മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുൻ മന്ത്രി ജി. സുധാകരൻ. പിണറായിയുമായി മാനസിക അടുപ്പമില്ല എന്ന വാർത്ത വാക്കുകൾ വളച്ചൊടിച്ചു കൊടുത്തതാണെന്നും 62 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിയെപ്പറ്റി പറയാൻ താൻ മണ്ടനാണോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനുമായി പഴയ പോലെ അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, ഞാൻ ആലപ്പുഴയിലും പിണറായി തിരുവനന്തപുരത്തുമാണെന്നാണ് മറുപടി പറഞ്ഞത്. ആ അകല്‍ചയല്ലാതെ യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ വാർത്ത വന്നത് പിണറായി വിജയനുമായി മാനസിക അടുപ്പമില്ലെന്ന് ജി സുധാകരൻ എന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.