സ്ത്രീകളിലും പുരുഷന്മാരിലും രോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത ഏറെക്കുറെ സമാനമാണെങ്കിലും സ്‌ട്രോക്കിന്റെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ രോഗ സാധ്യത സ്ത്രീകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2023ലെ സ്‌ട്രോക്ക് മരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ 60 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഓരോ വര്‍ഷവും പുരുഷന്മാരെക്കള്‍ 55,000 സ്ത്രീകള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് വിലയിരുത്തുന്നത്. സ്ത്രീകള്‍ക്കിടയിലെ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണവും പുരുഷന്മാര്‍ക്കിടയിലെ മരണത്തിന്റെ അഞ്ചാമത്തെ കാരണവുമായാണ് സ്‌ട്രോക്ക്. പുരുഷന്മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പ്രായമാകുന്തോറും രക്തക്കുഴലുകള്‍ ശോഷിക്കുന്ന അവസ്ഥ സ്ത്രീകളില്‍ സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 85 വയസ്സിന് ശേഷമുള്ള സ്ത്രീകളില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ ഇരട്ടിയാണ്. സ്ത്രീകളില്‍ സംഭവിക്കുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് 75 വയസ്സു കഴിഞ്ഞ സ്ത്രീകളില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുന്നു. സ്‌ട്രോക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. സ്ത്രീകളില്‍ സ്‌ട്രോക്ക് സാധ്യത കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, രക്തസമ്മര്‍ദവും കൊളസ്‌ട്രോളും എപ്പോഴും ക്രമീകരിച്ചു നിര്‍ത്തുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.