ചെങ്കോട്ടയില്‍ ദസറ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. മാധവ ദാസ് പാര്‍ക്കില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദസറ ആഘോഷങ്ങള്‍ നടന്നത്.
സർക്കാരുമായുള്ള പോരിൽ, ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ വരെ സിപിഎം നേതാക്കൾ ഗവർണ്ണറെ വെല്ലുവിളിച്ചു.ഉദ്യോഗസ്ഥരുടെ കാര്യത്തിലെന്ന പോലെ പരാമർശ വിവാദത്തിലും ഗവർണ്ണർ അയഞ്ഞോ എന്ന് വ്യക്തമല്ല.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് വിഡി സതീശന്. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ പോര് തുടങ്ങും. സർക്കാർ പ്രതിരോധത്തിലാവുമ്പോൾ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്നതാണ്.പറയാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിൽ ഒളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ. ഗവർണർ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ ജയരാജൻ, ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും ചൂണ്ടികാട്ടി. സൂപ്പർ മുഖ്യമന്ത്രി ചമയാൻ ശ്രമിക്കുകയാണ് ഗവർണർ. 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവർണർക്ക് മനസിലാകുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിലുണ്ടാകുന്നത്. സംസ്ഥാനത്തും വിദ്യാരംഭചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ നാളെയാണ് എഴുത്തിനിരുത്ത് നടക്കുക.വിജയദശമി ദിനമായ നാളെ പുലർച്ചെ നാല് മണിമുതൽ വിദ്യാരഭം തുടങ്ങും.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്.സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോയെന്ന സംശയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായ ശേഷം മാത്രം സ്ഥാനാർത്ഥി നിര്‍ണയം അന്തിമമാക്കാമെന്ന തീരുമാനത്തിലാണ് സിപിഐ. തെരഞ്ഞെടുപ്പ് വൈകിയാല്‍ പ്രിയങ്കഗാന്ധി ലോക്സഭയില്‍ എത്തുന്നത് വൈകുമെന്നതാണ് കോണ്‍ഗ്രസിന്റെ ആശങ്ക.
വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസർക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം. സഹായം സംബന്ധിച്ച് നല്ല റിപ്പോർട്ട് തന്നെ കേന്ദ്രം കോടതിയിൽ നൽകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. എന്നാൽ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വിവേചനമാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടെന്ന് മന്ത്രി വിഎൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പലായ എംഎസ്സി ലിസ്ബൻ വെള്ളിയാഴ്ച എത്തിയെന്ന് അദ്ദേഹം അറിയിച്ചു. ട്രയൽ റൺ സമയത്ത് തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചിട്ടുണ്ടെന്നും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി കുറിച്ചു.
വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ കേന്ദ്ര ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നൽകി . മന്ത്രാലയത്തിന്റെയും എൻ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചു വിവിധ സംഘടനകൾ, സർട്ടിഫിക്കറ്റ്, ഔഷധങ്ങൾ തുടങ്ങിയവയിൽ വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ കർശനമായ നടപടി ഉണ്ടാകും. ആയുഷ് മന്ത്രാലയം, എൻസിഐഎസ്എം എന്നിവ നേരിട്ട് നൽകുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സർട്ടിഫിക്കേഷൻസ് മാത്രമാണ് സാധുവായവ.
കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയിൽ ഒന്നാം സ്ഥാനത്ത് കേരളം . കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതിൽ പറയുന്നു. രണ്ടാം സ്ഥാനത്തു കർണാടകയും, തമിഴ്നാടും ഗോവയും മൂന്നാo സ്ഥാനത്തും ആണുള്ളത് .
കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി എപി സുന്നി മുഖപത്രമായ സിറാജ്. പൊലീസിന്റെ നടപടികളിൽ ആർഎസ്എസ് ചായ്വ് പ്രകടമാണെന്നാണ് സിറാജിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സംഘപരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുമ്പോൾ കേസ് എടുക്കാറില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ മറിച്ചാണ് നിലപാടെന്നും സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
പൊലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ.തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണ് പൊലീസെന്നാണ് വിമർശനം. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുൾ സത്താറിൻ്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
ബലാത്സoഗ കേസില്‍ നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല.2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോൺ എന്നിവ കൈവശ മില്ലെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചു.ഇനി സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷമേ സിദ്ദിഖിന്റെ കാര്യത്തിൽ തുടർ നടപടി ഉണ്ടാകൂ.
