പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പി സരിൻ അച്ചടക്ക ലംഘനം നടത്തിയെങ്കിൽ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  പറഞ്ഞു. സരിൻ സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവാണെന്നും സുധാകരൻ പറഞ്ഞു.

 

ഡോ. പി സരിന്റെ ആരോപണം തളളി ഷാഫി പറമ്പിൽ എംപി. രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ ഷാഫി, രാഹുലിനെ പ്രവർത്തകർ അം​ഗീകരിച്ചു കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. സരിനെതിരായ അച്ചടക്ക നടപടി പാർട്ടി തീരുമാനിക്കട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു

പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിൻ പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുന്നതാണ് ഉത്തരവാദിത്തമെന്ന് തിരുവഞ്ചൂർ പറഞ്ഞു. സരിൻ കോൺഗ്രസ്‌ നേതൃത്വത്തിന് കീഴടങ്ങണം. കോൺഗ്രസ്‌ സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

 

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നത്തല . സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസിയുടെ തീരുമാനം അന്തിമമാണ്. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും  ചെന്നിത്തല പറഞ്ഞു.

 

ശബരിമല ദർശനത്തിന് 10,000 പേർക്ക് സ്പോട്ട് ബുക്കിം​ഗ് അനുവദിച്ച് സർക്കാർ. ശബരിമലയിൽ പ്രതിദിനം വെർച്വൽ ബുക്കിം​ഗ് 70,000 പേർക്ക് മാത്രമാക്കി അനുവദിക്കുകയായിരുന്നു. ബാക്കി വരുന്നവരെ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനമെന്നായിരുന്നു സർക്കാർ തീരുമാനിച്ചത്. എന്നാലിത് പ്രതിഷേധങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. നിലവിൽ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ട്.

 

തുലാമാസത്തിലെ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിച്ചു. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ് . മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയമേൽശാന്തിമാർ ചുമതലയേൽക്കും.

അഴിമതി ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തത്.

 

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന്കെ സുധാകരൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് എഡിഎം  ജീവനൊടുക്കിയത്. പിപി ദിവ്യ കൊലപാതകിയാണെന്ന് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തിയ കെ സുധാകരൻ ദിവ്യ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബുവിന്‍റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്‍ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നവീൻ ബാബുവിന്‍റെ പൊതുദർശനവും സംസ്കാരവും നാളെ നടക്കും. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരുന്നു.

 

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച പെട്രോൾ പമ്പ് അപേക്ഷയിൽ ദുരൂഹതയേറുന്നു. ഇമെയിൽ വഴി അയച്ചതായി പറയുന്ന കൈക്കൂലി പരാതിയിൽ ഒട്ടേറെ അവ്യക്തതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം, പമ്പിൻ്റെ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകിയിരിക്കുകയാണ് ബിജെപി.

 

മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എൻഒസി നല്‍കുന്നതിൽ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ എന്‍ഒസി അനുവദിച്ചതിൽ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ് നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ, തമിഴ് നാട് ഇതിന് തയ്യാറാകാതെ വന്നതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്.

 

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം .പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെ കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു.

കെ റെയില്‍ വിഷയം കേരള സര്‍ക്കാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുമ്പാകെ വീണ്ടും അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റെയില്‍വെ പദ്ധതികളിൽ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

 

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ ബാത്തിഷ, ചെറുവളപ്പില്‍ ഷഹീര്‍ എന്നിവരെയാണ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ചാവക്കാട് മണത്തല ചിന്നാരിൽ മുഹമ്മദ് സഫാൻ(22) എന്നയാളെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പു നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദം മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട് . അയൽരാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിൻറെ അന്തരീക്ഷം നില്ക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കർ പറഞ്ഞു.

കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ചു. ഡിഎ 3% വർധിപ്പിക്കുന്നതിന് ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോ​ഗം അംഗീകാരം നൽകി. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. പുതിയ വർദ്ധനവ് പ്രാബലത്തിൽ വരുന്നതോടെ ഇത് 53% ആയി ഉയരും. ഇത് രാജ്യവ്യാപകമായി ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കാണ് പ്രയോജനം ചെയ്യുക.

 

ബെംഗളുരുവിലെ കനത്ത മഴയിൽ നാഗവരയിലെ ഔട്ടർ റിംഗ് റോഡിലുള്ള മാന്യത ടെക് പാർക്കിൽ വൻ മണ്ണിടിച്ചിൽ. മാന്യത എംബസി ബിസിനസ് പാർക്കിന്‍റെ രണ്ടാം നമ്പർ ഗേറ്റിന് സമീപത്താണ് വലിയ മതിലിടിഞ്ഞ് നിലം പതിച്ചത്. നിർമാണ സ്ഥലത്ത് മഴയായതിനാൽ തൊഴിലാളികളുണ്ടായിരുന്നില്ല. വൻദുരന്തമാണ് ഒഴിവായത്.

മുസ്ലിം മതവിഭാഗത്തിൽ പെട്ടവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിന് അനുമതി നൽകിയ കർണാടക സർക്കാരിന്‍റെ നിയമ ഭേദഗതിയിൽ ഇടപെട്ട് കർണാടക ഹൈക്കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു. നവംബർ 12 നകം വിശദമായ മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാട്ടിയുള്ള ഹർജിയിലാണ് കോടതി നടപടി.

മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ ചെയർമാൻ കെ മാരിഗൗഡ രാജി വച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടാണ് മാരിഗൗഡ രാജി സമർപ്പിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് മാരിഗൗഡയുടെ വിശദീകരണമെങ്കിലും രാഷ്ട്രീയവിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് രാജിയെന്ന കാര്യം വ്യക്തമാണ്.

 

പഞ്ചാബിൽ ശൗര്യചക്ര ജേതാവായ ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളാണെന്ന് എൻഐഎ. സുപ്രീം കോടതിയിൽ എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് എൻഐഎ രം​ഗത്തെത്തിയിരിക്കുന്നത്.

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയിൽ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറയുന്നു.

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയാണെന്നും അവരുടെ കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്നും കാനഡയിലെ സിഖ് നേതാവ് ജഗ്മീത് സിങ്ങ്. കാനഡയിലെ സിഖുകാര്‍ ആശങ്കയിലാണെന്നും ഇന്ത്യക്കെതിരേ നയതന്ത്ര ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *