പഞ്ചസാര ഒഴിവാക്കിയാല്‍ പ്രമേഹം വരില്ലെന്നത് ഒരു തെറ്റദ്ധാരണയാണ്. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം വിഘടിച്ചുണ്ടാവുന്ന ഗ്ലൂക്കോസിനെ ശരീരത്തിന് ആവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കുക എന്നതാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ജോലി. ഇന്‍സുലിന്റെ ഉല്‍പാദനത്തിലോ പ്രവര്‍ത്തനത്തിലോ ഉള്ള പ്രശ്നം പ്രമേഹത്തിലേക്കു നയിക്കും. പഞ്ചസാര ഒഴിവാക്കിയതു കൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് സാരം. അതുപോലെ പ്രമേഹം ഉണ്ടാകാനുള്ള നിരവധി ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് പാരമ്പര്യം. അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവുമെല്ലാം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ പ്രമേഹം പരിശോധിക്കുന്നത് അപകട സാധ്യത കുറയ്ക്കും. അമിതവണ്ണം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണെങ്കിലും മെലിഞ്ഞവര്‍ക്ക് പ്രമേഹം വരില്ലെന്നല്ല. ജനിതകമായ ഘടകങ്ങള്‍ കാരണം ഇന്‍സുലിന്‍ ഉല്പാദനം തടസപ്പെട്ടാല്‍ അതു പ്രമേഹത്തിലേക്കു നയിക്കാം. പ്രമേഹരോഗിയായ ഒരാള്‍ ഒരു അനുബന്ധ അസുഖത്തിന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയോ ചെയ്യുമ്പോള്‍ ഗുളികകള്‍ മാറ്റി ഇന്‍സുലിന്‍ ആക്കാറുണ്ട്. ഇത്തരം രോഗികള്‍ക്ക് ആ ചികിത്സ പൂര്‍ണമായി കഴിഞ്ഞാല്‍ ഇന്‍സുലിന്‍ നിര്‍ത്തി ഗുളികകള്‍ ആക്കാവുന്നതാണ്. എന്നാല്‍, ഗുളികകളുടെ പരമാവധി ഡോസ് എത്തിയതിനുശേഷം പ്രമേഹം നിയന്ത്രണത്തിലാകാത്തതു കാരണം ഇന്‍സുലിന്‍ തുടങ്ങുന്ന ഒരു രോഗിക്ക് പിന്നീട് ഇന്‍സുലിന്‍ തുടരേണ്ടി വരാം. ഇന്‍സുലിന്‍ എന്തിനുവേണ്ടി, എപ്പോള്‍ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് ഇത് തീരുമാനിക്കുക.