തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ഓൺലൈനായി ചേരും. മാലിന്യ നീക്കം, വാക്സിനേഷൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ നിശ്ചയിച്ചിരുന്നു. കൂടാതെ നായകളെ കൊല്ലാനുള്ള അനുമതിക്കായി സുപ്രീം കോടതിയിൽ പോകാനും തീരുമാനിച്ചിരുന്നു. അതിന് പിറകെയാണ് നഗരസഭാ അധ്യക്ഷന്മാരുമായും കലക്ടർമാരുമായും മീറ്റിംഗ് ചേരുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് യോഗം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനത്തിന്റെ ഉച്ചതിരിഞ്ഞുള്ള യാത്രയ്ക്കിടയിൽ കെ.റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് നാല് മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും
അട്ടപ്പാടി മധുകൊലക്കേസിന്റെ വിചാരണ ഇന്ന് മുതൽ വീണ്ടും. നാല് സാക്ഷികളെ വീതം വിസ്തരിക്കും. പ്രതികൾ ജാമ്യത്തിലാണ് . വിചാരണക്കോടതി ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതിയാണ് താത്കാലിക സ്റ്റേ അനുവദിച്ചത്. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെ, വിചാരണ നീളുകയായിരുന്നു. കഴിഞ്ഞ ദിവസം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അട്ടപ്പാടിയിൽ മധുവിന്റെ വീട് സന്ദർശിച്ചിരുന്നു.
കർണാടകത്തിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രവർത്തനം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനമന്ത്രി,പ്ലാനിംഗ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിയെയാണ് പഠിക്കാനയക്കുന്നത്. ഗ്രാമ – നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്മെൻ്റ് രീതി എന്നിവ പഠിക്കും .റിപ്പോർട്ട് വൈകാതെ ധനവകുപ്പിന് സമർപ്പിക്കും.
മുകുൾ റോഹത്ഗി പുതിയ അറ്റോർണി ജനറൽ. നിലവിലുള്ള എ ജി കെ കെ വേണുഗോപാൽ തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് റോഹത്ഗിയെ നിയമിക്കാൻ തീരുമാനിച്ചത് . അടുത്ത മാസം ഒന്നിന് മുകുൾ റോഹത്ഗി ചുമതലയേല്‍ക്കും എന്നാണ് സൂചന. നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.
പറമ്പിക്കുളം ഓവൻപാടി കോളനിയിൽ കഴിഞ്ഞ ദിവസം രോഗിയായ സ്ത്രീയെ മുളയിൽ കെട്ടിവെച്ച് ആശുപത്രിയിൽ കൊണ്ടുപോയി. ഈ കോളനിയും മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം 2019ലെ പ്രളയത്തിൽ തകർന്നിരുന്നു. പിന്നീട് പാലം നിർമിക്കാൻ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.30ഓളം കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. പാലം ഇല്ലാത്തതിനാൽ പുറംലോകവുമായുള്ള ഇവരുടെ സമ്പർക്കം ബുദ്ധിമുട്ടിലാണ്. രോഗിയെ ആദ്യം നടത്തിയാണ് കൊണ്ടുപോയതെങ്കിലും പിന്നീട് നടക്കാൻ ബുദ്ധിമുട്ടു നേരിട്ടപ്പോഴാണ് മുളയിൽ കെട്ടി കൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു.