ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ എത്രയും പെട്ടെന്നു തന്നെ നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോയി. ഇപ്പോൾ ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്. 2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്. കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരന് സാധിക്കാതിരുന്നതിനാൽ കേസ് തള്ളിപ്പോയി. എന്നാൽ അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.