brdge 1

ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ മച്ചു നദിയ്ക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 92 പേര്‍ മുങ്ങി മരിച്ചു. 143 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. 765 അടി നീളമുള്ള പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ തകര്‍ന്ന പാലത്തിലുണ്ടായിരുന്ന മുന്നൂറോളം  പേരാണ് മച്ചു നദിയിലേക്കു വീണത്.

തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് വിഷം കലര്‍ത്തി കുടിപ്പിച്ചത്.  ഇന്നലെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാമവര്‍മന്‍ചിറയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്നു തെളിവെടുത്ത ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടില്‍ പോയ ഷാരോണ്‍ ഛര്‍ദിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്കു കാരണമെന്ന് ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 22 കാരിയായ ഗ്രീഷ്മ. നെയ്യൂര്‍ കോളജിലെ അവസാന വര്‍ഷം ബിഎസ് സി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍ രാജ്.

അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച് കാപ്പിക് എന്ന കീടനാശിനിയാണു ചേര്‍ത്തത്. ഷാരോണുമായി ജ്യൂസ് ചലഞ്ചുകള്‍ നടത്തി എന്തു കൊടുത്താലും കുടിക്കുമെന്ന വിശ്വാസം സൃഷ്ടിച്ചിരുന്നു. അമ്മ കുടിച്ചിരുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാണെന്നു ഷാരോണിനെ വിശ്വസിപ്പിച്ചു. ജ്യൂസ് ചലഞ്ച് അങ്ങനെ കഷായ ചലഞ്ചായി. ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ പെട്ടെന്ന് തിരിച്ചറിയുമെന്നതിനാലാണ് കഷായത്തില്‍ വിഷം കലര്‍ത്താന്‍ തീരുമാനിച്ചത്. എങ്ങനെ കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നു.

കാമുകന്റെ കൊലപാതകത്തിലേക്കു നയിച്ചത് അന്ധവിശ്വാസം. ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്നു ജാതകദോഷം ഉണ്ടായിരുന്നതായി ഗ്രീഷ്മയും കുടുംബാംഗങ്ങളും വിശ്വസിച്ചു. അതുകൊണ്ട് ഷാരോണിനെ വിവാഹം ചെയ്തു കൊലപ്പെടുത്തി മറ്റൊരു വിവാഹത്തിനു തയാറെടുത്തതെന്നാണ് ആരോപണം.

മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക്. തൊണ്ടയിലെ രോഗത്തിനുള്ള ചികില്‍സ ബെര്‍ളിനിലെ ചാരെറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ്. രാജഗിരി ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വിശ്രമത്തിലാണ് അദ്ദേഹം. വ്യാഴാഴ്ചയ്ക്കു മുമ്പ് ജര്‍മനിയിലേക്കു പോകുന്ന അദ്ദേഹത്തിന്റെ ചികില്‍സാ ചെലവ് കെപിസിസി വഹിക്കും.

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍നിന്നു ശോഭാ സുരേന്ദ്രന്‍ പുറത്ത്. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്കു സ്ഥാനമുണ്ടെന്നു ശോഭ പ്രതികരിച്ചു. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ പ്രവര്‍ത്തിച്ചു. സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭാ പറഞ്ഞു.

കേരളത്തില്‍ പോലീസിനും ആഭ്യന്തര വകുപ്പിനും രണ്ടു തരം നീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ കേസെടുത്ത പോലീസ് സ്വപ്ന ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കളായ മുന്‍മന്ത്രിമാര്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഗുരുതരമായ  വിലക്കയറ്റത്തിനെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല.

ആലപ്പുഴയില്‍ പക്ഷിപ്പനിക്കുള്ള പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദ്ഗ്ധ സംഘം എത്തി. ഡോ. രാജേഷ് കടമണി, ഡോ. രുചി ജയിന്‍ എന്നിവരുള്‍പ്പടെയുള്ള ഏഴംഗ സംഘമാണ് ആലപ്പുഴയില്‍ എത്തിയത്.

മുന്നാറില്‍ സിപിഐ – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വഴിയോര കച്ചവടക്കാരുടെ തേങ്ങയും കപ്പയും പരസ്പരം വലിച്ചെറിഞ്ഞു. കോണ്‍ഗ്രസ് സമരപന്തലിനു മുന്നിലെത്തി സിപിഐ പഞ്ചായത്ത് അംഗം അശ്ലീല ആംഗ്യം കാണിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കോയമ്പത്തൂരിലെ ഉക്കടത്ത് സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത നാലു ഡയറികളില്‍ സുപ്രധാന വിവരങ്ങള്‍. കേസന്വേഷണത്തില്‍ നിര്‍ണായകമാകുന്ന സൂചനകള്‍ ഡയറിക്കുറിപ്പുകളിലുണ്ട്. ഇതര മതങ്ങളോടുള്ള കാഴ്ചപ്പാടുകളും രാജ്യത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയുള്ള നിലപാടുകളും ഡയറിയിലുണ്ട്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തില്‍ സമിതിയെ നിയോഗിക്കാനുള്ള ബിജെപി തീരുമാനം തെരഞ്ഞെടുപ്പു തട്ടിപ്പാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഏകാഭിപ്രായത്തോടെ സിവില്‍ കോഡാകാം. ഉത്തരാഖണ്ഡില്‍ രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോയെന്നും അദ്ദേഹം പരിഹസിച്ചു.

ടാറ്റ-എയര്‍ബസിന്റെ ഉടമസ്ഥതയിലുള്ള സി 295 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഗുജറാത്തിലെ വഡോദരയിലാണ് സൈനിക ഗതാഗത വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റ് സജ്ജമാക്കുന്നത്. ഇതോടെ സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും.

തെലുങ്കാനയില്‍ ഭാരത് ജോഡോ യാത്രക്കിടെ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി രാഹുല്‍ ഗാന്ധി. ‘നമുക്കൊരു മല്‍സരയോട്ടം നടത്താ’മെന്നു കുട്ടികളോടു ചോദിച്ച് ഓടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *