പോഷകങ്ങളുടെ പവര്‍ ഹൗസായ നട്‌സും ഡ്രൈ ഫ്രൂട്‌സും കഴിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നട്സ് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയും കലോറിയും അമിതമാകുന്നത് അപകടമാണ്. ബദാമില്‍ ഉയര്‍ന്ന തോതില്‍ ഫോസ്ഫറസും ഓക്‌സലേറ്റും ഉള്ളതിനാല്‍ വൃക്കരോഗികള്‍ ഇതിന്റെ അളവു നിയന്ത്രിക്കേണ്ടതുണ്ട്. ബദാം, വാല്‍നട്ട്, കശുവണ്ടി ഉള്‍പ്പെടെയുള്ള നട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് പെട്ടെന്ന് ദഹിക്കാനും പോഷകങ്ങളുടെ ലഭ്യതയും വര്‍ധിപ്പിക്കും. കൂടാതെ നട്‌സില്‍ അടങ്ങിയ കാല്‍സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും ആഗീരണത്തെ തടയുന്ന ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാനും ഇത് സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്ന നട്സ് വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കും. നല്ല തോതില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ അമിതമായി ബദാം, പിസ്ത തുടങ്ങിയവ കഴിക്കരുതെന്നും ഡയറ്റീഷ്യന്മാര്‍ പറയുന്നു. നട്‌സ് പകല്‍ സമയം കഴിക്കുന്നതാണ് നല്ലത്. പ്രധാന ഭക്ഷണങ്ങള്‍ക്ക് ഇടയിലുള്ള സ്നാക്കായും ഉപയോഗിക്കാം. പഴങ്ങള്‍ക്കൊപ്പം നട്സ് കഴിക്കുന്നത് പഴങ്ങളുടെ ഗ്ലൈസിമിക് സൂചിക കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങളിലെ വൈറ്റമിന്‍ സി നട്സിലെ അയണിന്റെ ആഗീരണത്തെ സഹായിക്കുകയും ചെയ്യും. ദിവസവും പരമാവധി 30 മുതല്‍ 50 ഗ്രാം വരെ നട്‌സ് കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.