തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ 23.16 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 15.89 കോടി രൂപയായിരുന്നു ലാഭം. 47.5% വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്ത വരുമാനം 285.26 കോടി രൂപയില്‍ നിന്ന് 327.43 കോടി രൂപയായി. ഇക്കാലയളവില്‍ അറ്റ പലിശ വരുമാനം 116.44 കോടി രൂപയില്‍ നിന്ന് 120.96 കോടി രൂപയായി. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.03 ശതമാനം വര്‍ധനയോടെ 24,127 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 6.04 ശതമാനത്തില്‍ നിന്ന് 5.36 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 2.32 ശതമാനത്തില്‍ നിന്ന് 1.29 ശതമാനമായി. 2023 സെപ്റ്റംബര്‍ വരെയുള്ള കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് അനുപാതം 89.11 ശതമാനമാണ്. പാദാടിസ്ഥാനത്തില്‍ നോക്കിയാല്‍ ലാഭവും വരുമാനവും കുറഞ്ഞു. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ലാഭം 28.30 കോടി രൂപയായിരുന്നു. വരുമാനം 341 കോടി രൂപയും. ജൂണ്‍ പാദത്തെ അപേക്ഷിച്ച് കിട്ടാക്കടവും കൂടുകയാണുണ്ടായത്. ജൂണ്‍ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 5.21 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.09 ശതമാനവുമായിരുന്നു. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 8.39% ശതമാനം വര്‍ധനയോടെ 13,817 കോടി രൂപയായി. കാസാ നിക്ഷേപങ്ങള്‍ സെപ്റ്റംബര്‍ പാദത്തില്‍ 31.06 ശതമാനമായി.