വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടാൽ ആരും സംരക്ഷിക്കപ്പെടുകയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 24-ാം തീയ്യതിക്ക് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിവരാവകാശപ്രകാരമുള്ള നോട്ടീസിന് മറുപടി നൽകിയത് വസ്തുതകള്‍ അനുസരിച്ചില്ലാത്തതിനാലാണ് ഉദ്യോ​ഗസ്ഥനെതിരേ നടപടിയെടുത്തതെന്നും പിണറായി പറഞ്ഞു.

എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ. അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും പിവി അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നു. കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകൾ അജിത് കുമാറിനുണ്ടെന്നും പിവി അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേ വീണ്ടും ഇടത് എംഎൽഎ പി വി അന്‍വര്‍. പി ശശിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കിൽ ഒരാള്‍ക്ക് ഇങ്ങനെ വീഴ്ചകള്‍ പറ്റുമോയെന്നും അന്‍വര്‍ ചോദിച്ചു.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്നും തുടരും. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ.

മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്. രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് പേരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം ഇരട്ടക്കടയിൽ മകളുടെ സുഹൃത്തായ 19 കാരനെ കുത്തി കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല എന്ന് കൊല്ലപ്പെട്ട അരുണിൻ്റെ കുടുംബം ആരോപിച്ചു. രണ്ട് സമുദായമായതുകൊണ്ടാണ് പ്രസാദ് ഇരുവരുടെയും ബന്ധത്തെ എതിർത്തതെന്നാണ് അരുണിൻ്റെ അമ്മയുടെ സഹോദരി സന്ധ്യ ആരോപിച്ചു.

സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സര്‍ക്കാരിന് ഇന്നലെ വരെ സിഎംഡിആര്‍എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍ പുറത്ത്.5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്.

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിനെതിരെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു . തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു.

കോഴിക്കോട് ജില്ലയിലെ മുക്കത്ത് മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസിൽ രണ്ടുപേർ പിടിയിൽ. കാറിൽ ഉണ്ടായിരുന്ന രണ്ട് തിരുവമ്പാടി സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.നടക്കുന്നത് തൊഴിലാളി ചൂഷണമാണ്.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മർദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിർമാണം വേണം എന്നും അദ്ദേഹം പറഞ്ഞു .

പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ താറാവ് വളർത്തലിന് നിരോധനമേർപ്പെടുത്തിയ തീരുമാനം കർഷകർക്ക് തിരിച്ചടിയാകുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവ് കുഞ്ഞുങ്ങളെ വാങ്ങാൻ ക‍ർഷകർ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത നിരോധനം. ഇതോടെ ക്രിസ്മസ് വിപണിയിൽ നാടൻ താറാവുകൾക്ക് ക്ഷാമം നേരിടും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ദില്ലിയിൽ നിന്ന് യാത്ര തിരിച്ചത്. ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി പ്രത്യേക ചർച്ചയും നടത്തും.

സ്കൂൾതല മത്സരം പൂർത്തിയായി ഉപജില്ലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ്‌ നടക്കുന്നതിനിടെ ഭേദഗതിവരുത്തി പ്രവൃത്തിപരിചയമേള മാന്വൽ എത്തി. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 10 ഇനങ്ങൾ ഒഴിവാക്കിയും 11 ഇനങ്ങൾ കൂട്ടിച്ചേർത്തുമാണ് മാന്വൽ ഭേദഗതി ചെയ്തത്.

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു ഇദ്ദേഹം.

ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

 

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാരാണസിയിലെ സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള തുടർനടപടി സജീവമാക്കി കേന്ദ്രസർക്കാർ.വിയോജിച്ചുനിൽക്കുന്ന പ്രതിപക്ഷകക്ഷികളുമായുള്ള സമവായചർച്ചകൾക്ക് മന്ത്രിമാരായ രാജ്‌നാഥ് സിങ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവരെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

തിരുപ്പതി ലഡ്ഡുവിലെ മൃഗകൊഴുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ദിണ്ടിഗലിലെ എ.ആർ.ഡയറി രംഗത്ത്.ക്ഷേത്രത്തിന് നൽകിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെററാണ്.സർക്കാർ അംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക് ശേഷമാണു നെയ്യ്‌ കൈമാറിയത്.ഏത് അന്വേഷണം നേരിടാനും തയാറെന്നും കമ്പനിവ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും നേപ്പാളിന്‍റെയും സാംസ്കാരിക പൈത‍ൃകത്തെ അറിയാന്‍ ഈ യാത്ര സഹായിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

കോപ്പിയടി തടയാൻ ഇന്‍റർനെറ്റ് നിരോധനവുമായി ജാർഖണ്ഡ്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍റെ ബിരുദ ലെവൽ പരീക്ഷക്കാണ് ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പർ ചോരുന്നതടക്കമുള്ള മുൻകാല അനുഭവങ്ങളെ മുൻനിർത്തിയാണ് നടപടി. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് ഉത്തരവ്.

 

ബെംഗളൂരു കോര്‍പ്പറേഷനിലെ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി. എം.എല്‍.എ.യും മുന്‍മന്ത്രിയുമായ മുനിരത്‌ന വീണ്ടും അറസ്റ്റില്‍. സാമൂഹികപ്രവര്‍ത്തകയായ 40-കാരി നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് പുതിയ അറസ്റ്റ്.

 

നടൻ വിജയ് രൂപവത്കരിച്ച രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ j ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27-ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രവും കർമ പരിപാടിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വിജയ് വെള്ളിയാഴ്ച അറിയിച്ചു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 432 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ടീമിന് മികച്ച ലീഡ് സമ്മാനിച്ചത്.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *