മരിയയ്ക്ക് സ്കൂള്‍ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാല്‍ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരല്‍ക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാന്‍ ദേവകിടീച്ചര്‍ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂള്‍ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂള്‍ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചര്‍ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, ”എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, ”ഓ ആ പെണ്ണിനു ഭയങ്കര പവറാ!” സംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേള്‍ഡ് ടൂര്‍ പോകുന്ന ഗീവര്‍ഗീസ് സഹദായും പാവപ്പെട്ടവര്‍ക്കായി വിപ്ലവമുണ്ടാക്കാന്‍ നടക്കുന്ന കര്‍ത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…’മരിയ വെറും മരിയ’. സന്ധ്യാമേരി. മാതൃഭൂമി. വില 204 രൂപ.