പുതിയ ന്യൂക്ലിയര്‍ ബാറ്ററിയുമായി എത്താന്‍ പോവുകയാണ് ചൈനയിലെ ഒരു കമ്പനി. ചൈന ആസ്ഥാനമായുള്ള ‘ബീറ്റാവോള്‍ട്ട് ടെക്നോളജി’ എന്ന കമ്പനിയാണ് 50 വര്‍ഷം വരെ നിലനില്ക്കാന് കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററി വികസിപ്പിക്കുന്നത്. പുതിയൊരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങിച്ചാല്‍, അത് പിന്നീടൊരിക്കലും ചാര്‍ജ് ചെയ്യേണ്ടിവരില്ല എന്ന് ചുരുക്കം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ചെറു ഉപകരണമായ പേസ് മേക്കറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ന്യൂക്ലിയര്‍ ബാറ്ററികളിലും. ബഹിരാകാശ യാത്രകളിലേക്കുള്ള ആവശ്യങ്ങള്‍ക്കും ഇതേ ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോഴുള്ള ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് ഊര്‍ജ്ജ സാന്ദ്രതയുള്ള ആണവോര്‍ജ്ജ ബാറ്ററികളാണ് തങ്ങളുടെ ന്യൂക്ലിയര്‍ ബാറ്ററികളെന്ന് കമ്പനി പറയുന്നു. ന്യൂക്ലിയര്‍ ബാറ്ററികള്‍ക്ക് 1 ഗ്രാം ബാറ്ററിയില്‍ 3,300 മെഗാവാട്ട് മണിക്കൂറുകള്‍ സംഭരിക്കാന്‍ കഴിയും, ബാറ്ററി സൈക്കിളുകള്‍ ഇല്ലാത്തതിനാല്‍ ബാറ്ററി ഡീഗ്രേഡേഷന് എന്ന സംഭവമേ ഇല്ല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വാട്ട് വരെ വൈദ്യുതി ഡെലിവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും നല്ലൊരു വശം എന്ന് പറയുന്നത്, സിസ്റ്റത്തില്‍ നിന്ന് ഒരു റേഡിയേഷനും പുറത്തുവരുന്നില്ല എന്നതാണ്, നിക്കല്‍ ഐസോടോപ്പ് കോപ്പറിലേക്ക് വിഘടിക്കുകയാണ് ചെയ്യുന്നത്, അതായത് ഈ പ്രക്രിയയില്‍ വിഷ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നില്ല.