സാമ്പത്തിക പ്രതിസന്ധിയിലായ എജ്യുടെക് കമ്പനിയായ ബൈജൂസിന് കനത്ത പ്രഹരമായി 848 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര – കര്‍ണാടക നികുതി വകുപ്പുകള്‍. ബൈജൂസിന് കേന്ദ്ര സര്‍ക്കാരിന്റെ നികുതി വകുപ്പ് 157 കോടി രൂപ കുടിശ്ശിക ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം ബൈജൂസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കര്‍ണാടക സംസ്ഥാനത്തിന്റെ നികുതി വകുപ്പ് കമ്പനിയോട് 691 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിനെ ബാധിക്കില്ലെന്നും വിവാദങ്ങളെല്ലാം പിണറായിയെ ലക്ഷ്യം വെച്ചാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പാര്‍ട്ടി സമ്മേളനങ്ങള്‍ അലങ്കോലമാക്കലാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമെന്നും റിയാസ് പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യമായതിനാലാണ് എ ഡി ജി പി എം.ആര്‍ അജിത്കുമാറിനെതിരെ നടപടിയെടുക്കാതിരുന്നതെന്നും അജിത്കുമാറിനെ കാത്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഗതിയാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ഏജന്റാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെയും സി പി എം കേരള ഘടകത്തിന്റെയും പരസ്യമായ ആര്‍ എസ് എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആര്‍ജ്ജവം സി പി എം നേതൃത്വം കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ നിര്‍ദേശങ്ങളുമായി സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസി. ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്, പുതിയ നിര്‍ദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വയ്ക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇവര്‍ പറയുന്നത്.
ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ പ്രത്യേകാന്വേഷണ സംഘം അപ്പീലിനൊരുങ്ങുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. മുകേഷിന് ജാമ്യമനുവദിച്ചത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുക.
കെഎസ്ആര്‍ടിസി ബസ്ടിച്ച് തകര്‍ന്നുവീണ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ശക്തന്‍ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി പറഞ്ഞു. അതേസമയം പ്രതിമയുടെ പണികള്‍ ഉടനെ തീര്‍ത്ത് പുനര്‍ സ്ഥാപിക്കും എന്ന് തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ദുബായില്‍ വച്ച് നിവിന്‍ പോളിയും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്‍കിയ യുവതിയേയും ഭര്‍ത്താവിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭര്‍ത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് നിവിന്‍ പോളിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ മൊഴി നല്‍കി. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.
സിനിമ നയ രൂപീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് എന്തിനാണെന്നും വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുതെന്നും നടി രഞ്ജിനി. ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ ഉള്ളപ്പോള്‍ എന്തിനാണ് കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് രഞ്ജിനിയുടെ വിമര്‍ശനം.
കൊച്ചിയില്‍ നിന്നും ഹൈദരാബാദിലെത്തിയ നടന്‍ വിനായകന്‍ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ നടന്ന വാക്കുതര്ക്കത്തെത്തുടര്ന്നാ ണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അനുമതി വാങ്ങാതെ 73 മരങ്ങള്‍ വെട്ടിയ തലപ്പുഴ മരംമുറിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡി എഫ് ഒ. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചതിനാല്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
കോയമ്പത്തൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്.