കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് 154 പേർക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്.