മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ, സ്ഥിര ജാമ്യം അനുവദിക്കണോ, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ എന്നീ മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇതിന് ശേഷം ജസ്റ്റിസ് സൂര്യകാന്താണ് ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചുള്ള വിധി പറഞ്ഞത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കുന്ന വേളയിൽ അദ്ദേഹം പാലിക്കേണ്ട ചില വ്യവസ്ഥകൾ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്രിവാളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കിൽ വിചാരണ കോടതിക്ക് മുമ്പാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാൽ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളിൽ ഒപ്പിടാൻ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് വിപുലമായ മൊഴിയെടുപ്പ് നടത്താൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരിൽ നിന്നുള്ള മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അംഗങ്ങൾ അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയതിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ആക്ഷേപം. എന്നാൽ ആരോപണങ്ങൾക്ക് ആധാരമാകുന്ന തെളിവുകൾ നിരത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.
നിയസഭാ കയ്യാങ്കളികേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെ വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. വി ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസിൽ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.
അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ നിന്നും ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നൽകിയേക്കും. നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കിൽ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയണം. എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ച ചെയ്തേക്കാം. തല്ക്കാലം താല്‍ക്കാലിക ചുമതലയാകും ഒരാൾക്ക് നൽകുകയെന്നും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയിൽ ഉണ്ടായെന്ന് പറയപ്പെടുന്ന വ്യവസായി താനല്ലെന്ന് പ്രേം കുമാർ. എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയിൽ താൻ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാർ പറഞ്ഞു. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎൽഎം ചെയർമാൻ പ്രേം കുമാർ ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹ ത്തിൻ്റെ പ്രതികരണം.
ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമെന്ന് റിപ്പോർട്ട്. 73 കാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.
കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും.
ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയാണെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് പെട്ടെന്ന് ദില്ലിയിലെത്തേണ്ട സാഹചര്യം ഉണ്ടായതിനാൽ രണ്ടു വർഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ യാത്ര ചെയ്തു. ഇന്നലെ രാത്രി 10.30ന് കരിപ്പൂരിൽ നിന്നാണ് ഇപി ദില്ലിയിലേക്ക് പുറപ്പെട്ടത്. 2022 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചുണ്ടായ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസിന് രണ്ടാഴ്ച്ചയും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിൽ പ്രതിഷേധിച്ചാണ് താനിനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ശ്രുതിയുടെ കാലൊടിഞ്ഞിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാൽ ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജെൻസൺ ഓടിച്ചിരുന്ന വാൻ ബസ്സുമായി കൂട്ടിയിടിച്ചത്.
സുൽത്താൻ ബത്തേരിയിലെ ഹോംസ്റ്റയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പൊലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമിൽ വെച്ചാണ് ഇവർ പണം വെച്ച് ചീട്ടുകളിച്ചത്. 2,99,340 രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
സംസ്ഥാനത്തെ സ്കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാൽ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടന്നു. തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി നൽകിയത്.
ഇടുക്കി കുമളിയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിനിരായായ ഷെഫീക്കിനെ പരിചരിക്കുന്ന രാഗിണിക്ക് സർക്കാർ സഹായം. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സംയോജിത ശിശു വികസന പദ്ധതി അറ്റൻഡന്ററായി രാഗിണിയെ സർക്കാർ നിയമിക്കുകയായിരുന്നു. എന്നാൽ ഷെഫീക്കിനെ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കാനില്ലെന്നാണ് രാഗിണിയുടെ തീരുമാനം. ജോലിയല്ല ഇപ്പോൾ വേണ്ടത്. ഷെഫീഖിന്റെ അമ്മയായി മുന്നോട്ട് പോവും. മരണംവരെ പോകണം. പെൻഷൻ ഉൾപ്പെടെയുള്ള കെയർടേക്കറിന് വേണ്ട ആനൂകൂല്യങ്ങളാണ് തനിക്ക് വേണ്ടതെന്നും അതാണ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും രാഗിണി പറഞ്ഞു.
രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ . കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നും, ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ എം എൽ എ ഭീഷണി മുഴക്കിയത്.
ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി. കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്.
മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.. ലൈംഗീക പീഡന കേസ്സിൽ സാദിഖ് അലി ഇപ്പോൾ ജയിലിലാണ്. ഇയാളുടെ കരാട്ടെ ക്ലാസ്സിൽ വന്നിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്.
മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിൻറെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.
വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. ദില്ലി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വീഡിയോ കോളിൽ വരുകയും അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്. കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിൻസ് തട്ടിയെടുത്തത്.
കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി അനിതകുമാരിക്ക് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നൽകി. പൊലീസിൻ്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. അതേസമയം, ഒന്നാം പ്രതി പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു.
പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു. വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ തൃപ്പൂണിത്തുറ വൈക്കം റോഡിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. സംഭവത്തിൽ കാറോടിച്ച ഉദയംപേരൂർ സ്വദേശി വിനോദ് (52)നെ ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ട്രക്കിലിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു എയർപോർട്ട് റോഡിൽ ചിക്കജാല മേൽപ്പാലത്തിലാണ് സംഭവം. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ (ജികെവികെ) ബിഎസ്സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ചെന്നൈ ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയിൽ വെച്ച് പതിനാറുകാരൻ ഉൾപ്പെടെ രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ വളസരവാക്കം പോലീസ് കേസെടുത്തു. മനോയുടെ മക്കളായ ഷക്കീര്‍, റാഫി എന്നിവര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്താനാകാതെ പോലീസ്. യുവതി ഇനിയും ഞെട്ടലില്‍ നിന്ന് മോചിതയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയായതിനാല്‍ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പം നേരിടുന്നുണ്ട്. പ്രതിയെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ എന്നെ വെടിവെയ്ക്കുക എന്ന് മാത്രമാണ് യുവതി പോലീസിനോട് പറയുന്നത്.
അദാനിയുമായി ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചുവെന്ന് ആരോപണം. ഹിൻഡൻബെർഗ് റിസർച്ചാണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിഴൽ കമ്പനികളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. എന്നാൽ അസംബന്ധമായ ആരോപണമാണിതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. സ്വിസ് കോടതികളിലെ നടപടികളിൽ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.