ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത ഊര്‍ജ ശേഷി 217.62 ജിഗാവാട്ടിലെത്തി. 2025 ജനുവരി 20 വരെയുളള കണക്കാണിത്. 2030 ഓടെ രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ ശേഷി 500 ജിഗാവാട്ടില്‍ എത്തിക്കാനുളള തീവ്ര ശ്രമങ്ങളിലാണ് അധികൃതര്‍. സൗരോര്‍ജത്തില്‍ നിന്ന് 24.5 ജിഗാവാട്ടും കാറ്റില്‍ നിന്ന് 3.4 ജിഗാവാട്ടും റെക്കോഡ് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം കൂട്ടിച്ചേര്‍ത്തത്. പുനരുപയോഗ ഊര്‍ജ ശേഷിയില്‍ സൗരോര്‍ജം ആധിപത്യം തുടരുകയാണ്. മൊത്തം സ്ഥാപിത ശേഷിയുടെ 47 ശതമാനമാണ് ഇത്. പിഎം സൂര്യ ഘര്‍ പദ്ധതിക്ക് കീഴില്‍ പത്ത് മാസത്തിനുള്ളില്‍ 7 ലക്ഷം പുരപ്പുറ സോളാര്‍ സിസ്റ്റങ്ങളാണ് സ്ഥാപിച്ചത്. പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ കേരളം. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പുരപ്പുറ സോളാര്‍ ശേഷിയില്‍ 53 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 4.59 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കലുകളാണ് നടന്നത്. കാറ്റില്‍ നിന്നുളള വൈദ്യുതി കാറ്റില്‍ നിന്ന് 3.4 ജിഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം അധികമായി കൂട്ടിച്ചേര്‍ത്തത്. ഗുജറാത്ത് (1,250 മെഗാവാട്ട്), കര്‍ണാടക (1,135 മെഗാവാട്ട്), തമിഴ്നാട് (980 മെഗാവാട്ട്) എന്നീ സംസ്ഥാനങ്ങളാണ് കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത്.