55-ാം ജന്മദിനം ആഘോഷിച്ച് കെ.എസ്.എഫ്.ഇ. കെ.എസ്.എഫ്.ഇ.യുടെ 684 ശാഖകളും മറ്റ് ഓഫീസുകളും ഇന്നലെ ജന്മദിനം ആഘോഷിച്ചു. 1969 നവംബര്‍ 6 ന് കെ.എസ്.എഫ്.ഇ നിലവില്‍ വരുമ്പോള്‍ കേവലം 10 ശാഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2 ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരുമായി വളരെ എളിയ നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 55 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 100 കോടി രൂപ അടച്ചു തീര്‍ത്ത മൂലധനവും 684 ശാഖകളും 8000 ത്തിലധികം ജീവനക്കാരുമുള്ള ബൃഹദ് സ്ഥാപനമായി ഇത് വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ കേരള ജനത കെ.എസ്.എഫ്.ഇ. യില്‍ അര്‍പ്പിച്ച വിശ്വാസമാണ് എന്ന് ജന്മദിന സന്ദേശത്തില്‍ കെ.എസ്.എഫ്.ഇ. ചെയര്മാന് കെ. വരദരാജനും മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനിലും അഭിപ്രായപ്പെട്ടു. നൂറു ശതമാനം സുരക്ഷിതത്വമാര്‍ന്ന നിരവധി സാമ്പത്തിക പദ്ധതികള്‍ ഒരുക്കിക്കൊണ്ടും സേവന രംഗത്ത് പുതിയ ആവിഷ്ക്കാരങ്ങള്‍ സാധ്യമാക്കിക്കൊണ്ടും ഇടപാടുകാരെ കൂടുതല്‍ ചേര്‍ത്തു പിടിക്കുന്നതിനാവശ്യമായ നടപടികള്‍ നിരന്തരം പ്രദാനം ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ, ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും ‘ കസ്റ്റമര്‍ മീറ്റ് 2024” നടത്തുന്നതാണ്. 2024 നവംബര്‍ 6 ന് ആരംഭിച്ച് ഒരു മാസക്കാലം വ്യത്യസ്ത ദിനങ്ങളിലായി വിവിധ ശാഖകളില്‍ കസ്റ്റമര്‍ മീറ്റ് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.