ഇവി ബ്രാന്‍ഡായ ഫ്ളെയിങ് ഫ്ളീക്ക് കീഴിലെ ആദ്യ ഇവി സി6 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഭാവിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ഫ്ളെയിങ് ഫ്ളീക്കു കീഴിലായിരിക്കും പുറത്തിറക്കുക. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്കുവേണ്ടി 1940കളില്‍ റോയല്‍ എന്‍ഫീല്‍ഡ് സവിശേഷമായി നിര്‍മിച്ച മോട്ടോര്‍ സൈക്കിളുകളാണ് ഫ്ളെയിങ് ഫ്ളീ. പാരച്യൂട്ടുകളില്‍ വിമാനങ്ങളില്‍ നിന്നും യുദ്ധഭൂമിയിലേക്ക് നേരിട്ടിറക്കിയിരുന്ന ഭാരം കുറഞ്ഞ ഈ മോട്ടോര്‍ സൈക്കിളുകള്‍ ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള കരുത്തുള്ളവയായിരുന്നു. പഴമയും പുതുമയും ഒത്തിണങ്ങിയ രൂപമാണ് ഫ്ളെയിങ് ഫ്ളീ സി6ന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്നത്. ഉരുണ്ട എല്‍ഇഡി ഹെഡ്ലൈറ്റും ഇന്നത്തെ ഇരുചക്രവാഹനങ്ങളില്‍ കാണാത്ത ഗിര്‍ഡര്‍ ഫോര്‍ക്കും സി6ന് റെട്രോ ലുക്ക് നല്‍കുന്നുണ്ട്. സാധാരണ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപമാണ് സി6ന്റേത്. 17 ഇഞ്ചിന്റെ മെലിഞ്ഞ ടയറുകളുള്ള സി6ല്‍ അലൂമിനിയം ഫ്രെയിമാണുള്ളത്. 2026ലായിരിക്കും ഫ്ളെയിങ് ഫ്ളീ സി6 വില്പനക്കെത്തുക.