ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ എക്സ്-ബ്ലേഡ് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഇത് നീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ബൈക്ക് വളരെ കുറവാണ് വിറ്റത്. അതിനാല്‍, നിര്‍ത്തിലാക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണം വില്‍പ്പന കുറവാണെന്നാണ് കരുതുന്നത്. എന്നാല്‍, ഹോണ്ട ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ 150 മുതല്‍ 160 സിസി ബൈക്ക് സെഗ്മെന്റില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇതില്‍ ബജാജ് പള്‍സര്‍, ടിവിഎസ് അപ്പാച്ചെ തുടങ്ങിയ മോഡലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഈ മത്സരത്തിനിടയില്‍, എക്സ്-ബ്ലേഡിന് അതിന്റെ ശക്തി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഡീലര്‍മാരില്‍ അവശേഷിക്കുന്ന എക്സ്-ബ്ലേഡിന്റെ യൂണിറ്റുകള്‍ കമ്പനി വില്‍ക്കുന്നത് തുടരും. അത്തരമൊരു സാഹചര്യത്തില്‍, ശേഷിക്കുന്ന സ്റ്റോക്ക് വലിയ കിഴിവോടെ വിറ്റഴിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.