ഓംപ്രകാശ് ഉൾപെട്ട ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്. ആവശ്യമെങ്കിൽ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.
ജനസംഖ്യയിലെ യുവതയുടെ അനുപാതത്തിൽ ഉണ്ടാകുന്ന കുറവ് ഗൗരവതരവും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെതന്നെ ബാധിക്കുമെന്നും മന്ത്രി കെ. എൻ. ബാലഗോപാൽ. തിരുവനന്തപുരത്തു നടക്കുന്ന പ്രോഫ്കോൺ’ ത്രിദിന ആഗോള പ്രൊഫഷണൽ വിദ്യാർഥി സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അതിശക്ത മഴക്ക് ശമനം . നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
മലപ്പുറം വേങ്ങരയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റിരിക്കുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിലായി. സരളപ്പതി തേവർ തോട്ടത്തിൽ മുനിസ്വാമിയെ (63) ആണ് പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയിലുള്ള അണ്ണാനഗറിൽ നിന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ദില്ലിയിലെ സരായ് കാലേ ഖാനിൽ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 3.30 ഓടെയാണ് റോഡരികിൽ യുവതിയെ ചോരയിൽ കുളിച്ച നിലയിൽ ഒരു നാവിക സേന ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്.സിസിടിവികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കൾ കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. രാജ്യതലസ്ഥാനം ലഹരിവഴിയിലെ സൂക്ഷിപ്പ് കേന്ദ്രമായി മാറുകയാണെന്നാണ് ദില്ലി പൊലീസിന്റെ കണ്ടെത്തൽ. ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാടിൽ കേസ് എടുത്ത ഇഡി ദില്ലിയിലും മുംബെയിലും പരിശേോധന നടത്തി.
കരസേനയ്ക്ക് ഊർജ്ജമാകാൻ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. ഡ്രോൺ അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ തകർക്കുന്ന സംവിധാനമാണ് അഗ്നിയസ്ത്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ രാജ്പ്രസാദ് വികസിപ്പിച്ച സംവിധാനമാണ് അഗ്നിയസ്ത്ര.സിക്കിമിൽ നടന്ന ആർമി കമാൻഡേഴ്സ് യോഗത്തിൽ ആദ്യ അഗ്നിയസ്ത്ര കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ഇ-രജിസ്ട്രി, ഇ-രജിസ്ട്രേഷൻ ആപ്ലിക്കേഷൻ സംപദ 2.0 ഉദ്ഘാടനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. സ്ഥലവുമായി ബന്ധപ്പെട്ട ഇടപാടുകൾ, രേഖകൾ, പരാതികൾ എന്നിവ എളുപ്പത്തിൽ പരിഹരിക്കുന്ന സംവിധാനമാണ് പുതുതമായി തുടങ്ങിയ സംപദ 2.0. സംസ്ഥാനത്തിനകത്ത് മാത്രമല്ല പുറത്തുനിന്നും രാജ്യത്തിന് പുറത്തു നിന്നും ഇത് ഉപയോഗിക്കാനാകും എന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി അടിച്ചേൽപിക്കുന്നതിന് എതിരെ ആർഎസ്എസ്. ഒരുഭാഷ മാത്രമാണ് ഏറ്റവും മഹത്തായത് എന്നത് തെറ്റായ പ്രചരണമാണെന്ന് മുതിർന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇന്ത്യയിൽ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് എന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന പ്രസ്താവനയിൽ വ്യക്തമാക്കി.
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന് ഖേര പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. ഭരണസിരാകേന്ദ്രങ്ങളെയടക്കം പ്രതിസന്ധിയിലാക്കുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഇറാൻ നേരിട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ താറുമാറായെന്നും ആണവകേന്ദ്രങ്ങളെ സൈബർ ആക്രമണം ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. സുപ്രധാന രേഖകള്‍ ചോർത്തിയെന്നും വിവരമുണ്ട്.
ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. വിജയദശമിയുമായി ബന്ധപ്പെട്ട് നാഗ്പുരില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി.
കോണ്‍ഗ്രസ് അര്‍ബന്‍ നക്സലുകളുടെ പാര്‍ട്ടിയാണെന്ന് വിമര്‍ശനമുന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. ‘പുരോഗമന ചിന്താഗതിക്കാരെ അര്‍ബന്‍ നക്സലുകള്‍ എന്നുവിളിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.
തമിഴ്നാട്ടില്‍ വെള്ളിയാഴ്ച രാത്രിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.