ഉപ്പ് കൂടുന്നത് രുചിയെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും ബാധിക്കാം. സോഡിയം അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് മാത്രമല്ല, ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഗ്യാസ്ട്രിക് ക്യാന്‍സര്‍ ജേണലിലാണ് യുകെയില്‍ നിന്നുള്ള ഈ പഠനം പ്രസിദ്ധീകരിച്ചത്. യുകെയിലെ 471,144 പേരിലാണ് പഠനം നടത്തിയത്. ആമാശയത്തിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി അപകട ഘടകങ്ങളില്‍ ഒരു ഘടകം ഉപ്പിന്റെ ഉപഭോഗമാണെന്നും പഠനം പറയുന്നു. അതിനാല്‍ ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഡിയം ഉപഭോഗം കുറയ്ക്കുന്നതിലൂടെ, പ്രത്യേകിച്ച് ഉപ്പിട്ട ഭക്ഷണങ്ങളും സംസ്‌കരിച്ച മാംസങ്ങളും ഒഴിവാക്കുന്നതിലൂടെ വയറ്റിലെ ക്യാന്‍സര്‍ അഥവാ ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. ഉപ്പിന്റെ അമിത ഉപയോഗം ഹൃദയാഘാതം, സ്‌ട്രോക്ക്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക പ്രശ്‌നങ്ങള്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ഉയര്‍ന്ന സോഡിയം ശരീരത്തില്‍ എത്തുന്നതു മൂലം കാലക്രമേണ എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. സംസ്‌കരിച്ചതും പാക്കേജു ചെയ്തതുമായ പല ഭക്ഷണങ്ങളിലും ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. അധിക ഉപ്പ് ചേര്‍ക്കുന്നതിനുപകരം സുഗന്ധവ്യഞ്ജനങ്ങള്‍, നാരങ്ങ നീര് അല്ലെങ്കില്‍ വിനാഗിരി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്.