രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തില്‍. ആദ്യമായി ഓഹരി ഒന്നിന് 1100 രൂപ എന്ന നിലവാരം മറികടന്ന ടാറ്റ മോട്ടോഴ്സ് കഴിഞ്ഞദിവസം 1118 രൂപയിലാണ് ക്ലോസ് ചെയ്തത്. 2.51 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വിപണി മൂല്യത്തെ മറികടന്നാണ് ടാറ്റ മോട്ടോഴ്സിന്റെ കുതിപ്പ്. നിലവില്‍ വാഹനമേഖലയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സിന്റെ വിപണി മൂല്യം നാലുലക്ഷം കോടി കടന്നതോടെയാണ് മാരുതിയെ വെട്ടിച്ചത്. വ്യാഴാഴ്ചത്തെ ക്ലോസിങ് അനുസരിച്ച് മാരുതി സുസുക്കിയുടെ വിപണി മൂല്യം 3.93 ലക്ഷം കോടി രൂപയാണ്. അതായത് ടാറ്റ മോട്ടോഴ്സിനെ അപേക്ഷിച്ച് 7335 കോടിയുടെ കുറവ്. മാര്‍ച്ചിലാണ് മാരുതി സുസുക്കി ടാറ്റ മോട്ടോഴ്സിനെ മറികടന്നത്. അഞ്ചുമാസം കൊണ്ടാണ് ടാറ്റ മോട്ടോഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. മറ്റൊരു വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വിപണി മൂല്യം 3.5 ലക്ഷം കോടി രൂപയാണ്. ജപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ടാറ്റ മോട്ടോഴ്സിന്റെ നിലവാരം ഉയര്‍ത്തിയതാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം. ന്യൂട്രല്‍ എന്ന നിലവാരത്തില്‍ നിന്ന് ‘ബൈ’എന്ന സ്ഥാനത്തേയ്ക്കാണ് ടാറ്റ മോട്ടോഴ്സ് സ്റ്റോക്കിനെ നോമുറ ഉയര്‍ത്തിയത്. കമ്പനിയുടെ ലാഭവിഹിതം ഉയര്‍ത്തുന്നതില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന നോമുറയുടെ കണക്കുകൂട്ടലാണ് വിപണിയില്‍ പ്രതിഫലിച്ചത്.