പാരീസ് ഒളിമ്പിക്‌സിലെ ആദ്യ മെഡല്‍ കസാഖ്സ്താന്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ കസാഖ്സ്താന്‍ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തിനായി ജര്‍മനിയെ 17-5ന് പരാജയപ്പെടുത്തിയാണ് കസാഖ്സ്താന്‍ ഷൂട്ടിങ് ടീം പാരീസിലെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ജര്‍മനിയുടെ അന്ന യാന്‍സെന്‍, മാക്‌സിമിലിയന്‍ ഉള്‍ബ്രിച്ച് സഖ്യത്തെ പരാജയപ്പെടുത്തിയാണ് അലക്‌സാന്‍ഡ്ര ലെ, ഇസ്ലാം സത്പയെവ് എന്നിവരടങ്ങിയ സഖ്യമാണ് കസാഖ്സ്താനായി വെങ്കലം സ്വന്തമാക്കിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെ ഇന്ത്യയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭാകര്‍ ഫൈനലിന് യോഗ്യത നേടി. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരിക്കുകയാണ് മനു ഭാകര്‍.
പാരീസ് ഒളിംപിക്സിൽ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി. മത്സരിച്ച 33 താരങ്ങളില്‍ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.ഫൈനലിനുള്ള യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ സരബ്ജോത് ഒമ്പതാം സ്ഥാനത്ത് ആയപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാണ് ഫിനിഷ് ചെയ്തത്.
അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്ന് മാൽപെ സംഘം. ജീവൻ പണയപ്പെടുത്തിയുള്ള നിർണായക രക്ഷാപ്രവർത്തനത്തിനാണ് ഷിരൂർ സാക്ഷ്യം വഹിക്കുന്നത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയിട്ടുണ്ട്. സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കൃത്യമായ നിർദേശങ്ങളുമായി എൻ.ഡി.ആർ.എഫിന്റേയും നാവികസേനയുടേയും കരസേനയുടേയും ഉദ്യോഗസ്ഥരും ബോട്ടുകളും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിന്ഈശ്വർ മാൽപെ സംഘത്തിന് ഔദ്യോഗിക അനുമതി ഇല്ല. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ ഇടപെട്ട് മുന്നോട്ട് പോകാൻ നിർദേശം നൽകി. ഗംഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോഗിക അനുമതി നൽകാത്തത്.അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദേശം കളക്ടർ നൽകിയിട്ടുണ്ട്.
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ തെരച്ചിൽ നിർത്തി. നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷേ ചെളിയും പാറയും മാത്രമാണ് കണ്ടത്. മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു.
നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായത്. ആകെ 8 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നര വയസുകാരൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പക്ഷെ ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ട൪മാ൪ പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് . നാളെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
സിപിഐ നേതാവ് കെകെ ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. മുന്നണി മര്യാദകൾ ലംഘിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുവെന്ന വിമർശനം എൽഡിഎഫിൽ നിന്ന് തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള നീക്കം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എൽഡിഎഫ് ജില്ലാ കൺവീനറുടെ ചുമതല.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ മാലിന്യസംസ്‌കരണ പദ്ധതികളുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ പ്രത്യേക നിർദേശം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർ പ്രത്യേക ശ്രദ്ധ നൽകണമെന്ന് അവർ നിർദേശിച്ചു.
കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അര്‍ജുന്‍ കോറോമിനെ കെഎസ് യു സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തു . സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് ഇനിഷ്യേറ്റീവ് ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അതത് സ്ഥലങ്ങളിലെ ഇലക്ട്രിക്കല്‍ എ.ഇ. മാരുടെ നേതൃത്വത്തില്‍ ലിഫ്റ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തി വരുന്നതായും മന്ത്രി പറഞ്ഞു.
സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ. തന്നെ കരുതിക്കൂട്ടി പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. പാർട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലിയായിരുന്നെന്നും അതിന്റെ ഇരയാണ് താനെന്നും സികെപി തുറന്നടിച്ചു.
തിരുവനന്തപുരം നഗരസഭയിലെ അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി രാത്രിയും പകലും സ്ക്വാഡുകൾ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി നഗരസഭ നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും അപാകതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആകെ 22,080 പിഴ ചുമത്തുകയും ചെയ്തതായി കോർപറേഷൻ അറിയിച്ചു.
മാലിന്യ മുക്ത കേരളത്തിനായി ക്യാമ്പയിനുമായി സർക്കാർ. സർക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക. ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ക്യാമ്പയിൻ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങൾ.
നരിക്കുനി കള്ളനോട്ട് കേസിലെ പ്രതികള്‍ പിടിയില്‍. സുനിൽ കുമാർ, ഷൗക്കത്തുള്ള എന്നിവരാണ് പിടിയിലായത്. കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ, ലാമിനേഷൻ മെഷീൻ, ഫോയിൽ പേപ്പർ, ഇൻജെക്ട് ഇൻക് മുതലായവയും കണ്ടെടുത്തു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകൾ നൽകിയായിരുന്നു തട്ടിപ്പ്.
തിരുവനന്തപുരത്ത് കോവിലിൽ കയറി പൂജാരിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പരാതി. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്.
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. ഓരോ വോട്ടും സ്വന്തമാക്കാൻ താൻ കഠിനാധ്വാനം ചെയ്യുമെന്നും നവംബറിൽ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു.
ജമ്മു-കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പോലീസ്. ഭീകരരേക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരംനൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെതിരേ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. കമല ‘ആന്റി സെമിറ്റിക്’ ആണെന്നും നവജാതശിശുക്കളുടെ കൊലപാതകത്തിന് അനുമതി നല്‍കാന്‍ പദ്ധതിയിടുന്നതായും ട്രംപ് ആരോപിച്ചു.
പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ദക്ഷിണ കൊറിയൻ താരങ്ങളെ തെറ്റായി അവതരിപ്പിച്ചതിന് പിന്നാലെ മാപ്പുപറഞ്ഞ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ദക്ഷിണകൊറിയന്‍ ഒളിമ്പിക് താരങ്ങളെ ആനയിച്ചുള്ള ബോട്ട് പ്രയാണത്തിനിടെ അവരെ ‘ഉത്തര കൊറിയൻ’ സംഘമെന്ന് പരിചയപ്പെടുത്തിയതാണ് വിവാദത്തിലേക്ക് നയിച്ചത്.