അരവിന്ദ് കെജ്രിവാളിന്‍റെ പിൻഗാമിയായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മറ്റു എംഎല്‍എമാരും തീരുമാനം അംഗീകരിക്കുകയിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിനുശേഷം അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം ഇതിൽ വ്യക്തതവരുത്തണമെന്നും. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെയല്ല സർക്കാർ പുനർവിചിന്തനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദുരന്തമുഖത്തുള്ളവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങൾ പരാതിയുമായി എങ്ങനെ പോകുമെന്നും വിഡി സതീശൻ പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ ആക്ച്വല്‍ കണക്ക് പുറത്തുവിടാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്ന വാക്കിൻറെ അർത്ഥം ചിലവാക്കിയത് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവായി. 175 പേരുള്ള സമ്പർക്ക പട്ടികയിൽ 13 സാമ്പിളുകൾ നെഗറ്റീവായി. 26 പേർ ഹൈറിസ്ക് കാറ്റഗറിയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്നും രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പൾസർ സുനി എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍, വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രിം കോടതി ചോദിച്ചു. പൾസർ സുനിയിൽ നിന്ന് 25000 രൂപ ചിലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നു. തല്‍ക്കാലം ഇതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
പൾസർ സുനിക്ക് ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ സ്വഭാവിക നടപടിയായിട്ടാണ് കാണുന്നതെന്ന് നടിയുടെ അഭിഭാഷകയായ ടിബി മിനി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോയുള്ള മുൻകരുതലുകളുടെ ഭാഗമായാണ് പലപ്പോഴും കോടതി ജാമ്യം നിഷേധിക്കുക. ഇവിടെ സാക്ഷി വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ ഈ കേസിൽ എല്ലാവരെയും വിസ്തരിച്ച് കഴിഞ്ഞതിനാലായിരിക്കാം സുപ്രീം കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിചാരിക്കുന്നതെന്നും ടിബി മിനി പറഞ്ഞു.
ജയിലിൽ തുച്ഛമായ ശമ്പളം വാങ്ങുന്ന പൾസർ സുനിക്ക് സുപ്രീം കോടതിയിൽ പോകാൻ ലക്ഷങ്ങൾ മുടക്കിയതാരെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ജയിലിൽ നിന്നിറങ്ങുന്നതോടെ ദിലീപടക്കം ഈ കേസിൽ പ്രബലന്മാരായി നിൽക്കുന്ന ആളുകളെ സഹായിക്കാനായി പൾസർ സുനി നൂറ് ശതമാനം ശ്രമിക്കുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.
അതിജീവനത്തിനായി വീണ്ടും ചൂരൽമലയിലെ തോട്ടം തൊഴിലാളികൾ. ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഹാരിസൺ മലയാളം പ്ലാന്റേഷനിൽ തൊഴിലാളികൾ എത്തുന്നത്. ഉരുൾ പൊട്ടലിൽ മരിച്ചവർക്കായി അനുശോചന യോഗത്തോടെയാണ് പണികൾ തുടങ്ങിയത്. വിളവെടുപ്പ് ജോലികൾ പുനരാരംഭിക്കുന്നതിന് അനുമതി തേടി കമ്പനി അധികൃതരെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളോടെ ജോലികൾ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു.
മലപ്പുറത്ത് മങ്കി പോക്സ് രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു ചേർത്തലയിൽ രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വീട്ടിലേക്കുമാറ്റി. ജീവനക്കാര്‍ക്ക് പുറമേ ലൈസൻസികളായ നാലുപേർക്കുമെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു. ഷാപ്പിലെത്തിയ നാലുകുട്ടികൾക്ക് ജീവനക്കാർ പണംവാങ്ങി കള്ളുകൊടുത്തുവെന്നാണ് എക്സൈസ് കണ്ടെത്തിയത്.
സംവിധായകൻ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ചേരുമെന്ന് സംവിധായകൻ വിനയൻ. നിലവിൽ നിർമ്മാതാക്കളുടെ സംഘടനയിൽ അംഗമാണ്. സംവിധാകനെന്ന നിലയിൽ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ കൂട്ടിച്ചേർത്തു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയൻ പറഞ്ഞു.
പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാത്തതിനെതിരെ കെപിസിസി പ്രസിഡന്റിനടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന് വക്കീൽ നോട്ടീസ് അയച്ച് കോട്ടയം ചങ്ങനാശ്ശേരിയിലെ കർഷക കോൺഗ്രസ് നേതാവ് എം കെ രാജു. കഴിഞ്ഞ അഞ്ച് വർഷമായി ചങ്ങനാശ്ശേരിയിലെ പാർട്ടി പരിപാടികൾ ഒന്നും നേതൃത്വം അറിയിക്കുന്നില്ലെന്നാണ് എംകെ രാജുവിന്‍റെ പരാതി.
ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം എആര്‍എമ്മിന്‍റെ വ്യാജ പതിപ്പ് പുറത്തെത്തിയതിന് പിന്നാലെ നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ടെന്നും ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണിതെന്നും പ്രതികരിച്ചു.
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ. പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന സേവാ പർവ് എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. സേവാ പർവ് രണ്ടാഴ്ച നീണ്ടുനിൽക്കും.
യു.പിയിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യ വ്യവസ്ഥയിൽ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചു. പാസ്‌പോർട്ടും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗത്വ രേഖയും അടക്കം തിരികെ നൽകാൻ നിര്‍ദേശിക്കണമെന്നാണ് ആവശ്യം. സിദ്ദിഖിന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട് തേടി.
മൂന്നാം മോദി സർക്കാർ അധികാരത്തിലേറി 100 ദിനങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം തവണയും അധികാരത്തിലേറിയ എൻഡിഎ സർക്കാർ ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി രാജ്യം രാഷ്ട്രീയ സ്ഥിരതയ്ക്കും നട്ടെല്ലുള്ള വിദേശ നയത്തിനും സാക്ഷ്യം വഹിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
തെന്നിന്ത്യയിലെ ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ജാനിയ്ക്കെതിരെ ലൈംഗിക പീഡനക്കേസ്. തെലുങ്ക് ഫിലിം ചെമ്പര്‍ ഓഫ് കോമേഴ്സ് രൂപീകരിച്ച ഇന്‍റേണല്‍ കമ്മിറ്റി പരാതി പരിശോധിച്ച് നടപടി എടുക്കും എന്നാണ് വിവരം. സിനിമ രംഗത്ത് നിന്നും വിലക്ക് അടക്കം പ്രതീക്ഷിക്കാം എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഗ്ര വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎൽഎ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎൽഎ സരിതാ ബദൗരിയയാണ് റെയിൽവേ ട്രാക്കിൽ വീണത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ വെർച്വൽ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സംഭവം. ബിജെപി എംഎൽഎ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ പച്ച കൊടി പിടിച്ച ഒരു കൂട്ടം ആളുകൾ എത്തിയതോടെയാണ് തിരക്കുണ്ടായത്.
കോഴിക്കോട്-കുവൈത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന് കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്. കുവൈത്തിലേക്ക് കോഴിക്കോട് നിന്ന് നേരിട്ട് മറ്റ് സര്‍വീസുകള്‍ ഇല്ലാത്തതും യാത്രക്കാരെ വലച്ചു.
സൗദി അറേബ്യയിൽ തുറസ്സായ സ്ഥലങ്ങളിൽ നട്ടുച്ച ജോലിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധന കാലയളവ് അവസാനിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൂന്നു മാസ സമയപരിധി അവസാനിച്ചത്. വേനൽകടുത്തപ്പോൾ സൂര്യതാപത്തിൽനിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ നട്ടുച്ച ജോലിക്ക് മൂന്ന് മാസത്തേക്ക് നിരോധമേർപ്പെടുത്തിയിരുന്നത്.
റിയാദിൽ സൈനിക വസ്ത്രങ്ങൾ വിൽക്കുന്നതിനും തയ്ക്കുന്നതിനുമുള്ള വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിച്ച കടകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടി. ലൈസൻസില്ലാതെ സൈനിക വസ്ത്രങ്ങൾ തുന്നിയ ആറ് അനധികൃത കടകൾ അടച്ചുപൂട്ടുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ താലിബാൻ ഭരണകൂടം നിർത്തിവെച്ചതായി യുഎൻ അറിയിച്ചു. പോളിയോ നിർമ്മാർജനത്തിന് താലിബാന്റെ നടപടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും, താലിബാന്റെ തീരുമാനം മേഖലയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും യുഎൻ മുന്നറിയിപ്പ് നൽകി. താലിബാൻ ഇത്തരമൊരു തീരുമാനം സ്വീകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും താലിബാൻ നിയന്ത്രിത സർക്കാരിൽ നിന്ന് ഔദ്യോഗികമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും യുഎൻ വ്യക്തമാക്കി.
ഈ മാസം 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ച് നാസ. സൂര്യന്‍ തീതുപ്പുന്ന ചിത്രം സഹിതമാണ് നാസ ഈ ഞെട്ടിക്കുന്ന കാഴ്ച ശാസ്ത്ര ലോകത്തെ അറിയിച്ചത്. പതിനാലാം തിയതി ഈസ്റ്റേണ്‍ ടൈം രാവിലെ 11.29നായിരുന്നു സൗജജ്വാല പാരമ്യതയിലെത്തിയത്. നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് സൗരജ്വാലയുടെ ചിത്രം പകര്‍ത്തിയത്.