക സിലിണ്ടര്‍ അപകടത്തില്‍ മരണം രണ്ടായി. പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുള്‍ സമദ് (50) ആണ് മരിച്ചത്. അബ്ദുള്‍ സമദിന്റെ ഭാര്യ സറീന (48) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകന്‍ സെബിന്‍ (18) എറണാംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾തൃശൂരില്‍ ചിറ്റണ്ട ചെറുചക്കി ചോലയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ഷഫാസ് (17) ആണ് മരിച്ചത്.
◾പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിലായത്. പിരായിരി മണ്ഡലം ഭാരവാഹിയാണ്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു.
◾കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റില്‍ നാല്‍പതുകാരന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.
◾കണ്ണൂര്‍ പാനൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
◾നമീബിയയില്‍നിന്ന് ഇന്ത്യയിലെത്തിച്ച എട്ടു ചീറ്റപ്പുലികള്‍ക്ക് പേരു നിര്‍ദ്ദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപറ്റിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കീ ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
◾ബിജെപി നേതാവിന്റെ മകനും സംഘവും ചേര്‍ന്നു കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയാറാകാതെ കുടുംബം. അന്വേഷണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ സംസ്‌കരിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കെട്ടിടം പൊളിച്ചുനീക്കിയത് കുറ്റൃത്യങ്ങളുടെ തെളിവു നശിപ്പിക്കാനാണെന്നും വീട്ടുകാര്‍ ആരോപിച്ചു. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
◾റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ നാട്ടുകാര്‍ക്കെതിരേ കേസ്. ഗുരുഗ്രാമിലെ ഒരു ഗ്രാമത്തിലെ തകര്‍ന്ന റോഡ് നന്നാക്കാനാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നാട്ടുകാരായ മുപ്പതു പേര്‍ക്കെതിരേ കേസെടുത്തു.
◾ബീഹാറിലെ മുസാഫര്‍പൂരില്‍ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വൃക്കകള്‍ രോഗിയറിയാതെ നീക്കം ചെയ്തെന്ന് പരാതി. ബരിയാര്‍പൂര്‍ പ്രദേശത്തെ നഴ്സിംഗ് ശുഭ്കാന്ത് ക്ലിനിക്കിനെതിരേയാണ് ആരോപണം. ക്ലിനിക്ക് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉടമകള്‍ക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും എതിരേ പൊലീസ് കേസെടുത്തു.
◾ഹാത്രസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനടക്കം നാലു പേരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇതിന് 1.36 കോടി രൂപയുടെ വിദേശ സഹായം കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹി കലാപത്തിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടെന്ന് ഇഡി ലക്നോ കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഭീകരരെ ചൈനയും പാകിസ്ഥാനും സംരക്ഷിക്കുകയാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ. റഷ്യ -യുക്രൈന്‍ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ പരിഹരിക്കണമെന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു. ഭീകരവാദ വിഷയത്തില്‍ ചൈനക്കും പാകിസ്ഥാനും ഇരട്ടത്താപ്പാണെന്നും മന്ത്രി വിമര്‍ശിച്ചു.
◾യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കാന്‍ പിന്തുണയുമായി റഷ്യ. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്.
◾ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്സ അമീനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം ഒരാഴ്ച പിന്നിട്ടതോടെ അക്രമങ്ങളിലും പോലീസ് നടപടികളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. അറുപത് സ്ത്രീകള്‍ അടക്കം 700 പേരെ അറസ്റ്റ് ചെയ്തു.
◾കാര്യവട്ടം ടി20 ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ മൂന്നേകാലിനാണ് ദക്ഷിണാഫ്രിക്കന്‍ ടീം എത്തിയത്. ഇന്ന് വൈകീട്ട് അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. ഇന്ത്യന്‍ ടീം നാളെ വൈകീട്ട് നാലരയ്ക്ക് ഹൈദരാബാദില്‍നിന്ന് തിരുവനന്തപുരത്തെത്തും.
◾ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വൈകീട്ട് ഏഴുമുതല്‍ ഹൈദരാബാദിലാണ് മത്സരം. ജയിക്കുന്ന ടീം പരമ്പര നേടും
◾ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്തംബര്‍ 16ന് സമാപിച്ച ആഴ്ചയില്‍ 522 കോടി ഡോളര്‍ ഇടിഞ്ഞ് 54,565 കോടി ഡോളറിലെത്തി. 2020 ഒക്ടോബറിന് ശേഷം ശേഖരം കുറിക്കുന്ന ഏറ്റവും താഴ്ചയാണിത്. തുടര്‍ച്ചയായ ഏഴാംവാരമാണ് ശേഖരം ഇടിയുന്നത്. വിദേശ കറന്‍സി ആസ്തി 470 കോടി ഡോളര്‍ ഇടിഞ്ഞ് 48,490 കോടി ഡോളറായതാണ് പ്രധാന തിരിച്ചടി. കരുതല്‍ സ്വര്‍ണശേഖരം 45.8 കോടി ഡോളര്‍ താഴ്ന്ന് 3,819 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയുമുണ്ട്. വിദേശ നാണയശേഖരത്തില്‍ 2022ല്‍ ഇതുവരെയുണ്ടായ ഇടിവ് 9,399 കോടി ഡോളറാണ്. നടപ്പുസാമ്പത്തിക വര്‍ഷം (2022-23) ഏപ്രില്‍ മുതല്‍ ഇതുവരെ ഇടിവ് 6,165.7 കോടി ഡോളര്‍. 2021 സെപ്തംബറില്‍ രേഖപ്പെടുത്തിയ 64,245.3 കോടി ഡോളറാണ് ശേഖരത്തിന്റെ എക്കാലത്തെയും ഉയരം.
