തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്ഥാവനയിലൂടെ അറിയിച്ചു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടതെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.