കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) അവകാശ ഓഹരി പദ്ധതിക്ക് മികച്ച പ്രതികരണം. ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാല്‍ 478.21 കോടി രൂപ സമാഹരിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്. ഭൂരിഭാഗം ഓഹരിയുടമകളും അവകാശ ഓഹരിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍. 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ സംസ്ഥാന സര്‍ക്കാരിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയില്‍ സര്‍ക്കാര്‍ 178.09 കോടി രൂപ മുടക്കി 3.56 കോടി ഓഹരികള്‍ അധികമായി നേടി. ഇതോടെ സര്‍ക്കാരിന്റെ മൊത്തം ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയര്‍ന്നു. നിക്ഷേപകരില്‍ നിന്ന് മൊത്തം 564 കോടി രൂപ സിയാലിന് ലഭിച്ചു. ഇതില്‍ നിയമാനുസൃതമായി സമാഹരിക്കാന്‍ സാധിക്കുന്നത് 478.21 കോടി രൂപയായിരുന്നു. ബാക്കിയുള്ള 86 കോടി രൂപ ഓഹരിയുടമകള്‍ക്ക് തിരികെ നല്‍കി. ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നായി 22,000ല്‍ അധികം പേരാണ് സിയാലിന്റെ നിക്ഷേപകരായുള്ളത്. മൊത്തം ഓഹരികള്‍ 38 കോടി. ഒരു ഓഹരിയുടെ അടിസ്ഥാന മൂല്യം 10 രൂപ.