അറസ്റ്റു നിയമങ്ങളില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി. അനിവാര്യ ഘട്ടങ്ങളില്‍ മാത്രം അറസ്റ്റ് എന്ന ചട്ടം വ്യാപകമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി. ജയിലുകളില്‍ മൂന്നില്‍ രണ്ടും വിചാരണ തടവുകാരാണ്. ഇത് ഒഴിവാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നിര്‍ദേശം നല്‍കണം. കുറ്റപത്രം നല്കുന്ന ഘട്ടത്തില്‍ എല്ലാവരെയും അറസ്റ്റു ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക വിഹിതവും അധികാരങ്ങളും വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്നു മാസമായിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി നല്‍കിയില്ല. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസുമായി നജീബ് കാന്തപുരം എംഎല്‍എ. എന്നാല്‍ ഒരു തടസവുമുണ്ടാക്കിയിട്ടില്ലെന്നു മന്ത്രി എം.എന്‍. ഗോവിന്ദന് മറുപടി നല്കി. ശ്രീലങ്കയിലെ പ്രതിഷേധക്കാര്‍ ചെയ്തതുപോലെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം ജനം കയ്യേറുമെന്നും സര്‍ക്കാരിനു പണമില്ലങ്കില്‍ തുറന്നു സമ്മതിക്കണമെന്നും നജീബ് കാന്തപുരം പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ തിരുത്തല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാക്കി പ്രഖ്യാപിച്ച 2019 ലെ മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കാമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയും ചെയ്യും. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തു സംബന്ധിച്ച് വിദേശ കാര്യമന്ത്രി ജയശങ്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയാക്കാനുള്ള പ്രതിപക്ഷ നീക്കം സ്പീക്കര്‍ അനുവദിച്ചില്ല. ചര്‍ച്ചവേണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആവശ്യമാണു തള്ളിയത്. സിബിഐ അന്വേഷണം വേണമെന്നു സതീശന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള കാര്യമായതിനാല്‍ സബ്മിഷന് അനുമതി നല്‍കരുതെന്ന് നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയമാണെന്ന് മാത്യു ടി തോമസും പറഞ്ഞു.
ലോകരാജ്യങ്ങളുടെ കാര്യങ്ങള്‍ നോക്കേണ്ട കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴക്കൂട്ടത്തെ പാലം പണി നോക്കാന്‍ വന്നതിനു പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്ന് പിണറായി വിജയന്. ജയശങ്കര്‍ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണു വന്നതെന്ന പരോക്ഷ വിമര്‍ശനവും മുഖ്യമന്ത്രി നടത്തി. സംസ്ഥാന പെന്‍ഷനേഴ്സ് യൂണിയന് രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ വിമര്‍ശിച്ചത്.
ഞായറാഴ്ച നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കി. 18.72 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നത്. അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയില്‍ 28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ധാരണയായി. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്.
മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. ഫാമിലെ നൂറ്റമ്പതോളം ജീവനക്കാരാണ് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി പശുക്കളെ കറക്കുന്നത് തൊഴിലാളികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. പശുത്തൊഴുത്തിലേതടക്കമുള്ള മാലിന്യങ്ങള്‍ നീക്കുന്നില്ല. മൂവായിരത്തിലേറെ പക്ഷി മൃഗങ്ങളുള്ള ഫാമിലാണ് ജീവനക്കാരുടെ സമരം.
ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വീട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും മൊബൈല്‍ ലാബുള്ള ഏക സംസ്ഥാനം കേരളമാണ്. ഹോട്ടലുകളെ ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ വളപട്ടണം ഐഎസ് കേസില്‍ മൂന്നു പ്രതികളും കുറ്റക്കാര്‍. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്തതതായി കണ്ടെത്തിയത്. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു.കെ.ഹംസ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. പ്രതികള്‍ അഞ്ചു വര്‍ഷമായി ജയിലിലാണ്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതിയും തള്ളി. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദാക്കിയിരുന്നു. വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ ജൂണ്‍ 12 ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
തലശേരിയില്‍ പൊലീസിന്റെ ആക്രമണത്തിന് ഇരയായ ദമ്പതിമാരില്‍ പ്രത്യുഷിന് ജാമ്യം. തലശ്ശേരി മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെ ആക്രമിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തി തലശേരി പൊലീസ് എടുത്ത കേസ് കള്ളക്കേസാണെന്ന് ആരോപണമുണ്ട്. ഈ കേസില്‍ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തത് പ്രതികാര നടപടിയാണെന്ന് ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിനു ജോലി നല്‍കിയതിന്റെ പകവീട്ടലാണ് സെക്രട്ടറി അജി കൃഷ്ണനെതിരായ കള്ളക്കേസ് എന്നാണ് എച്ച്ആര്‍ഡിഎസ് പ്രവര്‍ത്തകരുടെ വിമര്‍ശനം. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് പാലക്കാട് ഷോളയാര്‍ പൊലീസ് അജി കൃഷ്ണനെ അറസ്റ്റു ചെയ്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ മുന്‍ ഡിജിപി ആര് ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍വീസില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ട് ഇതു പറഞ്ഞില്ലെന്ന് കാനം രാജേന്ദ്രന് ചോദിച്ചു. അത്തരം ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. കാനം രാജേന്ദ്രന് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങള്‍ നിരത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. കുസുമം ജോസഫ് നല്കിയ പരാതിയിലാണ് പൊലീസ് നടപടി.
എല്ലാ അന്വേഷണവുമായും താന്‍ സഹകരിക്കുന്നുണ്ടെന്ന് ഷാജ് കിരണ്‍. തന്റെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഗൂഢാലോചന കേസില്‍ നാളെ പാലക്കാട് കോടതിയില്‍ രഹസ്യ മൊഴി നല്‍കും. പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഷാജ് കിരണ്‍ പറഞ്ഞു. സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നടത്തിയ ആരോപണങ്ങളെത്തുടര്‍ന്നാണ് ഇടനിലക്കാരനായി എത്തിയ ഷാജ് കിരണിനെ എന്‍ഫോഴ്സ്മെന്റും പോലീസുമെല്ലാം ചോദ്യം ചെയ്യുന്നത്.
കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസായ രാഷ്ട്ര ഭവനിനു നേരെ ബോംബാക്രമണം. പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമം നടന്നത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല.
സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. നേരത്തെ പൊലീസും ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2020 ല്‍ വിചാരണ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍.
സുഹൃത്തിനെ വെട്ടിപരിക്കേല്പിച്ച് കഴുത്തറുത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി മരിച്ച തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറിന്റെ അച്ഛന് സിറിള്‍ ഡിക്രൂസ്. മകന് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ക്രിസ്റ്റഫര്‍ വളരെ അടുത്ത ചങ്ങാതിയായ സച്ചിനെ വെട്ടിയെന്നു പറയുന്നതും വിശ്വാസ്യയോഗ്യമല്ല. സമഗ്രമായ അന്വേഷണം വേണമെന്ന് സിറിള്‍ ഡിക്രൂസ് ആവശ്യപ്പെട്ടു. എറണാകുളം കലൂരില്‍ നടുറോഡിലാണ് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്.
പാലക്കാട്ടെ മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടിയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ബിജെപി പ്രവര്ത്തകന് ഒളിവില്‍പോയെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
പാലക്കാട് പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ അതീജിവിതയെ കണ്ടെത്താനായില്ല. മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്ന ബാലികയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളുംചേര്ന്നാണു കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. നമ്പര്‍ പ്ലേറ്റ് തുണികൊണ്ട മറച്ച കാറിലാണ് പ്രതികള്‍ എത്തിയത്. ഈ മാസം 16 ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പാലക്കാട് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലെ പീഡന പരാതി സഭയില്‍ ഉന്നയിച്ച് കോങ്ങാട് എം എല്‍എ കെ. ശാന്തകുമാരി. പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പരാതി സഭയില്‍ വായിച്ചു. ഇല്ലാത്ത പരാതിയുടെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയാനുള്ള വേദിയല്ലെന്നും സഭാരേഖകളില്‍നിന്നു നീക്കണമെന്നും പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്. ഇന്നു രാവിലെ എട്ടോടെയാണ് അപകടം. തോണിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര് നീന്തി രക്ഷപ്പെട്ടു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. കൊലപ്പെടുത്തുമെന്നു ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിപ്പെടുത്തുന്നതായാണ് ഫര്സീന് മജീദും നവീന്‍ കുമാറും കണ്ണൂര്‍ എസ്പിക്കു പരാതി നല്‍കിയത്.
എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതിന് ‘സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ’ എന്നു പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ‘കട്ടവര്‍ക്ക് പിടിച്ച് നില്‍ക്കാനറിയാം എന്ന് നമുക്കറിയാ’മെന്നും ജയരാജന് അഭിപ്രായപ്പെട്ടു.
പാലായില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ വനിത കായിക താരത്തോടു മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തില്‍, പ്രകാശന് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവര്‍ക്കുമെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വനത്തില്‍ അതിക്രമിച്ചു കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വനിതാ വീഡിയോ വ്ളോഗര്‍ അമല അനുവിനെ അറസ്റ്റു ചെയ്യാന്‍ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അമല അനു ഹാജരാകാതെ ഒളിവിലാണ്. വനംവകുപ്പു നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ (പുനലൂര്‍ വനം കോടതി) റിപ്പോര്‍ട്ട് നല്കി.
സീതത്തോട് ആങ്ങാമുഴിയില്നിന്ന് കാണാതായ പെണ്‍കുട്ടിയെ ബസ് ഡ്രൈവര്‍ക്കൊപ്പം പൊലീസ് കണ്ടെത്തി. പേരുനാട് സ്വദേശി ഷിബിന്‍ എന്ന 33 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വിവാഹിതനാണ്.
വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വൈത്തിരിയിലെ തൈലക്കുന്നില്‍ വീടു തകര്‍ത്ത് അകത്തു കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണു പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയായായിരുന്നു സംഭവം.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചേക്കും. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് സൂചന നല്കി. അന്തിമ തീരുമാനം ഉദ്ദവ് താക്കറെ പ്രഖ്യാപിക്കുമെന്നു റാവത്ത് പറഞ്ഞു. ശിവസേന എംപിമാര്‍ കൂട്ടത്തോടെ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റം.
കോണ്‍ഗ്രസ് ഭാരവാഹി യോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍. ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും, പോഷക സംഘടനാ ഭാരവാഹികളും യോഗത്തിനെത്തും. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും മറ്റു സംഘടന വിഷയങ്ങളും ചര്‍ച്ചയാകും.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനെതിരെ തമിഴ്നാട് പൊലീസില്‍ പരാതി. റോയാപേട്ടയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് എതിര് വിഭാഗം പരാതി നല്‍കിയത്. പനീര്‍ശെല്‍വത്തിന്റെ വിശ്വസ്തരായ ആര്. വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യന്, ജെ.സി.ടി.പ്രഭാകരന് എന്നിവരേയും പ്രതിചേര്‍ത്താണു പരാതി നല്‍കിയത്.
ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ജൂലൈ 19 വരെ നീട്ടി. സ്ഥിരം ജാമ്യം നല്‍കണമെന്ന വരവരറാവുവിന്റെ ഹര്‍ജി കോടതി അന്നു പരിഗണിക്കും. എന്‍ഐഎക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്റ്റംബര്‍ ഏഴു വരെ സുപ്രീംകോടതി നീട്ടി. സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നീട്ടിയത്. ഡല്‍ഹിയിലും ലഖീംപൂരിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനാല്‍ സുബൈറിന് പുറത്തിറങ്ങാനായിട്ടില്ല.
മധ്യപ്രദേശിലെ ഷിയോപൂരില്‍ 10 വയസുകാരനെ മുതല വിഴുങ്ങി. ചമ്പല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോയെന്നു നാട്ടുകാര്‍ പറഞ്ഞു. ഉടനേ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി. നദിയില്‍നിന്ന് വലിച്ച് കരയക്കു കയറ്റിയ മുതലയെക്കൊണ്ടു കുട്ടിയെ ഛര്ദിപ്പിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍. ഈ മുതലതന്നെയാണോ വിഴുങ്ങിയതെന്ന് ഉറപ്പില്ലെന്നു പറഞ്ഞ് പോലീസ് ഇടപെട്ട് മുതലയെ വിട്ടയച്ചു.
ഗോവയില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാവാതെ കോണ്‍ഗ്രസ്. രാത്രി വൈകി ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലും മൈക്കള്‍ ലോബോയ്ക്കു പകരക്കാരനെ കണ്ടെത്താനായില്ല. അയോഗ്യനാക്കാനുള്ള നടപടി തുടങ്ങിയതോടെ അനുനയ നീക്കങ്ങളുമായി മൈക്കള്‍ ലോബോ രംഗത്തുണ്ട്.
ബിഹാറില്‍ മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട അമ്മയും മുത്തശ്ശിയും പിടിയില്‍. കോപാ മര്‍ഹ നദിക്കരികിലെ സെമിത്തേരിയിലാണ് ലാലി എന്നു പേരുള്ള കുഞ്ഞിനെ കുഴിച്ചിട്ടത്. സെമിത്തേരി സന്ദര്‍ശിച്ച സ്ത്രീകള്‍ മണ്ണ് അനങ്ങുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടതു കണ്ടെത്തിയത്. അമ്മ രേഖാദേവിയും അമ്മയുടെ അമ്മയും ചേര്‍ന്നാണ് തന്റെ വായില്‍ മണ്ണു തിരുകി കുഴിച്ചിട്ടതെന്നു കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. അച്ഛന് രാജുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആവേശം അടങ്ങുംമുമ്പ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇന്ന് കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതലാണ് മത്സരം.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവില ഇടിയുന്നത്. ഒരു പവന് സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ശനിയാഴ്ച 10 രൂപയായിരുന്നു ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4680 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് ഉയര്‍ന്നത്. ഒന്‍പതാം തിയതി 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. വിനിമയനിരക്ക് 79.58ലേക്ക് താഴ്ന്നതോടെ, രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തി. ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ പ്രധാനമായി ബാധിക്കുന്നത്. 13 പൈസയുടെ തകര്‍ച്ചയോടെയാണ് ഇന്ന് രൂപയുടെ വിനിമയം ആരംഭിച്ചത്. ഇന്നലെ 79 രൂപ 43 പൈസ എന്ന നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് 13 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ വീണ്ടും മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് തിരുത്തിയത്. 79 രൂപ 58 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളറിന്റെ വില 79 രൂപ 58 പൈസയായി ഉയര്‍ന്നു.
അനശ്വര രാജന് നായികയാകുന്ന ചിത്രമാണ് ‘മൈക്ക്’. വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ‘മൈക്കി’നുണ്ട്. ഓഗസ്റ്റ് 19ന് ആണ് ചിത്രം റിലീസാകുക. ജോണ്‍ എബ്രഹാം തന്നെയാണ് റിലീസ് വാര്‍ത്ത സാമൂഹ്യ മാധമ്യങ്ങളിലൂടെ പുറത്തുവിട്ടത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിറാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയന്‍കുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 22ന് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എ ആര് റഹ്മാന് ആണ് സംഗീത സംവിധാനം. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ‘ചോലപെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ ആര് റഹ്മാന് വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രജിഷ വിജയന് നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലാന്‍ഡ് റോവര്‍ ഔദ്യോഗികമായി 2022 റേഞ്ച് റോവറിന്റെ ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ചു. ഈ വര്‍ഷം മെയ് മാസത്തില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച മോഡല്‍ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും രണ്ട് ബോഡി ശൈലികളിലുമായി നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ റേഞ്ച് റോവറിന്റെ ഉപഭോക്താക്കള്‍ക്ക് എസ്ഇ, എച്ച്എസ്ഇ, ഓട്ടോബയോഗ്രാഫി, ഫസ്റ്റ് എഡിഷന് എന്നിവ ഉള്‍പ്പെടെ നാല് വേരിയന്റുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ്, എല്‍ഡബ്ല്യുബി എന്നിവയുള്‍പ്പെടെ രണ്ട് ബോഡി സ്റ്റൈലുകളും ഓഫറിലുണ്ട്, അതേസമയം സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ നാല് സീറ്റ്, അഞ്ച് സീറ്റ്, ഏഴ് സീറ്റ് പതിപ്പുകള്‍ ഉള്‍പ്പെടും.
മലയാളത്തില്‍ പഞ്ചാംഗം അച്ചടിച്ചിറക്കി തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടോളമായെങ്കിലും എല്ലാ തരക്കാര്‍ക്കും വായിച്ചു മനസ്സിലാക്കാനുതകുന്ന വിധത്തില്‍ ഏറ്റവും ലളിതമായ വലിയ പഞ്ചാംഗം എച്ച്&സി ബുക്സ് മലയാളികള്‍ക്കായി ഈ വര്‍ഷവും പ്രസിദ്ധീകരിക്കുകയാണ്. ഒരു വലിയ പഞ്ചാംഗത്തിലുണ്ടായിരിക്കണമെന്ന് ഉദ്ദേശിക്കുന്ന എല്ലാ വിഷയങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ 2022-2023 നക്ഷത്രഫലവും 1198-ാം മാണ്ടിലെ വര്‍ഷഫലവും മാസഫലവും, ഏതൊരാളുടെയും ജനനം മുതല്‍ ഇന്നുവരെയുള്ളതും ജീവിതത്തില്‍ ഇനി വരാന്‍ പോകുന്നതുമായ ദശാകാലങ്ങളും അതിന്റെ ഫലങ്ങളും ചേര്‍ത്തിട്ടുണ്ട്. ജ്യോത്സന് വരന്തരപ്പിള്ളി ചന്ദ്രന്‍കുറുപ്പ്. എച്ച് & സി ബുക്സ്. വില 100 രൂപ.
പ്രായമായവരിലെ ഹൈപോതൈറോയ്ഡിസവും മറവിരോഗ സാധ്യതയുമായി ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തായ് വാനില്‍ പുതുതായി മറവിരോഗം അഥവാ ഡിമന്‍ഷ്യ സ്ഥിരീകരിച്ച 7843 പേരിലാണ് ഗവേഷണം നടത്തിയത്. ഇവരുടെ പൂര്‍വരോഗ ചരിത്രം മറവിരോഗം ബാധിക്കാത്ത 7843 പേരുമായി താരതമ്യം ചെയ്തു. ഇവരുടെ ശരാശരി പ്രായം 75 ആയിരുന്നു. 15,686 പേരില്‍ 102 പേര്‍ക്ക് ഹൈപോതൈറോയ്ഡിസവും 133 പേര്‍ക്ക് ഹൈപ്പര്‍തൈറോയ്ഡിസവും ഉണ്ടായിരുന്നു. മറവിരോഗം ബാധിച്ചവരില്‍ 68 പേര്‍ക്ക് (0.9 %) ഹൈപോതൈറോയ്ഡിസം ഉണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ മറവിരോഗം ബാധിക്കാത്തവരില്‍ 34 പേര്‍ക്കാണ്(0.4 %) ഹൈപോതൈറോയ്ഡിസം നിരീക്ഷിച്ചത്. ഹൈപോതൈറോയ്ഡിസം ബാധിച്ച 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അതേ പ്രായത്തിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് ഇതില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി. പ്രായം, ലിംഗപദവി, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി മറവിരോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍ ഒഴിച്ച് നിര്‍ത്തി കഴിഞ്ഞാണ് ഇത്. എന്നാല്‍ 65 വയസ്സില്‍ താഴെയുള്ള ഹൈപോതൈറോയ്ഡിസം രോഗികള്‍ക്ക് മറവിരോഗ സാധ്യതയില്ലെന്നും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈപോതൈറോയ്ഡിസത്തിന് പുറമേ പ്രമേഹരോഗവും മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ടൈപ്പ് 2 പ്രമേഹം പാര്‍ക്കിന്‍സണ്‍സ് സാധ്യത 21 ശതമാനം വര്‍ധിപ്പിക്കുന്നതായി 2021ല്‍ മൂവ്മെന്റ് ഡിസോഡേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.61, പൗണ്ട് – 94.16, യൂറോ – 79.68, സ്വിസ് ഫ്രാങ്ക് – 80.93, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.49, ബഹറിന്‍ ദിനാര്‍ – 211.18, കുവൈത്ത് ദിനാര്‍ -258.34, ഒമാനി റിയാല്‍ – 206.78, സൗദി റിയാല്‍ – 21.22, യു.എ.ഇ ദിര്‍ഹം – 21.67, ഖത്തര്‍ റിയാല്‍ – 21.87, കനേഡിയന്‍ ഡോളര്‍ – 61.04.