ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി ബോളിവുഡിലെ മുന്‍നിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി. മുംബൈയിലെ ഒരു കോഫി ഷോപ്പിലേക്ക് തന്റെ പുതുവാഹനമായ ഡിഫന്‍ഡര്‍ 110 ല്‍ എത്തുന്ന താരപുത്രിയുടെ വിഡിയോ സോഷ്യല്‍ ലോകത്തും വൈറലാണ്. പാംഗിയ ഗ്രീന്‍ മെറ്റാലിക് നിറത്തിലുള്ളതാണ് റാഷയുടെ വാഹനം. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള വീലുകളും കൂടിച്ചേരുമ്പോള്‍ എസ് യു വിയുടെ തലയെടുപ്പ് ഇരട്ടിയാകും. കറുത്ത നിറത്തിലുള്ള ലെതര്‍ വാഹനത്തിന്റെ അകത്തളങ്ങള്‍ക്ക് സ്പോര്‍ട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്. റാഷയുടെ ഡിഫന്‍ഡര്‍ 110 നു 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 296 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റാണ് താരപുത്രി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞെടുക്കുന്ന വേരിയന്റുകളില്‍ ഒന്നാണിത്. 1.1 കോടി രൂപയാണ് ഈ എസ് യു വിയുടെ എക്സ് ഷോറൂം വില. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വയര്‍ലെസ്സ് ചാര്‍ജിങ്, മെറിഡിയന് ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി നിയന്ത്രിക്കാന്‍ കഴിയുന്ന മുന്സീറ്റുകള്, 360 ഡിഗ്രി ക്യാമറ, എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര ഈ എസ് യു വിയില്‍ കാണുവാന്‍ കഴിയും.