Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം 14ന് ദില്ലി എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും അതിനു ശേഷം മൃതദേഹം ദില്ലി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിനായി വിട്ടു നൽകുമെന്ന് സിപിഎം കേന്ദ്രങ്ങൾ അറിയിച്ചു. ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും.

സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ കുറിച്ചു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

സീതാറാം യെച്ചൂരിയുടെ മൃതദേഹം മറ്റന്നാൾ രാവിലെ 9 മണി മുതൽ ഉച്ചവരെ പൊതു ദർശനത്തിനു വയ്ക്കും . ഉച്ചക്ക് ശേഷം എയിംസിലേക്ക് കൊണ്ടു പോകും. മരണവാർത്തയറിഞ്ഞ് പ്രകാശ് കാരാട്ട്, രാഘവലു തുടങ്ങിയ നേതാക്കൾ കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തി, ഓഫീസിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്.

നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിൽ ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്ന് രാഹുൽ ഗാന്ധി . ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്നും, ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അ‍ർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവായിരുന്നു അദ്ദേഹമെന്നും വി.ഡി സതീശൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ വികാരനിർഭരമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി . ദീര്‍ഘകാലമായുള്ള സുഹൃത്തായിരുന്നു യെച്ചൂരിയെന്നും വിയോഗവാര്‍ത്ത തന്നെ ഏറെ വേദനിപ്പിക്കുന്നതാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. എകെജി സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു.ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

 

കൽപ്പറ്റയിൽ വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹം സംസ്കരിച്ചു. വയനാട് ഉരുൾപൊട്ടലിൽ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങി. ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ബംഗാളി നടിയുടെ പരാതിയിലും കോഴിക്കോട്ടെ യുവാവിന്‍റെ പരാതിയിലും രഞ്ജിത്തിനെതിരെ രണ്ട് കേസുകളാണ്  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലൈംഗികപീഡനക്കേസില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജി 23 ന് വീണ്ടും പരിഗണിക്കും .  പരാതിക്കാരി പീഡനം നടന്നതായി  ആരോപിക്കുന്ന തിയതികളിൽ ഉൾപ്പെടെയുള്ളവയിൽ  വൈരുധ്യമുണ്ടെന്ന് ജയസൂര്യ നൽകിയ ഹർജിയിൽ പറയുന്നു.

അപകടത്തിൽ പരിക്കേറ്റ് ആറ് മാസമായി കോമയിലായ 9 വയസുകാരിയുടെ ദുരവസ്ഥയില്‍  സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. പൊലീസും മോട്ടോർ വാഹന വകുപ്പും ഉടൻ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കുട്ടിക്ക് സർക്കാർ ധനസഹായം ലഭ്യമാക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം പൊൻമുടി സർക്കാർ യു.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സുരക്ഷാ ഭീഷണി നേരിടുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർ നേരിട്ട് നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതിൽ നിർമ്മിച്ച് കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം കൊടുത്തു തുടങ്ങി. ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.

കേരള സർവ്വകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസ്. കേരള സർവ്വകലാശാല രജിസ്ട്രാറർ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ഇന്നലെയാണ് എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായത്.

കേരളത്തിൽ അടുത്ത ഏഴ്  ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യത. മ്യാന്മറിനും  ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

മണിപ്പൂരിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗവർണർ ലക്ഷ്മണ്‍ ആചാര്യ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. ഗവർണറുടെ കൂടി സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കാനിരിക്കേയാണ് നീക്കം. എന്നാൽ ഗവർണർ സംസ്ഥാനം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ രാജ് ഭവന്‍ നിഷേധിച്ചു.

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി.ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്ത വിദേശ പൗരൻ ആശുപത്രിയിൽ മരിച്ചു. 77 വയസുകാരനായ ജർമൻ പൗരനാണ് വെസ്റ്റ് ഡെൽഹിയിലെ ദീൻ ദയാൽ ഉപധ്യായ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാൾ ഇന്ത്യൻ വംശജനായ ഇയാൾ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.

വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട് പുറത്താക്കിയ ജുഡീഷ്യൽ ഓഫീസറെ ജോലിയിൽ തിരിച്ചെടുക്കാത്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും പഞ്ചാബ് സർക്കാറിനെയും വിമർശിച്ച് സുപ്രീം കോടതി. ഇവർക്ക് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകണമെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യത്തെ ഹൈക്കോടതി തള്ളിയത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മധ്യപ്രദേശിലെ ഇൻഡോറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവം സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയുടെ പെൺമക്കളുടെ സ്വാതന്ത്ര്യത്തെയും അഭിലാഷങ്ങളെയും തടയുകയാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം മലേഷ്യയ്‌ക്കെതിരേ വന്‍ ജയം നേടിയ ഇന്ത്യ, വ്യാഴാഴ്ച കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കേതന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *