നവജാതശിശുവിന്റെ പൊക്കിള്‍കൊടി രക്തത്തിലെ ഫാറ്റി ആസിഡ് മെറ്റബോളിറ്റുകളുടെ അളവ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ അപകട സാധ്യത പ്രവചിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ ഫുകുയി സര്‍വകലാശാലയിലെ ശിശു മാനസിക വികസന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ജനനസമയം കുട്ടികളുടെ രക്തത്തിലെ ഡിഇഎച്ച്ഇടിആര്‍ഇ അളക്കുന്നതിലൂടെ എഎസ്ഡി വികസിപ്പിക്കാനുള്ള സാധ്യത പ്രവചിക്കാന്‍ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തി. എഎസ്ഡി ലക്ഷണങ്ങള്‍ തീവ്രമാകുന്നതിന് ഗര്‍ഭകാല ഘടകങ്ങളുടെ പ്രാധാന്യവും പഠനം ചൂണ്ടികാണിക്കുന്നു. ജനനസമയത്ത് പൊക്കിള്‍കൊടി രക്തത്തിലെ അരാച്ചിഡോണിക് ആസിഡ്-ഡയോളായ ഡിഇഎച്ച്ഇടിആര്‍ഇയുടെ അളവ് കുട്ടികളിലെ തുടര്‍ന്നുള്ള എഎസ്ഡി ലക്ഷണങ്ങളെ സാരമായി ബാധിക്കുകയും അഡാപ്റ്റീവ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. പഠനത്തിനായി 200 കുട്ടികളുടെ പൊക്കിള്‍ക്കൊടി രക്തത്തിലെ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും മെറ്റബോളിറ്റുകളും എഎസ്ഡി സ്‌കോറുകളും തമ്മിലുള്ള ബന്ധം ഗവേഷകര്‍ അന്വേഷിച്ചു. ജനനത്തിനു തൊട്ടുപിന്നാലെ പൊക്കിള്‍കൊടി രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. അതേ കുട്ടികള്‍ക്ക് ആറ് വയസായപ്പോള്‍ അവരിലെ എഎസ്ഡി ലക്ഷണങ്ങളും അഡാപ്റ്റീവ് പ്രവര്‍ത്തനവും വിലയിരുത്തി. മോളിക്കുള്‍ 11-12 ഡിഇഎച്ച്ഇടിആര്‍ഇ ഉയര്‍ന്ന അളവ് സാമൂഹിക ഇടപെടലുകളില്‍ സ്വാധീനം ചെലുത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതേസമയം 8,9 ഡിഇഎച്ച്ഇടിആര്‍ഇ യുടെ താഴ്ന്ന അളവു ആവര്‍ത്തനവും നിയന്ത്രിതവുമായ സ്വഭാവങ്ങളെ സ്വാധീനിക്കുന്നതായി തിരിച്ചറഞ്ഞു. ഇത് ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ തിരിച്ചറിഞ്ഞെതെന്നും ഗവേഷകര്‍ പറയുന്നു. എഎസ്ഡി ലക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനും നേരത്തെ രോഗനിര്‍ണയം നടത്തുന്നതിനും ഈ കണ്ടെത്തല്‍ ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. സൈക്യാട്രി ആന്‍ഡ് ക്ലിനിക്കല്‍ ന്യൂറോ സയന്‍സസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.