◾റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയര്‍ത്തിയതിന് ആനുപാതികമായി ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശയും കൂട്ടിയതോടെ സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തിന് പ്രിയം കുറയുന്നു. സെപ്തംബര്‍ 9ന് അവസാനിച്ച രണ്ടാഴ്ചക്കാലത്ത് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായ വര്‍ദ്ധന 62,196.48 കോടി രൂപയാണ്. സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ 54,021.77 കോടി രൂപ കൊഴിഞ്ഞപ്പോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ 1,16,218.25 കോടി രൂപയുടെ അധികനിക്ഷേപമെത്തി. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവില്‍ ശരാശരി 3-4 ശതമാനം പലിശയാണ് ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത്. എന്നാല്‍, എഫ്.ഡിക്ക് 6-7 ശതമാനത്തിലേക്ക് പലിശനിരക്ക് ഉയര്‍ന്നിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഇനിയും പലിശനിരക്ക് കൂട്ടാനിടയുള്ളതിനാല്‍ എഫ്.ഡി നിരക്കും ആനുപാതികമായി ഉയരും.
◾അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പല്ലൊട്ടി നയന്റീസ് കിഡ്സ്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘നാട്ടുപപ്പടം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ ആലാപനം ദേവിക രമേശ് ആണ്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്‌മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ഥ് ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്ന ഒരു ചിത്രം വരികയാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ‘വേല’ എന്ന ചിത്രമാണ് അത്. ഷെയ്ന്‍ നിഗവും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു എസ് ഐ കഥാപാത്രമാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥിന്റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് കഥാപാത്രവുമാണ് ഇത്. എസ് ഐ അശോക് കുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍, അതിഥി ബാലന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്. എം സജാസ് ആണ് തിരക്കഥ.
◾ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പുറത്തിറക്കി. 50 ലക്ഷം ടിവിഎസ് ജൂപ്പിറ്ററുകള്‍ അതിവേഗം നിരത്തില്‍ ഇറങ്ങിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്‍. മിസ്റ്റിക് ഗ്രേ, റീഗല്‍ പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 85,866 രൂപയാണ് പുതിയ സ്‌കൂട്ടരിന്റെ ദില്ലി എക്സ് ഷോറൂം വില. മിറര്‍ ഹൈലൈറ്റുകളിലുള്ള ബ്ലാക്ക് തീം, ഫെന്‍ഡര്‍ ഗാര്‍ണിഷ്, ടിന്റഡ് വൈസര്‍, 3ഡി ബ്ലാക്ക് പ്രീമിയം ലോഗോ എന്നിവ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന് പ്രീമിയം ലുക്ക് നല്‍കുന്നു.
◾സഞ്ചരിച്ചും കുടിയേറിയുമാണ് മനുഷ്യകുലം വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. മലയാള സാഹിത്യത്തിലെ എഴുത്തുകാരായ ബെന്യാമിന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മുസഫര്‍ അഹമ്മദ് എന്നിവര്‍ മലയാള പ്രവാസത്തിന്റെ നാള്‍വഴികളും പൊതു പ്രവണതകളും ചര്‍ച്ച ചെയ്യുന്നു. വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതാവസ്ഥകള്‍, പ്രശ്നങ്ങള്‍, സ്വപ്നങ്ങള്‍, കത്തുകള്‍, കത്തുപാട്ടുകള്‍ അടങ്ങിയ അനുഭവലേഖനങ്ങളും സംഭാഷണങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം. ‘ദൂരം വിളിക്കുമ്പോള്‍’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 114 രൂപ.
◾ഇന്ന് ലോക ശ്വാസകോശ ദിനം. ശ്വാസകോശാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയും പോലെ ശ്വാസകോശത്തിനും കാലക്രമേണ പ്രായമാകുന്നു. അതിനാല്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ശ്വാസതടസ്സം അനുഭവപ്പെടുന്നത് വരെ ആരോഗ്യമുള്ള ശ്വാസകോശത്തിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസ്സിലാകില്ല. കൊവിഡ് -19 പടര്‍ന്നുപിടിച്ചതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ശ്വാസകോശ രക്തചംക്രമണ രോഗങ്ങള്‍ ശ്വാസകോശത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. ഈ രോഗങ്ങള്‍ ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തപ്രവാഹത്തെ ബാധിക്കുന്നു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആസ്ത്മ അലട്ടുന്നു. ശരിയായ ചികിത്സയിലൂടെയും ആസ്ത്മ കൈകാര്യം ചെയ്യുന്നതിലൂടെയും വ്യക്തിക്ക് ആരോഗ്യകരവും സാധാരണവുമായ ജീവിതം നയിക്കാന്‍ കഴിയും. ബ്രോങ്കൈറ്റിസ് എന്ന് വിളിക്കപ്പെടുന്ന അക്യൂട്ട് ബ്രോങ്കൈറ്റിസ് ശ്വാസകോശത്തിലെ വായു ട്യൂബുകളെ ബാധിക്കുന്ന താഴ്ന്ന ശ്വാസകോശ അണുബാധയാണ്. ഇത് സാധാരണയായി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ഒരാഴ്ച മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. പുകവലി ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം. പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശാരോഗ്യത്തെ സഹായിക്കും. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയം വേഗത്തില്‍ സ്പന്ദിക്കുന്നു. ശ്വാസകോശം കഠിനമായി പ്രവര്‍ത്തിക്കുന്നു. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങള്‍ പരിശീലിച്ചുകൊണ്ട് ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതല്‍ ബോധപൂര്‍വമായ രീതിയില്‍ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളില്‍ ഒരാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശാരീരിക സമ്മര്‍ദത്തെ ഫലപ്രദമായും കൂടുതല്‍ ബോധപൂര്‍വമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു.