കൊച്ചി ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ സംയോജിത ലാഭത്തില്‍ 558 ശതമാനം വളര്‍ച്ച. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 39.33 കോടി രൂപയില്‍ നിന്ന് ലാഭം 258 കോടി രൂപയായി കുതിച്ചുയര്‍ന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 244.37 കോടി രൂപയില്‍ നിന്ന് ലാഭം 5.6 ശതമാനത്തിന്റെ മിതമായ വളര്‍ച്ചയെ നേടിയുള്ളു. ഇക്കാലയളവില്‍ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 671.32 കോടി രൂപയില്‍ നിന്ന് 1,366.16 കോടി രൂപയായി. ഡിസംബര്‍ പാദത്തിലിത് 1,114.11 കോടി രൂപയായിരുന്നു. മൊത്ത വരുമാനത്തില്‍ 985.15 കോടി രൂപയും കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ളതാണ്. 300.89 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണികളില്‍ നിന്നുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,571 കോടി രൂപയില്‍ നിന്ന് 4,140 കോടി രൂപയായി. 61 ശതമാന വര്‍ധനയുണ്ട്. ഇക്കാലയളവില്‍ ലാഭം മുന്‍ വര്‍ഷത്തെ 304.70 കോടി രൂപയില്‍ നിന്ന് 157 ശതമാനം വര്‍ച്ചയോടെ 783.27 കോടി രൂപയായി. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് 2.25 രൂപ നിരക്കില്‍ അന്തിമ ലാഭ വിഹിതത്തിനും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പണമായും പണത്തിന് തുല്യമായ ആസ്തിയായും 3,864 കോടി രൂപ കൈവശമുള്ള കൊച്ചിന്‍ ഷിപ് യാര്‍ഡ് കടമില്ലാത്ത കമ്പനിയായി തുടരുകയാണ്.