വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോൾ, വയനാട്ടിലെ പുനരധിവാസത്തിനുള്ള പണം കേരളത്തിന്‍റെ ദുരന്ത നിവരണ ഫണ്ടിൽ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവർത്തിച്ചു. കൂടുതൽ ഫണ്ട് അനുവദിക്കുമോ എന്നത് ഈ മാസം അവസാനിക്കും മുൻപ് അറിയിക്കുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാൽ പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നുണ്ടെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. കേസുകള്‍ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ലെന്നും എസ‍് ഡി ആര്‍ എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ വ്യക്തമാക്കി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള കേരളത്തോടുളള ക്രൂരമായ അവഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് നൽകുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാൻ കേന്ദ്രം കാത്തിരിക്കുകയായിരുന്നുവെന്നും കേന്ദ്രം പിന്നിൽ നിന്ന് കുത്തുമ്പോൾ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് എന്നും എംബി രാജേഷ് പറഞ്ഞു.
വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെയും ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ല ഒറ്റയ്ക്കായിരിക്കും സമരം ചെയ്യുകയെന്നും എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നതെന്നും എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്രസർക്കാറിന്‍റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്. കൂടാതെ കേരളത്തിന് 290 കൊടി കിട്ടിയ കാര്യം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചതാണ് അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങൾക്കും കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ആത്മകഥാ ഭാഗം പോളിംഗ് ദിനത്തിൽ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്ന് സംശയിച്ച് ഇ പി ജയരാജൻ. പ്രസിദ്ധീകരണത്തിന് കരാർ ഇല്ലാത്തതിനാലാണ് ഡിസി ബുക്സിനെ ഇപി തള്ളിപ്പറയുന്നതെന്നാണ് വിവരം. ഇപിയുമായുള്ള ആശയവിനിമയത്തിന്‍റെ വിശദാംശങ്ങളുണ്ടെങ്കിലും നിലവിൽ മറുപടി പറയേണ്ടെന്നാണ് ഡിസി യുടെ തീരുമാനം. പ്രചരിച്ച ആത്മകഥാ ഭാഗം ഇനി അതേപടി ഡിസി പ്രസിദ്ധീകരിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ.
തീരദേശമേഖലയായ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിൽ ലേഖനം. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ലെന്നും ലേഖനത്തിലുണ്ട്. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം. വഖഫ് ഭൂമിയെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തർക്കം പലർക്കും സ്വന്തം താത്പര്യം സംരക്ഷിക്കാൻകൂടിയാണെന്നും രാഷ്ട്രീയപാർട്ടികൾ വിഷയത്തെ നിസാരവത്കരിക്കുന്നുവെന്നും മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ബോർഡും മാറിമാറിവന്ന സർക്കാരുകളുമാണെന്നും ലേഖനത്തിൽ പറയുന്നു.
തലപ്പുഴയിലെ ഹയാത്തുല്‍ ഇസ്ലാം ജമാ അത്ത് കമ്മിയുടെ പരാതിയില്‍ വഖഫ് നോട്ടീസ് ലഭിച്ചതില്‍ പള്ളി കമ്മിറ്റിയുടെ തന്നെ മുന്‍ വൈസ് പ്രസിഡൻ്റിൻ്റെ വീടും ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് . എന്നാൽ പള്ളിയിലെ ഭരണസമിതിയില്‍ തുടങ്ങിയ തർക്കമാണ് ഒടുവില്‍ വഖഫ് ഭൂമി പ്രശ്നത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് ഉയർന്നുവരുന്ന ആരോപണം. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച സർക്കാർ വിളിച്ചിരിക്കുന്ന യോഗത്തിലാണ് തലപ്പുഴക്കാരുടെയും പ്രതീക്ഷ.2022 ലെ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് വയനാട് തലപ്പുഴയിലെ അഞ്ച് കുടംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പിവി അൻവറിനെതിരെ തലശ്ശേരി, കണ്ണൂർ കോടതികളിൽ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. നേരത്തെ തന്നെ പിവി അൻവറിൻ്റെ ആരോപണങ്ങൾക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ എപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണെന്ന് മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. സി പി എമ്മിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇപിജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു .
ബി.ജെ.പി ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. ഇത് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് നീക്കം ചെയ്യേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ – വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തിൽ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തി. ‘വടക്കുമ്പാട് ശങ്കരനാരായണൻ’ എന്നാണ് ഈ റോബോ കൊമ്പനാനക്ക് നൽകിയിരിക്കുന്ന പേര്. ഈ റോബോട്ടിക് ആനയെ നിർമ്മിച്ചത് ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദില്ലി ആസ്ഥാനമായുള്ള സംഘടനയായ പെറ്റ ഇന്ത്യ ആണ്.
