വയനാട് ദുരിതബാധിതർക്കുളള സർക്കാരിന്റെ ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെ ചൂരൽമലയിലെ ഗ്രാമീണ ബാങ്ക് ഇഎംഐ പിടിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കളക്ടർക്കുളള നിർദ്ദേശം. വിഷയം പരിശോധിക്കുന്നതായി ജില്ലാ കലക്ടർ വ്യക്തമാക്കി. വീടുപണിക്ക് വേണ്ടി ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്ത പുഞ്ചിരി മട്ടത്തെ മിനിമോൾ അടക്കം ആളുകളുടെ പണമാണ് ബാങ്ക് പിടിച്ചത്. സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെയാണ് അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് പിടിച്ചിരിക്കുന്നത്.