മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കള്‍ട്ട് കോമഡി ചിത്രം ‘ആട്: ഒരു ഭീകര ജീവിയാണ്’ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു. സിനിമയുടെ ടൈറ്റില്‍ പങ്കുവച്ചു കൊണ്ടുള്ള സംവിധായകന് മിഥുന് മാനുവല്‍ തോമസിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘ആട് 3: വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥയുടെ ആദ്യ പേജുള്ള ലാപ്ടോപ് സ്ക്രീനിന്റെ ചിത്രവും പങ്കുവച്ചു. ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പും ഒക്കെ ചിത്രത്തില്‍ വീണ്ടും എത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ രണ്ട് ഭാഗങ്ങളില്‍ നിന്നും മാറി വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുന്നത്. ഏകദേശം 40 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും വലിയ നിര്‍മ്മാണ സംരംഭമാകും ആട് 3. 2015ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയേറ്ററുകളിലെത്തുന്നത്.