ശബരിമല ക്ഷേത്ര നട മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് നാലിന് തുറക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. സുഗമമായ ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.
ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരുമെന്നും ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച പൂർണ്ണമായ കണക്കുകൾ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്നും ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.
എറണാകുളം വടക്കൻ പറവൂർ തൂയിത്തുറയിൽ പാലത്തിന് സമീപം വീടുകളിൽ മോഷണ ശ്രമം. 6 വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. എന്നാൽ വീടുകളിൽ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വടക്കേക്കര പോലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം തുടങ്ങി.
വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കൊടക്കല്ലിൽ പെട്രോൾ പമ്പിനെ സമീപം വാടക വീട്ടിൽ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്.
കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ യാത്രക്കിടെ ഊരിത്തെറിച്ചു. പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് കേടായത്. ശിശുദിനത്തില്‍ വൈകിട്ട് നാലരയോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലായിരുന്നു അപകടം. അപകട സമയത്ത് ബസിൽ നിറയെ കുട്ടികളുണ്ടായിരുന്നു. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ അപകടമൊഴിവായി.
കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. തൊട്ടുപിന്നാലെ സംസാരിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പണപ്പെരുപ്പം തന്നെയാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമെന്ന് വ്യക്തമാക്കി. അനവസരത്തില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഏതൊരു നീക്കവും വളരെ അപകടകരമാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദില്ലിയിൽ ഇന്നു രാവിലെ 8 മണിമുതൽ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കർമ്മ പരിപാടിയായ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻപ്ലാനിന്റെ സ്റ്റേജ് 3 നടപ്പാക്കി തുടങ്ങി. പ്രൈമറി സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും. ക്ലാസുകൾ ഓൺലൈനായി നടത്തും. നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും നിർത്തി വയ്ക്കും. പൊടി ഉൽപാദിപ്പിക്കുന്ന ജോലികൾക്കും നിയന്ത്രണമുണ്ട്. ഡീസൽ ബസുകൾ നിരത്തിലിറക്കുന്നതിനും നിയന്ത്രണമുണ്ടാകും. വായുമലിനീകരണ തോത് ഇന്നും വളരെ മോശം അവസ്ഥയിലാണ്.
ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. 225 അംഗ പാർലമെന്റിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനൽ പീപ്ൾസ് പവർ 123 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം നേടി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 107 സീറ്റുകളും കടന്നാണ് എൻപിപിയുടെ മുന്നേറ്റം. എൻപിപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് അനുര കുമാര ദിസനായകെ പ്രതികരിച്ചു. എന്നാൽ അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
പാർലമെന്റ് സമ്മേളനത്തിനിടെ ബിൽ കീറിയെറിഞ്ഞ് പരമ്പരാഗത നൃത്തം ചെയ്ത് ന്യൂസിലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ഹന റൗഹിതി മൈപി ക്ലാർക്ക്. വൈതാംഗി ഉടമ്പടിയിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്താനുദ്ദേശിക്കുന്ന വിവാദ ബില്ലാണ് എംപി കീറിയെറിഞ്ഞ് നൃത്തം ചെയ്ത് പ്രതിഷേധിച്ചത്.
രാജ്യത്തെ നിർബന്ധിത ഹിജാബ് നിയന്ത്രണങ്ങൾ അനുസരിക്കാത്ത സ്ത്രീകൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് ഇറാൻ. ഹിജാബ് നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയവും മാനസികവുമായ ചികിത്സ ക്ലിനിക്കിൽ നൽകുമെന്ന് ടെഹ്‌റാൻ ഹെഡ്ക്വാർട്ടേഴ്‌സ് ഫോർ ദി പ്രമോഷൻ ഓഫ് വൈസ് ആൻഡ് പ്രിവൻഷൻ ഹെഡ്ക്വാർട്ടേഴ്‌സിലെ വനിതാ-കുടുംബകാര്യ ഡിപ്പാർട്ട്‌മെൻ്റ് മേധാവി വ്യക്തമാക്കി.
ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിന്റെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ സിഐഎ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം. ക്ലാസിഫൈഡ് വിഭാഗത്തിലുള്ള വിവരങ്ങളാണ് കംബോഡിയയിൽ എഫ്ബിഐ അറസ്റ്റിലായ അസിഫ് വില്യം റഹ്മാൻ എന്ന സിഐഎ ജീവനക്കാരൻ ചോർത്തിയത്.
ലെബനോനിലെ കിഴക്കൻ ബാൽബെക്ക് ഏരിയയിലെ പ്രധാന സിവിൽ ഡിഫൻസ് സെന്ററിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 37 പേർ മരിച്ചുവെന്ന് റിപ്പോർട്. സ്ഥലത്തു നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലം അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇരുപതോളം സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.